3 December 2024, Tuesday
KSFE Galaxy Chits Banner 2

ആശയക്കുഴപ്പങ്ങള്‍ക്കു വഴിവച്ച അന്വേഷണ റിപ്പോര്‍ട്ട്

Janayugom Webdesk
September 24, 2024 5:00 am

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തെപ്പറ്റി എഡിജിപി സര്‍ക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവരാനിരിക്കുന്നതേയുള്ളു. അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസം പിന്നിട്ടിട്ടും റിപ്പോർട്ട് സമർപ്പിക്കാതിരുന്നത് വിവാദമാവുകയും അങ്ങനെ ഒരന്വേഷണമേ നടന്നിട്ടില്ലെന്ന് പൊലീസിൽനിന്നും വിവരാവകാശരേഖയ്ക്ക് മറുപടി നൽകുകയും തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സസ്പെൻഷനിലാകുകയും ചെയ്ത നാടകങ്ങൾക്ക് വിരാമമിട്ടാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി നൽകിയ അന്തിമ സമയപരിധിയാണ്, ഇപ്പോഴെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ വഴിയൊരുക്കിയതെന്ന് വ്യക്തം. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടുംവരെ പ്രസക്തമാണ്. അഭൂതപൂർവമായ ഈ കാലതാമസത്തിന്റെ കാര്യകാരണങ്ങൾ സ്വാഭാവികമായും റിപ്പോർട്ടിന്റെ ആമുഖത്തിൽ ഉണ്ടാവുമെന്നേ ഇപ്പോൾ പ്രതീക്ഷിക്കാനാവൂ. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി മാധ്യമങ്ങൾ ഇതിനകം പുറത്തുകൊണ്ടുവന്ന വിവരങ്ങൾ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം ജനിപ്പിക്കുന്നു. പൂരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പൊലീസ് അധികാരശ്രേണിയിൽ താരതമ്യേന ഇളമുറക്കാരനായ കമ്മിഷണറും പൂരം നടത്തിപ്പുകാരായ ദേവസ്വങ്ങളുമാണെന്ന ധാരണയാണ് റിപ്പോർട്ട് നൽകുന്നതെന്നാണ് മാധ്യമവാർത്തകൾ നൽകുന്ന സൂചന. വാർത്തകൾ ശരിയാണെങ്കിൽ എഡിജിപിയുടെ റിപ്പോർട്ട് വസ്തുതകളെ പൂർണമായി പുറത്തുകൊണ്ടുവരാൻ വിസമ്മതിക്കുന്നതായി വേണം കരുതാൻ. 

