22 January 2026, Thursday

Related news

January 14, 2026
January 10, 2026
January 2, 2026
December 30, 2025
December 21, 2025
December 4, 2025
November 30, 2025
November 29, 2025
November 25, 2025
November 2, 2025

ദ കേരള സ്റ്റോറി കെട്ടുകഥ; ബംഗാളിലെ വിലക്ക് നീക്കി

Janayugom Webdesk
ന്യൂഡല്‍ഹി
May 18, 2023 7:00 pm

ദ കേരള സ്റ്റോറി സിനിമ സാങ്കല്പിക കഥയാണെന്നും 32,000 സ്ത്രീകൾ ഇസ്ലാമിലേക്ക് മതം മാറി എന്ന് ഉറപ്പാക്കുന്ന ആധികാരിക വിവരമില്ലെന്നും വ്യക്തമാക്കുന്ന അറിയിപ്പ് സിനിമയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് നിര്‍ദേശം. അതേസമയം കേരളത്തില്‍ നിന്ന് 32,000 പേര്‍ മതംമാറി ഐഎസിലേക്ക് പോയെന്നതിന് ആധികാരിക രേഖകള്‍ ഇല്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കോടതിയില്‍ സമ്മതിച്ചു. മുസ്ലിം വിരുദ്ധ നിലപാടുകളും കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിലായ ഹിന്ദി ചിത്രമാണ് ദ കേരള സ്റ്റോറി. 

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. സിനിമയ്ക്ക് നേരിട്ടോ അല്ലാതെയോ നിരോധനം ഏർപ്പെടുത്തരുതെന്നും സിനിമ പ്രദർശിപ്പിക്കാൻ തീയേറ്റുകള്‍ക്ക് മതിയായ സുരക്ഷയൊരുക്കണമെന്നും തമിഴ‌്നാടിനോട് കോടതി നിർദേശിച്ചു. സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹർജിയും ബംഗാളിലും തമിഴ്‌നാട്ടിലും ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയതിനെതിരെയുള്ള ഹർജിയും. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജികളിൽ വേനലവധിക്കുശേഷം വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പേ ട്രെയിലറിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ യുട്യൂബ് വിവരണത്തിലെ 32,000 സ്ത്രീകളെ മതംമാറ്റിയെന്ന പരാമര്‍ശം മൂന്നുപേരെ എന്നാക്കി മാറ്റിയിരുന്നു. ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ കേരളത്തിലടക്കം കാണികളില്ലാതെ പല തിയേറ്ററുകളിലും റദ്ദാക്കി. സിനിമയില്‍ വിദ്വേഷ പരാമർശമുണ്ടെന്നും സാമുദായിക ഐക്യം തകർക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പശ്ചിമ ബംഗാൾ സർക്കാർ നിരോധനമേർപ്പെടുത്തിയത്. കല പ്രകോപനപരമായേക്കാമെന്നും ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് സാല്‍വെ വാദിച്ചു. പൊതുജനങ്ങളുടെ സ്വീകാര്യതക്കുറവിനെത്തുടര്‍ന്ന് തമി‌‌‌ഴ‌്നാട്ടില്‍ തീയേറ്റർ ഉടമകള്‍ സ്വമേധയാ സിനിമയുടെ പ്രദർശനം പിൻവലിക്കുകയായിരുന്നു. 

Eng­lish Summary;The Ker­ala Sto­ry Fic­tion; Ban lift­ed in Bengal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.