23 December 2024, Monday
KSFE Galaxy Chits Banner 2

ഇനിയും മരിക്കാത്ത ഭൂമി…

ഹബീബ് റഹ്‌മാന്‍
April 22, 2024 4:45 am

ഇന്ന് ഏപ്രിൽ 22, ലോക ഭൗമ ദിനം (World Earth Day). ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭൗമ ദിനത്തിന്റെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. 1970 ഏപ്രിൽ 22 മുതലാണ് ഭൗമ ദിനം ആചരിക്കാനാരംഭിച്ചത്. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, മലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ദിനം ആചരിക്കുന്നത്.
2024ലെ ഭൗമ ദിനത്തിന്റെ പ്രമേയം തീം ‘പ്ലാസ്റ്റിക് വിരുദ്ധ പ്രപഞ്ചം’ എന്നാണ്. പാരിസ്ഥിതിക തകർച്ച പരിഹരിക്കുന്നതിനും ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അടിയന്തര ആവശ്യകതയെ ഇത് അടിവരയിടുന്നു. നമ്മുടെ ഗ്രഹത്തെ പോറലേൽക്കാതെ നിലനിർത്തുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളടക്കമുള്ള പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുമുള്ള ശ്രമം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക. 2040ഓടെ എല്ലാ പ്ലാസ്റ്റിക്കുകളുടെയും ഉല്പാദനം 60 ശതമാനം കുറയ്ക്കണമെന്നും 2030ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിർമ്മാർജനം ചെയ്യണമെന്നുമുള്ള ഉദ്ദേശ്യം കൂടി ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നു.
1969ൽ പാരിസ്ഥിതികപ്രശ്നം ചൂണ്ടിക്കാട്ടിക്കൊണ്ട് തുടക്കം കുറിച്ച ലോകസമ്മേളനത്തിന്റെ ഒന്നാം വാര്‍ഷികമായ 1970 ഏപ്രിൽ 22നാണ് ഭൗമ ദിനാചരണത്തിന് ആരംഭം കുറിച്ചത്. അതിനുശേഷം നിരവധി മാറ്റങ്ങള്‍ക്ക് ഭൗമ ദിനാചരണം ഇടയാക്കി. പ്രത്യേകിച്ച് പൗരന്മാരുടെ മനസുകളിൽ ഭൂമിയെ സംരക്ഷിക്കണമെന്ന ചിന്ത വളരുവാൻ സഹായിച്ചു. ശുദ്ധജലം, ശുദ്ധവായു എന്നിവയുടെ പ്രാധാന്യം ജനങ്ങൾക്ക് ബോധ്യമായിത്തുടങ്ങി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുവര്‍ഗത്തിനും സസ്യജാലങ്ങള്‍ക്കും സംരക്ഷണത്തിനായി നിയമനിര്‍മ്മാണമുണ്ടായി. ജലം മലിനമാക്കുന്നതും അന്തരീക്ഷവായു ദുഷിപ്പിക്കുന്നതും നിയമപരമായ ശിക്ഷാര്‍ഹമായ കുറ്റമായി. ഇന്ന് ആഗോള പ്രശ്നമായി കാണുന്നത് മാലിന്യങ്ങളാണ്. ഇത് നാൾക്കുനാൾ വര്‍ധിച്ചുവരികയുമാണ്.
നാം നമ്മുടെ സുഖങ്ങളും സൗകര്യങ്ങളും മാത്രം പരിഗണിച്ച് ധാരാളം വസ്തുക്കൾ ഉപയോഗപ്പെടുത്തുന്നു. അത് ഭൂമിക്ക് എത്രത്തോളം ഹാനികരമാണെന്ന വസ്തുത വിസ്മരിക്കുന്നു. ഭൂമിക്കും വരുംതലമുറയ്ക്കും മാലിന്യപ്രശ്നം കടുത്ത വെല്ലുവിളിയാകാതിരിക്കാൻ ഭൗമ ദിനാചരണം ഒരു ഓർമ്മപ്പെടുത്തലാകേണ്ടിയിരിക്കുന്നു. ഖരമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയോ നശിപ്പിക്കുകയോ ചെയ്യണം. ചപ്പുചവറുകൾ പ്രയോജനമുള്ള വസ്തുക്കളായി പുനഃചംക്രമണം