പൂരം അലങ്കോലപ്പെടുത്തുന്നതിൽ എഡിജിപി എം ആർ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തിൽ ശക്തമാണ്. ആ സംശയത്തിന് ശക്തിപകരുന്ന പല വസ്തുതകളും പൊതുമണ്ഡലത്തിൽ ലഭ്യവുമാണ്. തൃശൂർ പൂരം പോലെ ലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു ഉത്സവത്തിന്റെ ക്രമസമാധാന, സുരക്ഷാ ചുമതല പൂർണമായും താരതമ്യേന ജൂനിയറായ ഒരു ഉദ്യോഗസ്ഥനിൽ മാത്രം നിക്ഷിപ്തമായിരുന്നുവെന്ന് കരുതാനാവില്ല. അധികാരശ്രേണിയിൽ കമ്മിഷണർക്കു മേലെയുള്ള എഡിജിപിയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂരദിവസങ്ങളിൽ തൃശൂരിൽ ഉണ്ടായിരുന്നുവെന്നാണ് അഭിജ്ഞവൃത്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. പൂരത്തലേന്ന് ക്രമസമാധാന, സുരക്ഷാ വിഷയങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ എഡിജിപി, ഡിഐജി, കമ്മിഷണർ, എസിപിമാർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ക്രമസമാധാന ചുമതലയുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലും മുൻ മധ്യമേഖലാ ഐജി എന്ന നിലയിലുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലും യോഗനടപടികൾ നിയന്ത്രിക്കുന്നതിലും നിർദേശങ്ങൾ നൽകുന്നതിലും അജിത്കുമാർ നിർണായക പങ്ക് വഹിച്ചിരുന്നതായാണ് മനസിലാകുന്നത്. മാത്രമല്ല, എഡിജിപി സ്ട്രൈക് ഫോഴ്സ് എന്ന ഹാൻഡ് ബാൻഡ് ധരിച്ച ഒരുസംഘം പൊലീസുകാർ പൂരപ്പറമ്പിൽ സന്നിഹിതരായിരുന്നു. പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി നഗരത്തിൽത്തന്നെയുള്ള പൊലീസ് അക്കാദമിയിൽ ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ സംഭവവികാസങ്ങളിൽ ഇടപെട്ടിരുന്നില്ലെന്ന വസ്തുത ദുരൂഹമാണ്. ഈ പശ്ചാത്തലമാണ് പൂരം അലങ്കോലമായതിന്റെ ഉത്തരവാദിത്തം മുഴുവൻ കമ്മിഷണറിൽ മാത്രമായി കേന്ദ്രീകരിക്കുന്നതിലെ അസ്വാഭാവികത സംശയകരമാക്കുന്നത്. അന്വേഷണഘട്ടത്തിൽ എഡിജിപി, മൊഴി നല്‍കാനെത്തിയവരോട്, കമ്മിഷണറോ ഡിഐജിയോ ഐജിയോ തീരുമാനിക്കേണ്ട വിഷയമായതുകൊണ്ടാണ് താൻ ഇടപെടാതിരുന്നതെന്നും ജില്ലാ കളക്ടർക്കും ഇടപെടാമായിരുന്നല്ലോ എന്ന് സൂചിപ്പിച്ചതായും വിവരമുണ്ട്. പൂരം അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്തം കമ്മിഷണറിലും ദേവസ്വങ്ങളിലും മാത്രമായി ഒതുക്കുകയും തുടർനടപടികളെപ്പറ്റി റിപ്പോർട്ട് നിശബ്ദത പാലിക്കുന്നതായി മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുകയും ചെയ്യുമ്പോൾ അന്വേഷണത്തിന്റെ ഉദ്ദേശശുദ്ധിയാണ് ചോദ്യംചെയ്യപ്പെടുന്നത്. 

പൂരം അലങ്കോലപ്പെട്ടതിനെത്തുടർന്ന് സ്ഥലത്തെത്താൻ ശ്രമിച്ച റവന്യുമന്ത്രിയടക്കം ജനപ്രതിനിധികളുടെ യാത്ര തടസപ്പെട്ടപ്പോഴും എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപിയും സംഘ്പരിവാർ നേതാക്കളും സേവാഭാരതിയുടെ ആംബുലൻസിലും മറ്റുമായി രംഗത്തെത്തി ചർച്ചകൾ ആരംഭിച്ചുവെന്നത് സംഭവം ആസൂത്രിത അജണ്ടയുടെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനപാദത്തിൽ നടന്ന പൂരംകലക്കൽ, തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ വിജയം ഉറപ്പാക്കാൻ ആസൂത്രിതമായി നടന്ന അട്ടിമറി പ്രവർത്തനമാണെന്നാണ് പൊതുജന വികാരം. ആ വിശ്വാസം തെറ്റാണെങ്കിൽ യുക്തിഭദ്രമായി അത് തിരുത്താൻ ഉതകുന്ന അന്വേഷണവും അതിന്റെ റിപ്പോർട്ടുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ഇന്ന് ഓഫിസിലെത്തി റിപ്പോർട്ട് പരിശോധിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. പൂരം അലങ്കോലപ്പെട്ടതും മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അസാധാരണമായി വൈകിയതും അന്വേഷണമേ നടന്നിട്ടില്ലെന്ന പൊലീസ് ഭാഷ്യവും ഒട്ടേറെ ഊഹാപോഹങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവച്ചു. റിപ്പോർട്ട് പുറത്തുവരുന്നതോടെ വസ്തുതകൾക്ക് വ്യക്തതയും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള തുടർനടപടികൾ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.