
ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയത്തിന്റെ പുനരാരംഭം ജപ്പാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രവര്‍ത്തനം പുനരാരംഭിക്കുന്ന പ്രക്രിയ ആരംഭിച്ച മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. 2011ലെ ഫുകുഷിമ ദുരന്തത്തെത്തുടർന്ന് അടച്ചിട്ടിരുന്ന നിഗറ്റ പ്രവിശ്യയിലെ കാഷിവാസാക്കി-കരിവ പ്ലാന്റിലെ റിയാക്ടര്‍ പുനരാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബുധനാഴ്ചയാണ് ആരംഭിച്ചത്.
റിയാക്ടർ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്കിടെ മോണിറ്ററിങ് സംവിധാനത്തില്‍ അലാറം മുഴങ്ങിയതോടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി (ടെപ്കോ) വക്താവ് തകാഷി കൊബയാഷി പറഞ്ഞു. എന്നാല്‍ റിയാക്ടര്‍ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ സംഭവത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
പ്രവർത്തനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്ന് പറയാൻ കഴിയില്ലെന്നും കൊബയാക്ഷി വ്യക്തമാക്കി. ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പുനരാരംഭം പ്രക്രിയ റിയാക്ടർ അലാറവുമായി ബന്ധപ്പെട്ട സൈങ്കേതിക പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയമാണ് കാശിവാസാക്കി-കരിവ. നിലയിത്തിലെ ഏഴ് റിയാക്ടറുകളില്‍ ഒരെണ്ണമാണ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനും കൃത്രിമബുദ്ധിയിൽ നിന്ന് വർദ്ധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായാണ് ജപ്പാന്‍ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. 2011 ന് ശേഷം പുനരാരംഭിക്കുന്ന ടെപ്കോയുടെ ആദ്യത്തെ യൂണിറ്റാണ് കാഷിവാസാക്കി-കരിവ. ഭൂകമ്പത്തില്‍ തകർന്ന ഫുകുഷിമ ഡൈച്ചി പ്ലാന്റും കമ്പനിയാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.