22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
December 13, 2024
December 12, 2024
December 10, 2024
December 8, 2024
December 8, 2024
December 5, 2024
December 4, 2024

ദി കേരള സ്റ്റോറി ‘എ’ സര്‍ട്ടിഫിക്കറ്റോടെ റിലീസിന്; സംഘ്പരിവാര്‍ ലക്ഷ്യത്തെക്കുറിച്ച് യുവ നേതാക്കള്‍

web desk
May 3, 2023 6:43 pm

‘എ’ സര്‍ട്ടിഫിക്കറ്റോടെ റിലീസ് മേയ് അഞ്ചിന് ചെയ്യാനിരിക്കുന്ന ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് വലിയ പ്രചാരമാണ് കൈവന്നിരിക്കുന്നത്. സംഘ്പരിവാറും ബിജെപിയും രാഷ്ട്രീയമായി അതിനെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പുറത്തിറങ്ങും മുമ്പ് സിനിമ വിവാദമായത്. 32,000 ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്ലാം മതസ്ഥര്‍ ഐഎസ്ഐഎസില്‍ ചേര്‍ത്ത കഥയാണ് കേരള സ്റ്റോറിയിലൂടെ പറയുന്നതെന്നാണ് ആദ്യം പുറത്തുവന്നത്. കേരളമൊന്നടങ്കം പ്രതിഷേധത്തിന് തിരികൊളുത്തിയതോടെ അടിമുടി മാറി. കേരളത്തിലെ മൂന്ന് സ്ത്രീകളെയാണ് ഐഎസ്ഐഎസില്‍ ചേര്‍ന്നതെന്നും അവരുടെ കഥയാണിതെന്നും തിരുത്തി. കേരള സ്റ്റോറിയുടെ യാഥാര്‍ത്ഥ്യവും രാഷ്ട്രീയവും സോഷ്യല്‍ മീഡിയയിലൂടെയും പൊതുമാധ്യമങ്ങളിലൂടെയും കേരളത്തിന്റെ യുവത്വം പ്രതികരിച്ചു. ഹിന്ദുത്വ നിലപാടുകളില്‍ സഞ്ചരിക്കുന്ന രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ, കേരള സ്റ്റോറിയിലൂടെയുള്ള സംഘ്പരിവാറിന്റെ അജണ്ടയെ തുറന്നുകാട്ടുന്നു.

പ്രദർശനം തടയണം: ടി ടി ജിസ്‌മോന്‍

സമൂഹത്തിൽ മത സ്പർദ്ധ വളർത്തുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം തടയണം. മെയ് അഞ്ചിന് പ്രദർശനത്തിന് എത്തുന്ന ഈ സിനിമയിൽ അപകടകരവും അവാസ്തവവുമായ ഉള്ളടക്കമാണ് ഉള്ളത്. കേരളം 20 വർഷത്തിനകം ഐഎസ് ഭീകരവാദി സംസ്ഥാനം ആകുമെന്നും കേരളത്തിൽ നിന്നും 32,000 സ്ത്രീകളെ മതപരിവർത്തനം നടത്തി ഐഎസ് തീവ്രവാദികൾ ആക്കി എന്നും ലൗ ജിഹാദ് നടത്തുന്നുവെന്നും സിനിമ നുണ പ്രചാരണം നടത്തുകയാണ്.

പ്രതിലോമകരമായ ഉള്ളടക്കമാണ് ഈ സിനിമയിൽ ഉള്ളത്. ചിത്രത്തിൽ ഉടനീളം മതസ്പർദ്ധ വളർത്തുന്ന സംഭാഷണങ്ങളാണ് നിറഞ്ഞിരിക്കുന്നത് എന്ന് ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറിൽ വ്യക്തമാണ്. ഈ ചിത്രം പുറത്ത് വന്നാൽ രാജ്യത്തെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ മത സ്പർദ്ധയും വെറുപ്പും വർധിക്കുകയും രാജ്യത്ത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യം ഇല്ലാതാകുന്നതിനും കാരണമാകാം. കേരളത്തിന്റെ മത നിരപേക്ഷതയും സാമുദായിക സാഹോദര്യവും തകർക്കുവാൻ നിരവധി ഗൂഢതന്ത്രങ്ങളും വിഭലശ്രമങ്ങളും നടത്തിയ സംഘ പരിവാരങ്ങൾ കേരള സ്റ്റോറി എന്ന സിനിമയിലൂടെ പുതിയ കുതന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുന്നു. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ കേരളത്തിൽ ഭിന്നിപ്പുണ്ടാക്കുവാൻ ബിജെപി നടത്തിയ ശ്രമങ്ങളെയെല്ലാം പ്രബുദ്ധ കേരള ജനത ആട്ടിപ്പായിച്ചിരുന്നു. മോഡി കേരളത്തിൽ വന്നു വിഷം ചീറ്റിയതിനു പിന്നാലെ മെയ് അഞ്ചിനാണ് സിനിമ പ്രദർശനത്തിനെത്തുന്നത്.

