
സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കും, ഹൈന്ദവ സ്ഥാപനങ്ങള്‍ക്കുമായി കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 639 കോടി രൂപ. 2016 മുതൽ 2025 സെപ്റ്റംബർ 15 വരെ 639 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനായി 145 കോടി രൂപ അനുവദിച്ചപ്പോൾ ശബരിമലയുടെ സമഗ്ര വികസനത്തിന് 106 കോടി രൂപയാണ് ലഭിച്ചത്.
മലബാർ ദേവസ്വം ബോർഡിന് മാത്രമായി അനുവദിച്ചത് 305 കോടി രൂപയെന്നും കണക്കുകൾ പറയുന്നു.2016 ലാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ എല്‍ഡിഎഫ് സർക്കാർ സംസ്ഥാനത്ത് അധികാരത്തിലേറിയത്. അന്നുതൊട്ട് 2025 സെപ്റ്റംബർ 15 വരെ സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകൾക്കും ഹൈന്ദവ സ്ഥാപനങ്ങൾക്കുമായി എല്‍ഡിഎഫ് സർക്കാർ അനുവദിച്ചത് 639 കോടി രൂപയുടെ സഹായമാണ്. ഇതിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് മലബാർ ദേവസ്വം ബോർഡിന്. ശമ്പളം, ആചാര സ്ഥാനികൾക്കുള്ള ധനസഹായം, ക്ഷേത്രകല അക്കാദമിക്കുള്ള ധനസഹായം, കോവിഡ് ധനസഹായം, കാവ് കുളം ആൽത്തറ നവീകരണം എന്നീ ഇനങ്ങളിലായി ആകെ ലഭിച്ചത് 304 കോടി 85 ലക്ഷം രൂപയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് 104 കോടി 40 ലക്ഷവും കൊച്ചിൻ ദേവസ്വം ബോർഡിന് 26 കോടി 38 ലക്ഷവും കഴിഞ്ഞ എട്ടു വർഷത്തിനിടെ അനുവദിച്ചു. കൂടൽമാണിക്യം ദേവസത്തിന് നാലുകോടി 15 ലക്ഷവും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് 20 കോടി 75 ലക്ഷവുമാണ് അനുവദിച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തിന് മൂന്നു കോടി 47 ലക്ഷം രൂപ അനുവദിച്ചപ്പോൾ മാസ്റ്റർ പ്ലാൻ പദ്ധതി ഉൾപ്പെടെ ശബരിമലയ്ക്ക് മാത്രം സർക്കാർ അനുവദിച്ചത് 106 കോടി രൂപയാണ്. ശബരിമല മാസ്റ്റർ പ്ലാനിനായി 84 കോടി ചെലവഴിച്ചു.
ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെയും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും വിവിധ പദ്ധതികൾക്കായി 22 കോടി എന്നിങ്ങനെയാണ് കണക്കുകൾ. ഹിന്ദുമത ധർമ്മ സ്ഥാപന വകുപ്പിന് 2018 മുതൽ ലഭിച്ചത് 27 കോടി 85 ലക്ഷം രൂപ. കാവുകളുടെ സംരക്ഷണം, ഉത്തര മലബാറിലെ ആചാരസ്ഥാനികൾക്കും കോലധാരികൾക്കും നൽകുന്ന പ്രതിമാസ സഹായം എന്നിവയെല്ലാം ചേർത്ത് കഴിഞ്ഞ 8 വർഷത്തിനിടെ സംസ്ഥാന സർക്കാർ ആകെ അനുവദിച്ചത് 639 കോടി രൂപയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.