ചെയ്തെടുക്കുകയോ നശിപ്പിക്കുകയോ വേണം. കീടനാശിനിപ്രയോഗവും അമിതമായ രാസവളങ്ങളും കുറയ്ക്കുക, വനവൽക്കരണം സാധ്യമാക്കുക, വന്യജീവികളുടെയും അപൂർവ സസ്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ഭൂസംരക്ഷണ നടപടികൾ ത്വരിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനില്പ്. നമുക്ക് അതിനെ സംരക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാല് ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യുഎൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. പക്ഷെ അതിനെക്കാൾ കൂടുമെന്നാണ് ഇപ്പോൾ നമ്മുടെ അനുഭവം. ജെെവഇന്ധനങ്ങള്‍ കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ചൂട് ക്രമാതീതമായി വർധിക്കുന്നതിനുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ദുർവിധി തിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഭൂമിയുടെ സംരക്ഷണാർത്ഥം 2008 രാജ്യാന്തര ഭൗമവർഷമായി ആചരിക്കുകയുണ്ടായി. ഭൂമിയെക്കുറിച്ചും അത് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂടുതലറിയാനും ഭൗമശാസ്ത്രങ്ങളുടെ വ്യാപ്തിയും പ്രസക്തിയും മനസിലാക്കുവാനും ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വഴിയൊരുക്കി. മനുഷ്യന്റെ ഇടപെടൽ മൂലം ഭൂമിയിലുണ്ടാവുന്ന ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുക, ഭൂമിശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, പുതിയ പ്രകൃതിവിഭവങ്ങൾ കണ്ടെത്തുക, ഭൂമിശാസ്ത്രത്തിലെ ചികിത്സാ സാധ്യതകൾ കണ്ടെത്തുക, സമുദ്രങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുക എന്നിവയായിരുന്നു ഭൗമവർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ.
മലിനമാകുന്ന ജലാശയങ്ങൾ, മാന്തിയെടുക്കപ്പെടുന്ന മലക്കെട്ടുകൾ, വെട്ടിക്കീറിയെടുക്കുന്ന ഭൂമിയുടെ വസ്ത്രമാകേണ്ട മഴക്കാടുകൾ, ഭൂമിക്ക് താങ്ങാൻ കഴിയാത്ത നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നാം കൊള്ളലാഭത്തിനായി കയ്യേറുന്നു. ഭൂമിക്കുവേണ്ടി സംസാരിക്കുകയും അതോടൊപ്പം ഭൂമിയുടെ അസ്ഥിവാരം വരെ തോണ്ടുകയും ചെയ്യുന്ന വിരോധാഭാസമാണിപ്പോൾ നടക്കുന്നത്. ഭൂമിയെയും അതിന്റെ സംരക്ഷണത്തെക്കുറിച്ചുമുള്ള നമ്മുടെ സമീപനം ഗൗരവപൂര്‍വം വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭൂമിയും പരിസ്ഥിതിയും സുരക്ഷിതമായെങ്കിൽ മാത്രമേ അതിലെ ഒരു ജീവനായ മനുഷ്യനും നിലനില്പുള്ളൂ. കക്ഷിരാഷ്ട്രീയം മറന്ന് ഭൗമ സംരക്ഷണത്തിന്റെ പ്രാധാന്യം നാം ഉൾക്കൊണ്ടേ മതിയാകൂ. ജൈവവൈവിധ്യ സമ്പുഷ്ടമായ നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ട ബാധ്യത ഓരോ വ്യക്തിയിലും അർപ്പിതമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.