ഈ സിനിമയ്ക്കെതിരെ തിരുവനന്തപുരത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ കേരള സ്റ്റോറിയുടെ പ്രദർശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്ക് നൽകിയ പരാതി നല്‍കിയിട്ടുമുണ്ട്. മമതസ്പർത്ഥയും കലാപവും ലക്ഷ്യമാക്കി തീയറ്ററുകളിലെത്തുന്ന ഈ സിനിമ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്ന ആവശ്യത്തില്‍ ഹൈക്കോടതിയില്‍ ഹരജിയും നല്‍കും.

വിഷം പുരട്ടിയ നുണ: എ എ റഹിം എംപി

സാമൂഹ്യമുന്നേറ്റത്തിൽ ലോകത്തിന് മാതൃകയായ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. നവോത്ഥാനനായകരിലൂടെയും ഇടത് രാഷ്ട്രീയത്തിന്റെ പുരോഗമന ചിന്തയിലൂടെയമാണ് കേരളം ഈ സാമൂഹിക പുരോഗതി കൈവരിച്ചത്. എന്നാൽ ആ കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തെയും ലക്ഷ്യമാണ്. വളരെ ഗൂഢമായി ഈ ഹേറ്റ് ക്യാമ്പയിൻ സംഘപരിവാർ തുടർന്നു വരുന്നു. കേരളത്തെ സാമുദായികമായി ഭിന്നിപ്പിച്ചു രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനാണ് ആർഎസ്എസ് പദ്ധതി. വിവിധ മത വിഭാഗങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കി വോട്ട് നേടാനാകുമോ എന്നാണ് ബിജെപി പരീക്ഷണം.

കേരളത്തെ അപമാനിക്കാനും വർഗീയമായി വിഭജിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് സുദിപ്തോ സെൻ സംവിധാനം ചെയ്ത ‘കേരള സ്റ്റോറി’ എന്ന സിനിമ. ട്രെയിലറിൽ നിന്ന് തന്നെ ആ സിനിമ എത്രത്തോളം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണന്ന് വ്യക്തമാണ്. ഇന്ത്യയിലാകെ കേരളത്തിന്റെ പേര് പറഞ്ഞ് വർഗീയ സംഘർഷങ്ങൾക്ക് വഴിവയ്ക്കാനും ഈ ചിത്രത്തിലൂടെസംഘപരിവാർ കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ കഥ ഇങ്ങനെയല്ലെന്ന് സാമാന്യബോധമുള്ള ആർക്കും തിരിച്ചറിയാവുന്നതേയുള്ളു. ഈ സിനിമയ്ക്ക് പിന്നിലെ ഗൂഢാലോചനകൾ കൂടിഅന്വേഷിക്കേണ്ടതാണ്. വസ്തുതാ വിരുദ്ധമായ പെരും നുണകൾ ഒരു സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും വർഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആർഎസ്എസ് ശ്രമം. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചു ഇതിലും വലിയതിരക്കഥകളുമായി സംഘപരിവാർ ഇനിയും എത്തും. അത് കൊണ്ട് ജനാധിപത്യത്തിന് കരുത്തും കാവലുമായി നമ്മൾ ജാഗരൂകരാകണം. കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചരണത്തെ നേരിടണം.

