
ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലുള്ള അബ്ബേ മ്യൂസിയത്തിൽ നിന്ന് വിലമതിക്കാനാവാത്ത ഈജിപ്ഷ്യൻ പുരാവസ്തുക്കൾ കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ബ്രിസ്ബേന് വടക്കുള്ള കാബൂൾച്ചറിലെ മ്യൂസിയത്തിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് 52കാരനായ പ്രതി മോഷണം നടത്തിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ റസ്സൽ ഐലന്റിൽ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെറി ടെർമിനലിന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാമർ വാനിനുള്ളിൽ നിന്നാണ് മോഷ്ടിക്കപ്പെട്ട ഭൂരിഭാഗം വസ്തുക്കളും പൊലീസ് കണ്ടെടുത്തത്. 3,300 വർഷം പഴക്കമുള്ള മാലയും പുരാതനമായ മമ്മി മാസ്‌കും ഇതിൽ ഉൾപ്പെടുന്നു. മമ്മി മാസ്‌ക് വെനസ്വേലൻ പതാകയിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഈജിപ്തിലെ 26-ാം രാജവംശത്തിലേതെന്ന് കരുതപ്പെടുന്ന 2,600 വർഷം പഴക്കമുള്ള മരത്തിൽ തീർത്ത പൂച്ചയുടെ ശില്പം പ്രതിയുടെ കൈവശത്തുനിന്നും നേരിട്ട് കണ്ടെടുത്തു. 2025ൽ ലോകപ്രശസ്തമായ ലൂവ്‌ർ മ്യൂസിയത്തിൽ നടന്ന കവർച്ചയ്ക്ക് സമാനമായ രീതിയിലായിരുന്നു ഇതും. മ്യൂസിയത്തിന്റെ ജനൽ തകർത്താണ് പ്രതി അകത്തു കടന്നത്. കണ്ടെടുത്ത പുരാവസ്തുക്കൾക്ക് ചെറിയ പോറലുകൾ അല്ലാതെ മറ്റ് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.