22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

ആലപ്പുഴയിൽ ലീഗ്‌ ഇടഞ്ഞു ; കോൺഗ്രസിൽ കൂട്ടരാജി

സ്വന്തം ലേഖകൻ
ആലപ്പുഴ
November 17, 2025 7:49 pm

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ യുഡിഎഫിൽ കലാപം മുറുകി. ഘടകക്ഷികളിലും യൂത്ത് കോൺഗ്രസിലുമുള്ള അഭിപ്രായ ഭിന്നതകൾ ശക്തമായി തുടരുകയാണ്. ഇതുവരെ ആലപ്പുഴ നഗരസഭയിലേക്ക് 20, ചേർത്തല നഗരസഭയിലേക്ക് 23, ജില്ലാ പഞ്ചായത്ത് 13 എന്നിങ്ങനെ സ്ഥാനാർത്ഥി പട്ടികയാണ് യുഡിഎഫ് ജില്ലാ നേതൃത്വം ഔദ്യോഗികമായി അംഗീകരിച്ചത്.
അതിനിടെ ആലപ്പുഴ വലിയമരം വാർഡിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ രൂക്ഷമായി. ഇതിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി റിന്യൂ ബൂട്ടോ, മണ്ഡലം ഭാരവാഹി അൻഷാദ് മെഹബൂബ് , ഐഎൻടിയുസി റീജണൽ കമ്മിറ്റി സെക്രട്ടറി ജെ നാസർ, കോൺഗ്രസ് പുത്തനങ്ങാടി ബ്ലോക്ക് സെക്രട്ടറി ഇസ്മയിൽ എന്നിവർ രാജിവച്ചു. വലിയ മരം വാർഡിലെ സ്ഥാനാർത്ഥിയെ അനൗദ്യോഗികമായി പ്രഖ്യാപിച്ചത് കൂടിയാലോചനകൾ ഇല്ലാതെയാണെന്നുള്ള ആക്ഷേപത്തെ തുടർന്നാണ് രാജിവെച്ചത്. ഇതേതുടർന്ന് സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിനുള്ളിൽ കീറാമുട്ടിയായി തുടരുകയാണ്.
അതേസമയം, സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളായ മുസ്ലിം ലീഗിലും കേരളകോൺഗ്രസ് ജേക്കബ് വിഭാഗത്തിലും അസ്വാരസ്യങ്ങൾ പുകയുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് വേണ്ട‍ അർഹമായ പരിഗണന സ്ഥാനാർത്ഥി നിർണ്ണയകാര്യത്തിൽ കോൺഗ്രസ് പാലിച്ചില്ലെന്നുള്ള ആരോപണവും ശക്തമാണ്. ഇടഞ്ഞുനിൽക്കുന്ന മുസ്ലിം ലീഗിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന നേതൃത്വം ഇടപ്പെട്ട് നടത്തുന്നുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ ഇടപ്പെട്ട് ചർച്ചനടത്തിയെന്നാണ് സുചന. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഡിസിസിക്ക് മുന്നിൽ യുത്ത് കോൺഗ്രസ് പതിച്ച ‘സേവ് കോൺഗ്രസ് ’ എന്ന പോസ്റ്റർ യുഡിഎഫ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. തർക്കങ്ങൾ അവസാനിപ്പിച്ച് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തികരിച്ച് പ്രചരണത്തിലേക്ക് കടക്കാൻ യുഡിഎഫ് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് തുറവൂരിൽ യുഡിഎഫിൽ വിഭാഗീയത ശക്തമാണ്. അതിന്റെ സുചനകൾ പുറത്തുവന്നു കഴിഞ്ഞു. യുഡ‍ിഎഫിലെ മുന്നണി സമവാക്യങ്ങൾ മാറ്റിമറിച്ച് കേരളകോൺഗ്രസ് ജേക്കബ് വിഭാഗം ഇവിടെ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
യുഡിഎഫ് ജില്ലാ നേതൃത്വവും നിയോജകമണ്ഡലം കമ്മിറ്റിയും തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് കേരളാ കോൺഗ്രസ് ജേക്കബിന് നൽകുവാൻ തീരുമാനിച്ചു എങ്കിലും തുറവൂർ മണ്ഡലം കമ്മിറ്റിയുടെ പിടിവാശി മൂലം യുഡിഎഫ് ധാരണ പരാജയപ്പെട്ടു. ഇതേ തുടർന്ന് യു ഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാനും കേരളാ ലോയേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും, കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന ഹൈപ്പവർ കമ്മിറ്റി അംഗവുമായ അഡ്വ വിജയ് കുമാർ വാലയിൽ നാമനിർദേശപത്രിക സമർപ്പിച്ചത്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൂടിയ കോൺഗ്രസ് വാർഡ് കമ്മിറ്റിയില്‍ കയ്യാങ്കളി നടന്നതിനെ തുടർന്ന് പിരിച്ചുവിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.