വിദ്വേഷ രാഷ്ട്രീയത്തിന് കേരളത്തെ വിട്ടുതരാനാവില്ല: വി ടി ബല്‍റാം

32000 പെൺകുട്ടികൾ! പ്രണയിച്ച് വിവാഹം കഴിച്ചവരുടെ കണക്കല്ല, പ്രണയച്ചതിയിൽപ്പെടുത്തി മതം മാറ്റി ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയവരുടെ എണ്ണമാണത്രേ! ഇന്ത്യക്ക് പുറത്തേക്ക് അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കുമൊക്കെ മനുഷ്യക്കടത്ത് നടത്തിയ മലയാളി പെൺകുട്ടികളുടെ എണ്ണമാണത്രേ!! അതായത് കേരളത്തിലെ ഓരോ പഞ്ചായത്തിൽ നിന്നും ശരാശരി 30–40 പെൺകുട്ടികൾ!! ഓരോ വാർഡിൽ നിന്നും ഒന്നിലേറെ പെൺകുട്ടികൾ!!!

32,000 പോയിട്ട് ഒരു 30 കേസുകൾ വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാൻ കഴിയുമോ? വേണ്ട, ഏറെ ചർച്ച ചെയ്യപ്പെട്ട 2–3 കേസുകൾക്കപ്പുറം നാലാമതൊരു കേസ് കൃത്യമായി എടുത്തുപറയാമോ? കേരള പൊലീസിന്റെ ഏതെങ്കിലുമൊരു ഔദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ? നരേന്ദ്ര മോഡിയുടെ എൻഐഎക്ക് കേരളത്തിൽ നിന്ന് വ്യക്തമായ അന്വേഷണ റിപ്പോർട്ടുകൾ വല്ലതും മുന്നോട്ടുവയ്ക്കാനുണ്ടോ? ഇല്ല എന്നാണ് ഇവക്കെല്ലാം ഇതുവരെയുള്ള ഉത്തരം.

32,000 കേരളീയ വനിതകള്‍ എന്നത് ഒറ്റയടിക്ക് 3 വനിതകള്‍ ആയിട്ടുണ്ട്. അല്ല, ആക്കിയിട്ടുണ്ട്. ആക്കേണ്ടി വന്നിട്ടുണ്ട് സംഘികള്‍ക്ക്. ആത്മാഭിമാനമുള്ള മലയാളികള്‍ ഒത്തൊരുമിച്ച് നിന്നാല്‍ നാടിനെതിരെയുള്ള, നാട്ടിലെ സൗഹാര്‍ദ്ദപരമായ സാമൂഹിക സഹവര്‍ത്തിത്തത്തിനെതിരെയുള്ള ഏത് സംഘി പ്രൊപ്പഗാണ്ടയ്ക്കും ഇതായിരിക്കും ഗതി. ഈ ഒത്തൊരുമയാണ് കേരളത്തിന്റെ യഥാര്‍ത്ഥ സ്റ്റോറി. ലോകമെമ്പാടും നിന്ന് ഐഎസ്ഐഎസിലേക്ക് പോയ ആകെ ആളുകളുടേതായി അനുമാനിക്കുന്ന സംഖ്യ 40,000 ആണ്. 85ഓളം രാജ്യങ്ങളില്‍ നിന്നാണ് ഇത്രയും ആളുകള്‍ പോയിട്ടുള്ളത്. ഫ്രാന്‍സില്‍ നിന്നും റഷ്യയില്‍ നിന്നുമൊക്കെയാണ് ഇതില്‍ കൂടുതല്‍ പേരും. ഇന്ത്യയില്‍ ഐഎസ് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആകെ കേസുകള്‍ ഏതാണ്ട് 180 ആണ്. ഇന്ത്യന്‍ വംശജരായ 66 പേര്‍ ഐഎസിലുണ്ട് എന്നാണ് 2021ല്‍ അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ കണക്കാക്കിയിരിക്കുന്നത്. ഏതായാലും ഐഎസ്ഐസിലെ ആകെ അംഗങ്ങളുടെ 0.5 ശതമാനം പോലും ആളുകള്‍ 142 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ നിന്നല്ല, നമ്മള്‍ അഫ്ഗാനിസ്ഥാന്റെ അടുത്ത് കിടക്കുന്ന ഒരു രാജ്യമായിട്ടും!എന്നാല്‍ ആര്‍ഷ ഭാരതത്തിലെ ഒരു പാവം ‘സാംസ്‌ക്കാരിക സംഘടന’യായ, സമാധാനത്തിന് നൊബേല്‍ സമ്മാനത്തിന് വരെ അര്‍ഹതയുള്ള, ആര്‍എസ്എസിലേക്ക് പോയവരുടെ എണ്ണമായി ആ സംഘടന സ്വയം അവകാശപ്പെടുന്നത് 50 മുതല്‍ 60 ലക്ഷം വരെ എന്നാണ്.

