18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025

എൽഡിഎഫ് ഭരണം കേരളത്തിന് നല്‍കിയത് വികസനക്കുതിപ്പ്

യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച പല പദ്ധതികളും യാഥാർത്ഥ്യമാക്കി: മുഖ്യമന്ത്രി
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
January 23, 2025 10:46 pm

എട്ടുവര്‍ഷമായി തുടരുന്ന എൽഡിഎഫ് ഭരണം കേരളത്തിന്റെ വികസന മുന്നേറ്റങ്ങളുടെ കാലമാണെന്ന് ഉദാഹരണങ്ങൾ സഹിതം അക്കമിട്ട് വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാരണവശാലും നടക്കില്ലെന്ന് കരുതി യുഡിഎഫ് സർക്കാർ വലിച്ചെറിഞ്ഞ പല പദ്ധതികളും യാഥാർത്ഥ്യമാക്കിയത് ഇടതുഭരണമാണ്. ഗെയ്ൽ പൈപ്പ് ലൈന്‍, ദേശീയപാതാ വികസനം, കൊച്ചി-ഇടമൺ പവർ ഹൈവേ, പുതുവൈപ്പിൻ എൽപിജി ടെർമിനൽ എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തിയുള്ള ഉപക്ഷേപത്തിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ നാനാജാതി മതസ്ഥർ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവരാണ്. പൊതുസമൂഹത്തിന് ഇടതുപക്ഷം ഉയര്‍ത്തുന്ന സത്യസന്ധമായ നിലപാട് എന്താണെന്ന് ബോധ്യമുണ്ട്. സംഘ്പരിവാർ ശക്തികൾക്ക് സംസ്ഥാനത്ത് വേരൂന്നാൻ സഹായിക്കുന്ന കോൺഗ്രസിന്റെ അപകടകരമായ രാഷ്ട്രീയവും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജപ്രചരണങ്ങൾക്ക് അധികം ആയുസ് ഉണ്ടാകില്ലെന്ന് എത്രയും വേഗം മനസിലാക്കുന്നോ, അത്രയും യുഡിഎഫിന് മെച്ചമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തീകരിക്കാനുള്ള നടപടികൾ സമയബന്ധിതമായി ദ്രുതഗതിയിൽ നടന്നുവരികയാണ്. 2045ൽ പൂർത്തിയാകേണ്ട പദ്ധതി 2028 ഓടെ പൂർത്തിയാകും. പശ്ചാത്തലസൗകര്യ വികസനത്തിൽ വലിയ കുതിപ്പാണ് കേരളം കഴിഞ്ഞ എട്ടു വർഷക്കാലയളവിൽ നടത്തിയിരിക്കുന്നത്.

2016നു ശേഷം ഇതുവരെ 6,100 ഓളം സ്റ്റാർട്ടപ്പുകൾ പ്രവർത്തനമാരംഭിച്ചു. ഇതിലൂടെ 5,800 കോടി രൂപയുടെ നിക്ഷേപവും 60,000 തൊഴിലവസരങ്ങളുമുണ്ടായി. സംരംഭക വർഷത്തിന്റെ ഭാഗമായി 3,41,636 സംരംഭങ്ങൾ ആരംഭിച്ചു. 7,24,590 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

കാർഷികമേഖലയെ ഉത്തേജിപ്പിക്കാനും കൃത്യമായ നടപടികൾ സ്വീകരിച്ചു. നെൽക്കൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനായി. ക്ഷീരസഹകരണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ആവശ്യമായ കർമ്മപദ്ധതികൾക്കാണ് ലക്ഷ്യംവയ്ക്കുന്നത്.

2016ൽ യുഡിഎഫ് അധികാരമൊഴിയുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിച്ചിരുന്നവരുടെ എണ്ണം 34,43,414 ആയിരുന്നു. ഇതുതന്നെ 18 മാസം കുടിശിക ആയിരുന്നു. 600 രൂപയായിരുന്നു അന്ന് പെൻഷൻ. നിലവിൽ 63.67 ലക്ഷം പേർക്ക് 1,600 രൂപ വീതം നൽകുന്നു. എട്ടുവർഷക്കാലത്ത് 3,57,898 പട്ടയങ്ങൾ വിതരണം ചെയ്തു. 10 വർഷം കൊണ്ട് അഞ്ച് ലക്ഷം പട്ടയം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നത്. ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 2,800കോടി രൂപയിൽ എത്തിനിൽക്കുന്നു. പ്രതിവർഷം 1,600 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകി ഇന്ത്യയിൽത്തന്നെ ഒന്നാമതാണ് കേരളം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയതിലൂടെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു. യുഡിഎഫ് അടച്ചുപൂട്ടിയ സ്കൂളുകളൊക്കെ ഏറ്റെടുത്തു. 10 ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടി. സംസ്ഥാനത്തൊട്ടാകെ 3,540 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 1,000 കോടി രൂപ ചെലവിടാൻ ഭരണാനുമതി നൽകി. അതിദാരിദ്ര്യ നിർമ്മാർജനത്തിന് പ്രത്യേക ഊന്നൽ നൽകി, പദ്ധതി ആവിഷ്കരിച്ചു. ഈ വര്‍ഷം കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.