15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 16, 2024
October 5, 2024
October 4, 2024
September 28, 2024
September 24, 2024
September 19, 2024
August 29, 2024
August 23, 2024
May 16, 2024

പെണ്‍കരുത്തിന്റെ രജത ചരിത്രമായി കുടുംബശ്രീ അയല്‍ക്കൂട്ട സംഗമം

Janayugom Webdesk
തിരുവനന്തപുരം
January 27, 2023 10:52 pm

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് കരുത്തു പകര്‍ന്ന ‘ചുവട്-2023’ അയല്‍ക്കൂട്ട സംഗമം നാടെങ്ങും തരംഗമായി. സ്ത്രീ ശാക്തീകരണ രംഗത്ത് പുതിയ ദൂരവും വേഗവും ലക്ഷ്യമിട്ട് കരുത്തുറ്റ ചുവടുകള്‍ ഉറപ്പിച്ച അയല്‍ക്കൂട്ട സംഗമം കുടുംബശ്രീയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമായി മാറി. രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ദിനത്തില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിച്ചത് പ്രവര്‍ത്തകര്‍ക്ക് ഇരട്ടി മധുരമായി. ഹരിത ചട്ടം പാലിച്ച് പ്രകൃതിസൗഹൃദ ഉല്പന്നങ്ങള്‍ കൊണ്ടലങ്കരിച്ച വേദികളായിരുന്നു മിക്കയിടത്തും. രാവിലെ എട്ടു മണിക്ക് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ ദേശീയ പതാക ഉയര്‍ന്നതോടെ ഓരോ അയല്‍ക്കൂട്ടങ്ങളും സ്വന്തമായി രചിച്ച് ഈണം നല്‍കിയ സംഗമ ഗാനം അവതരിപ്പിച്ചു. അതിനു ശേഷം അംഗങ്ങള്‍ക്ക് ആവേശം പകര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നല്‍കിയ അയല്‍ക്കൂട്ട സംഗമ സന്ദേശം എല്ലാ അയല്‍ക്കൂട്ടങ്ങളിലേക്കും എത്തി. 

ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങളെ കുറിച്ചായിരുന്നു പ്രധാനമായും അയല്‍ക്കൂട്ട തലത്തിലെ ചര്‍ച്ച.
ഇതോടൊപ്പം ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കി. മന്ത്രിമാരായ എം ബി രാജേഷ് പാലക്കാട് സൗത്ത് സിഡിഎസിലെ തേജസ്, ആര്‍ ബിന്ദു, വയനാട് ജില്ലയിലെ മീനങ്ങാടി സിഡിഎസിലെ കൈരളി, അഡ്വ. കെ രാജന്‍ തൃശൂര്‍ ജില്ലയിലെ നടത്തറ സിഡിഎസിലെ മൈത്രി മാതാ എന്നീ അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുത്തു. 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് കൊല്ലം ജില്ലയിലെ ഈസ്റ്റ് സിഡിഎസ് തെക്കേവിള ഡിവിഷനിലെ ഫ്രണ്ട്സ്, ഉദയമാര്‍ത്താണ്ഡപുരം വൈശാലി എന്നീ അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുത്തു. കൂടാതെ എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍മാര്‍, കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ എന്നിവരും അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കാളികളായി.
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടാംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷനിലെ ജീവനക്കാര്‍ എന്നിവരും സംഗമത്തില്‍ പങ്കെടുത്തു. 

സംരംഭകത്വ ശേഷി വര്‍ധിപ്പിക്കണം: മന്ത്രി എം ബി രാജേഷ് 

തിരുവനന്തപുരം: അയല്‍ക്കൂട്ട സംഗമത്തിലൂടെ ലഭ്യമാകുന്ന ആവേശവും ഊര്‍ജവും തൊഴില്‍ സംരംഭകത്വ ശേഷി വര്‍ധിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. സംസ്ഥാനതല അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കെടുത്ത അയല്‍ക്കൂട്ട വനിതകള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പതിനാലാം പഞ്ചവല്‍സര പദ്ധതിയില്‍ പ്രാദേശിക സാമ്പത്തിക വികസനത്തിനും അതുമായി ബന്ധപ്പെട്ട് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നത്. നൂതന ആശയങ്ങളില്‍ അധിഷ്ഠിതമായ തൊഴില്‍ സംരംഭ മാതൃകകള്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളാകണം ഇനി അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ഉയര്‍ന്നു വരേണ്ടത്. അടുത്ത ഒരു വര്‍ഷം കൊണ്ട് ഓരോ അയല്‍ക്കൂട്ടത്തിനും ഒരു പുതിയ സംരംഭമെങ്കിലും തുടങ്ങാന്‍ കഴിയണം. ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരുമാന വര്‍ധനവിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. ലഹരി, സ്ത്രീധനം എന്നിങ്ങനെയുള്ള സാമൂഹ്യ വിപത്തുക്കള്‍ക്കെതിരെ പോരാടാനും കുടുംബശ്രീക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: The Kudum­bashree Ayalkoot­tam Gath­er­ing as a Sil­ver His­to­ry of Wom­en’s Power

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.