ഒരു മതസമൂഹത്തെ നിരന്തരമായി സംശയമുനയിൽ നിർത്തിക്കൊണ്ടുള്ള, അവർക്കെതിരെയുള്ള വേട്ടയാടലിനും ഒരുപക്ഷേ വംശഹത്യക്കും വരെ കളമൊരുക്കുന്ന തരത്തിലുള്ള നിങ്ങളുടെ ഈ വിഷലിപ്തമായ നുണപ്രചരണം ഇവിടെ ഈ നിമിഷം അവസാനിപ്പിക്കണം. നിങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിന് ഈ കേരളത്തെ വിട്ടുതരാൻ ഞങ്ങൾക്ക് കഴിയില്ല.

ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി: പി കെ ഫിറോസ്

രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ്പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം.

കേരളത്തിൽ 32,000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്. അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്ന് പ്രഖ്യാപിക്കുന്നു. അങ്ങനെ തെളിവുകൾ കയ്യിലുള്ള ആർക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിൽ അത് സമർപ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്…

‘ദി കേരള സ്റ്റോറി’ എന്ന പേരിൽ സുദിപ്തോ സെന്നിന്റെ ഒരു പ്രൊപ്പഗണ്ട സിനിമ ഇറങ്ങുന്നതിന്റെ ചർച്ചകളാണ് എങ്ങും. ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ വേണ്ടി മുസ്ലിങ്ങൾ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്.

ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാൽ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തിൽ കേരളത്തിൽ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്.

ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങൾ നിഷിദ്ധമായി കാണുമ്പോൾ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകൾ എന്തോ പുണ്യപ്രവൃത്തി പോലെ ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാൻ ആരെങ്കിലും തയ്യാറാവുമോ?

 

ബിജെപി ലക്ഷ്യം കേരളത്തിന്റെ ഐക്യം തകര്‍ക്കല്‍: മുഹമ്മദ് റിയാസ്

ബിജെപിയും സംഘപരിവാർ സംഘടനകളും കേരളത്തിൽ വിഷം തുപ്പാൻ ശ്രമിക്കുകയാണ്. ‘ദ കേരള സ്റ്റോറി’ ചിത്രത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്ന് വ്യക്തം. ഈ ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും.

ജനങ്ങളെ ഭിന്നിപ്പിക്കാനും സ്പർദ്ധ വളർത്താനും ഐക്യത്തോടെ നിലനിൽക്കുന്ന കേരളത്തെ വിവിധ ചേരികളാക്കി മാറ്റാൻ ബിജെപി സ്പോൺസർ ചെയ്യുന്ന പ്രവർത്തനമാണിതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിലൂടെ വ്യക്തമാണ്.

കേരളത്തിലേക്ക് ജനങ്ങൾ വരാനുള്ള പ്രധാനകാരണം ഇവിടുത്തെ പ്രകൃതി രമണീയത കൊണ്ട് മാത്രമല്ല, മറിച്ച് കേരളത്തിലെ ജനങ്ങളുടെ ആതിഥേയ മര്യാദയും മതസൗഹാർദ്ദ അന്തരീക്ഷവും കേരളം ജനതയുടെ മതനിരപേക്ഷ മനസും കൂടി പരിഗണിച്ചാണ്. അങ്ങനെയുള്ള കേരളത്തെ വക്രീകരിക്കാനും ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനും പരസ്യമായി പിന്തുണ അറിയിച്ചിരിക്കുകയാണ് ബിജെപി.

