
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായാണ് ഹണി എം വര്‍ഗീസിനെ നിയമിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്തിയതും വിധി പറഞ്ഞതും ഹണി എം വര്‍ഗീസിന്റെ കോടതിയായിരുന്നു. കേരള ഹൈക്കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്. ഹണി എം വര്‍ഗീസിനു പകരം ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന കെ കെ ബാലകൃഷ്ണനെ എറണാകുളത്തും ഇതേ പദവിയില്‍ നിയമിച്ചു.
തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന പി എസ് ശശികുമാറിനെ തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായും നിയമിച്ചിട്ടുണ്ട്. 2019ലാണ് അന്ന് സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിക്കുന്നത്. വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നീട് ഹണി എം വര്‍ഗീസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ആയപ്പോഴും കേസിന്റെ വിചാരണ ഈ കോടതിയിലേക്ക് മാറ്റി.
വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ 2025 ഡിസംബര്‍ എട്ടിന് കേസില്‍ വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് ഇടപെട്ട ഒന്നു മുതല്‍ ആറു വരെ പ്രതികളെ 20 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചപ്പോള്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ് അടക്കം നാലു പേരെ വെറുതേ വിടുകയും ചെയ്തു. സാധാരണ മൂന്നു വര്‍ഷത്തിലൊരിക്കല്‍ ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാകാറുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടുപോയതിനാല്‍ ഹണി എം വര്‍ഗീസിന് സ്ഥലം മാറ്റം ഉണ്ടായിരുന്നില്ല. കേസില്‍ വിധി പറഞ്ഞതിനു ശേഷം സ്ഥലംമാറ്റം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രണ്ടു മാസം കൂടി കഴിഞ്ഞാണ് അവരെ സ്ഥലം മാറ്റുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.