23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 2, 2024
October 31, 2024

പൊതു തെരഞ്ഞെടുപ്പുകളില്‍ ഇസ്രയേലി ഹാക്കിങ് സംഘത്തിന്റെ ഇടപെടല്‍

Janayugom Webdesk
പാരിസ്
February 15, 2023 11:03 pm

ഇന്ത്യയടക്കം ലോകരാജ്യങ്ങളിലെ പൊതു തെരഞ്ഞെടുപ്പുകളില്‍ ഇസ്രയേലി ഹാക്കിങ് സംഘത്തിന്റെ ഇടപെടല്‍ നടന്നതായി വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമായ ഫോർബിഡൻ സ്റ്റോറീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇന്ത്യയടക്കമുള്ള 33 രാജ്യങ്ങളിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ക്യാമ്പയ്നുകളിലെ രഹസ്യ സംഘത്തിന്റെ പങ്ക് തെളിഞ്ഞത്. ടീം ജോര്‍ജ് എന്ന പേരില്‍ മുൻ ഇസ്രായേലി പ്രത്യേക സേനാ പ്രവർത്തകനായ താൽ ഹനാനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നില്‍. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെ രജിസ്ട്രേഷനുള്ള ഡെമോമാൻ ഇന്റർനാഷണലാണ് ടീം ജോര്‍ജിന്റെ മാതൃകമ്പനി. സമൂഹമാധ്യമങ്ങള്‍ ഹാക്ക് ചെയ്ത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് പ്രാഥമിക രീതി. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ടീം ജോര്‍ജ് ഹാക്കിങ് തന്ത്രം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് തെരഞ്ഞെടുപ്പില്‍ ടീം ജോര്‍ജ് ഇടപെടുന്നത്.

സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ശേഖരിച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ബോട്ട് മാനേജ്മെന്റ് സോഫ്റ്റ്‍വേര്‍ വഴി വ്യാജ പ്രൊഫെെലുകള്‍ സൃഷ്ടിക്കുന്നത്. എയിംസ് എന്ന സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചിട്ടുള്ള ബോട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചതില്‍ യുകെ, യുഎസ്, കാനഡ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മെക്സിക്കോ, സെനഗൽ, ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ 20 ഓളം രാജ്യങ്ങളിലെ സമൂഹമാധ്യമ ക്യാമ്പയ‍ിനുകള്‍ക്ക് ഇവ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ ആഫ്രിക്കയിലെ ഒരു തെരഞ്ഞെടുപ്പിലാണ് ടീം ജോര്‍ജ് പ്രവര്‍ത്തിക്കുന്നത്. ഗ്രീസിലും യുഎഇയിലും ഓരോ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 33 പ്രസി‍ഡന്റഷ്യല്‍ തല ക്യാമ്പ‌യ‌ിനുകള്‍ നടത്തിയതില്‍ 27 എണ്ണം വിജയിച്ചു.

യുഎസിലെ രണ്ട് പ്രധാന പദ്ധതികളില്‍ പങ്കാളിയായിരുന്നുവെന്നും എന്നാല്‍ യുഎസ് രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്നില്ലെന്നുമാണ് ഹനാനിന്റെ വാദം. ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഉള്‍പ്പെടെ വിവിധ രീതികളിലാണ് പ്രതിഫലം സ്വീകരിക്കുക. ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആറ് മില്യണ്‍ മുതല്‍ 15 മില്യണ്‍ യൂറോ വരെയാണ് ഈടാക്കുന്നത്. 2015 ല്‍ നെെജീരിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി ഹനാന്‍ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തുന്നതിനായുള്ള ടീം ജോര്‍ജിന്റെ രീതികളും സാങ്കേതിക വിദ്യകളും ടെക് ഭീമന്മാര്‍ക്ക് പുതിയ വെല്ലുവിളികളുയര്‍ത്തുന്നുണ്ട്. പെഗാസസ് ചാര സോഫ്റ്റ്‍വേര്‍ വില്പന സംബന്ധിച്ച് സമീപവര്‍ഷങ്ങളില്‍ വിമര്‍ശനത്തിന് വിധേയരായ ഇസ്രയേലിന് പുതിയ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

ആയുധമായി എയിംസ്; 30,000 വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിക്കാം 

അഡ്വാൻസ്‌ഡ് ഇംപാക്റ്റ് മീഡിയ സൊല്യൂഷൻസ് (എയിംസ്) എന്ന സങ്കീർണ സോഫ്റ്റ്‍വേര്‍ പാക്കേജാണ് ടീം ജോര്‍ജിന്റെ പ്രധാന സേവനങ്ങളിലൊന്ന്. ട്വിറ്റര്‍, ഫേസ്ബുക്ക്, ടെലഗ്രാം, ഇ മെയില്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയില്‍ 30,000 ത്തോളം വ്യാജ പ്രൊഫെെലുകളുടെ പ്രവര്‍ത്തനം എയിംസിലൂടെ നിയന്ത്രിക്കാം. ഈ വ്യാജ പ്രൊഫെെലുകള്‍ വഴി എതിരാളികളുടെ പ്രചാരണങ്ങളെ തടസപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യും. ബഹുജന സന്ദേശങ്ങളും പ്രചാരണവും നടത്തുന്നതിന് 5,000 ഇന്റര്‍നെറ്റ് ബോട്ടുകൾ വരെ സൃഷ്ടിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന സംവിധാനം 17 തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചതായി ഹനാൻ പറയുന്നു. ഈ സെമി ഓട്ടോ അവതാര്‍ ക്രിയേഷന്‍ ആന്റ് നെറ്റ്‍വര്‍ക്ക് വിന്യാസ സംവിധാനം ഏത് ഭാഷയിലും ഉപയോഗിക്കാം.

Eng­lish Sum­ma­ry: The Israeli Hack­ers Who Tried to Steal Kenya’s Election
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.