എപ്പോഴും ഒരു ശത്രുവിനെ വേണം: രാഹുല്‍ ഈശ്വര്‍

വിഘടിച്ചു കിടക്കുന്ന ഹൈന്ദവരെ പേടിപ്പിച്ച് ഒന്നിപ്പിക്കാൻ തീവ്ര ഹിന്ദുക്കൾ ഉപയോഗിക്കുന്ന തന്ത്രമാണ് ലവ് ജിഹാദ്, ഹലാൽ ജിഹാദ് പോലുള്ള ആഖ്യാനങ്ങള്‍. എപ്പോഴും ഒരു ശത്രുവിനെ/അപരനെ സൃഷ്ടിക്കുകയും ആ ശത്രുവിനെ ചൂണ്ടിക്കാണിച്ച് അവർ ആക്രമിക്കാൻ വരുന്നുണ്ടെന്നും ഭയപ്പെടുത്തി വളഞ്ഞ വഴിയിൽ ഹൈന്ദവ ഏകീകരണം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ‘മുസ്‍ലിങ്ങൾക്ക് വെള്ളിയാഴ്ചയും ക്രൈസ്തവർക്ക് ഞായറാഴ്ചയും അവരുടെ ആരാധനാലയങ്ങളിൽ ഒന്നിച്ചുചേരാൻ കഴിയുന്ന പോലെ ഹൈന്ദവർക്ക് ഒരു ശനിയാഴ്ചയില്ല. അതുകൊണ്ട് അവരെ ഒന്നിപ്പിക്കാൻ ഇതുപോലുള്ള ദുർവാദങ്ങൾ ഉപയോഗിക്കപ്പെടുകയാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞ് മുസ്‍ലിമിനെ അപരനാക്കി നിർത്തും. അത് ഹിന്ദുക്കൾക്ക് സ്വത്വബോധവും ആത്മീയതയും ഇല്ലാത്തതുകൊണ്ടാണ്. ഈ ആത്മീയ ശൂന്യത മുസ്‍ലിം അപരത്വമായി പ്രതിഫലിക്കുകയാണ്.

ഹിന്ദുവിന്റെ ആത്മീയ മൂല്യങ്ങൾ മുസ്‍ലിമിന്റെ മേൽ കുതിര കയറാൻ ഉപയോഗിക്കപ്പെടുകയാണ്. ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞാൽ ലാൻഡ് ജിഹാദ് ഉണ്ടെന്ന് പറയും. അതില്ലെന്ന് പറഞ്ഞാൽ ഹലാൽ ജിഹാദെന്നും തുപ്പൽ ജിഹാദെന്നും ഹിജാബ് ജിഹാദെന്നും പറഞ്ഞുകൊണ്ടിരിക്കും. ഞങ്ങളുടെ മനസ്സിലെ വിഹ്വലതയാണിത്. ഒരാൾ ആക്രമിക്കാൻ വരുന്നു എന്ന് പറഞ്ഞാലേ ഞങ്ങളുടെ (ഹിന്ദുത്വ) ആൾക്കാർക്ക് ഒരു ‘ഗുമ്മ്’ ഉള്ളൂ. അസംഘടിതരായി കിടക്കുന്നതുകൊണ്ട് മതപരിവർത്തനം എന്നു കേൾക്കുമ്പോൾ ഒരു സിനിമയുടെ വിഷയമല്ലിത്. ഞങ്ങൾ ഹിന്ദുക്കൾക്കുണ്ടാകുന്ന ഈ അരക്ഷിതബോധവും ഒരു അപരനെ അപ്പുറത്ത് വേണമെന്നുള്ള ചിന്തയും ആ ശത്രു ഞങ്ങളുടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്നുപറഞ്ഞ് പേടിപ്പിച്ച് ഞങ്ങളുടെ ആൾക്കാരെ ഒന്നിപ്പിക്കാനുള്ള തന്ത്രവും എന്നിങ്ങനെ ഒരുപാട് തലങ്ങൾ ഇതിലുണ്ട്. ഒന്നുരണ്ടു നിർബന്ധിത മതപരിവർത്തനങ്ങളുണ്ടായി. ഇതിനെ ലവ് ജിഹാദ് എന്നു പറയലല്ല, നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം കൊണ്ടുവരുകയാണ് വേണ്ടത്. മിതവാദ ഗാന്ധിയൻ ഹൈന്ദവതയിൽ നിന്ന് നെഹ്റുവിന്റെ ലെഫ്റ്റ് ലിബറൽ പാതയിൽ പോയതു കൊണ്ടാണ് തീവ്രഹിന്ദുത്വം വളരുന്നതെന്നും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇത് മനസ്സിലാക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നം.


അതിനിടെ ‘ദ കേരള സ്റ്റോറി‘യുടെ പ്രദര്‍ശനത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഒപ്പം ചിത്രത്തിന്റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് ഭാഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.

തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം. അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.

Eng­lish Sam­mury: The Ker­ala Sto­ry: Young lead­ers talk about the Sangh Pari­var aim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.