3 July 2024, Wednesday
KSFE Galaxy Chits

ഭൂമി തരംമാറ്റല്‍ നടപടികള്‍ ഇനി അതിവേഗം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
July 1, 2024 10:43 pm

ഭൂമി തരംമാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ ഡെപ്യൂട്ടി കളക്ടർമാരെ കൂടി ഉൾപ്പെടുത്തി നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഭൂമി തരംമാറ്റൽ നടപടികളിൽ ആറ് മാസത്തിനുള്ളിൽ കൃത്യമായ തീരുമാനമാകുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റൽ നടപടികൾക്ക് വേഗത വർധിപ്പിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങൾ അതിവേഗം പരിഹരിക്കുന്നതിനും ഉദ്യോഗസ്ഥ വിന്യാസത്തിൽ വരുത്തുന്ന മാറ്റങ്ങളോടെ സാധിക്കും. തരംമാറ്റൽ നടപടികളിൽ ഏജന്റുമാരുടെ ഇടപെടൽ അനുവദിക്കില്ല. ഇത്തരം കച്ചവടക്കണ്ണോടെയുള്ള ഏജന്റുമാരെ നിയന്ത്രിക്കുന്നതിന് റവന്യു വിജിലൻസ് വിഭാഗത്തിന്റെ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നെൽവയൽ നെൽവയലായും തണ്ണീർത്തടം തണ്ണീർത്തടമായും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനമാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലൂടെ സർക്കാർ നടപ്പാക്കുന്നത്. നിയമത്തിന്റെ അന്തഃസത്ത പാലിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വകുപ്പ് നേതൃത്വം നൽകും. വില്ലേജ് തല ജനകീയ സമിതികൾ, റവന്യു അസംബ്ലികൾ, പട്ടയ അസംബ്ലികൾ, റവന്യു സെക്രട്ടേറിയറ്റുകൾ തുടങ്ങിയവ വകുപ്പിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ ദീർഘനാളത്തെ ആഗ്രഹമാണ് ഭൂമി തരംമാറ്റൽ നടപടികൾ ലഘൂകരിക്കാനും അതിവേഗത്തിലാക്കാനുമുള്ള പുതിയ സംവിധാനത്തിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമി തരംമാറ്റൽ അപേക്ഷകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയിലൂടെ റവന്യു ഡിവിഷണൽ ഓഫിസർമാർക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങൾ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ 27 റവന്യു ഡിവിഷണൽ ഓഫിസുകളിലായി സബ് കളക്ടർമാർ അല്ലെങ്കിൽ ആർഡിഒമാർ നിലവിൽ നടത്തിവരുന്ന ഭൂമി തരംമാറ്റൽ നടപടികൾ താലൂക്കടിസ്ഥാനത്തിൽ 71 ഡെപ്യൂട്ടി കളക്ടർമാർ ചെയ്യും. നടപടികൾ അതിവേഗത്തിലാക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്‍വേര്‍ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനങ്ങളും പൂർത്തിയാക്കി. ഡെപ്യൂട്ടി കളക്ടർമാരെ സഹായിക്കുന്നതിനായി 61 ജൂനിയർ സൂപ്രണ്ടുമാരെയും 181 ക്ലർക്കുമാരെയും 123 സർവേയർമാരെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ 220 വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിനും അനുമതി നൽകി. ഭൂമി തരംമാറ്റൽ നടപടികളിൽ ഡെപ്യൂട്ടി കളക്ടർമാർക്കും മറ്റ് ജീവനക്കാർക്കും പരിശീലനവും നൽകും.
വി കെ പ്രശാന്ത് എംഎൽഎ ചടങ്ങില്‍ വിശിഷ്ടാതിഥി ആയി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാന്റ് റവന്യു എക്സിക്യൂട്ടീവ് ജോയിന്റ് കമ്മിഷണർ ആന്റ് ഐഎൽഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ എ ഗീത, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു. 

ENGLISH SUMMARY ; the-land-reclassification-process-is-now-fast

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.