
കാർത്തികപ്പളളി-കായംകുളം റോഡിന് വാഹനങ്ങളെയും യത്രക്കാരെയും ഉൾക്കൊളളാനാകുന്നില്ല. മതിയായ വീതിയില്ലാത്തതു മൂലമുണ്ടാകുന്ന തിരക്കും ഗതാഗതക്കുരുക്കും കാരണം യാത്രക്കാരും നാട്ടുകാരുമെല്ലാം കഷ്ടപ്പെടുകയാണ്. ദേശീയപാതയ്ക്ക് സമാന്തരമായി ഡാണാപ്പടിയിൽ നിന്നും കായംകുളം ഒഎൻകെ ജങ്ഷനിൽ എത്തുന്ന റോഡാണിത്. തീരദേശത്തെ ജനസാന്ദ്രതയേറിയ പ്രദേശവുമാണിവിടം. അതിനാൽ, മണിക്കൂറിൽ നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി പോകുന്നത്. ദേശീയപാതയൊഴിവാക്കിയും വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഓച്ചിറ, അമൃതപുരി ഭാഗങ്ങളിൽ നിന്നു ദേവികുളങ്ങര കൂട്ടുവാതുക്കൽ കടവ് പാലം വഴി വരുന്ന വാഹനങ്ങൾ പുല്ലുകുളങ്ങരയിലെത്തി ഈ റോഡിലൂടയാണ് ഹരിപ്പാട് ഭാഗത്തേക്ക് പോകുന്നത്.
കൂടാതെ, ആറാട്ടുപുഴ കൊച്ചിയുടെ ജെട്ടി പാലം വഴി വരുന്ന വാഹനങ്ങളും പുല്ലുകുളങ്ങരയിലെത്തി കായംകുളം, ഹരിപ്പാട് ഭാഗത്തേക്ക് പോകുന്നതും ഇതുവഴിയാണ്. കാർത്തികപ്പളളി മുതൽ കായംകുളം വരെ 15 കിലോമീറ്ററോളം ദൂരമുണ്ട്. എട്ടുമീറ്റർ വീതിയുളള റോഡാണെന്ന് പറയുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഏഴു മീറ്ററിൽ താഴെ മാത്രമേ ടാറിങ്ങുളളൂ. മുതുകുളം വടക്കൻ മേഖലയിലും ചിങ്ങോലിയിലും റോഡിന് തീരെ വീതിയില്ല. പുതിയവിള മരയ്ക്കാലേത്ത് മുക്ക് ഭാഗത്തും വീതിക്കുറവാണ്. ഇവിടെ അപകടവളവുമുണ്ട്. റോഡിന് ഇരുവശങ്ങളിലും നൂറുകണക്കിന് കടകളും സ്ഥാപനങ്ങളുമാണുളളത്. നഗരത്തിന്റെ തുടർച്ചയെന്നോണം ചെറിയ മുക്കുകളിൽപ്പോലും കടകളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. ഇവിടങ്ങളിലേക്ക് വരുന്നവർ മിക്കപ്പോഴും പാതയോരത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വീതിക്കുറവിനൊപ്പം ഇതുകൂടിയാകുമ്പോൾ ഗതാഗത തടസ്സം ഒഴിയുകയേയില്ല. ചിലയിടങ്ങളിൽ വഴിയോര കച്ചവടക്കാരും റോഡിനോടു ചേർന്ന് ഓട്ടോ സ്റ്റാൻഡുമുണ്ട്.
ഇതും ബുദ്ധിമുട്ടിനു കാരണമാകുന്നുണ്ട്. പാതയ്ക്കടുത്തായി നാലു ഹയർ സെക്കൻഡറി സ്കൂളുകളും കോളേജുകളുമടക്കം ഒട്ടേറെ വിദ്യഭ്യാസ സ്ഥാപനങ്ങളുമുണ്ട്. രാവിലെയും വൈകുന്നേരം നാലു മുതൽ എട്ടരവരെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിർത്തിയും ഇഴഞ്ഞിഴഞ്ഞും മാത്രമേ വാഹനങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.