ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ വീട്ടിൽ അതിക്രമിച്ചു കയറി മറ്റൊരു സ്ത്രീക്കും കുട്ടിക്കുമൊപ്പം സ്ഥിരതാമസമാക്കിയ ആൾക്കെതിരെ കീഴ്‌വായ്പൂർ പോലീസ് കേസെടുത്തു. മല്ലപ്പള്ളി വെസ്റ്റ് ചെമ്പുകുഴിയിൽ വീട്ടിൽ സി.ടി.സജികുമാർ (മധു) ഒപ്പം താമസിച്ചിരുന്ന മുരണി സ്വദേശിനിയായ യുവതിക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സജികുമാറും ഭാര്യയുമായുള്ള കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് തിരുവല്ല കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. വീട്ടിൽ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഇയാളും സുഹൃത്തുക്കളും ചേർന്ന് മകനെ മർദിച്ചതിനും കോടതിയിൽ മറ്റൊരു കേസുമുണ്ട്. ഭാര്യയും മകനും നൽകിയ പരാതിയെ തുടർന്ന് വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും വീട്ടില ഒരു മുറി മാത്രം സജികുമാറിനായി വിട്ടു നൽകുകയും ചെയ്തു.
മറ്റ് മുറികളിൽ പ്രവേശിക്കാനോ വീട്ടിലേക്ക് പുറത്തു നിന്നും ആരെയും കൊണ്ടുവരാനും പാടില്ലെന്നും ഭാര്യയ്ക്കും അമ്മയ്ക്കും മകനും അവിടെ താമസിക്കാം എന്നും കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ അമ്മയെയും മകനെയും അവിടെ താമസിപ്പിക്കാൻ ഇയാൾ അനുവദിച്ചിരുന്നില്ല ഇയാളുടെ ഭാര്യ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഭാര്യയും അമ്മയും സഹോദരനുമൊപ്പം കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിലെത്തിയപ്പോൾ കതക് അകത്തു നിന്നും പൂട്ടുകയും ലൈറ്റുകൾ കെടുത്തുകയും ചെയ്തു. ഇവർ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും സജികുമാർ തുറന്നില്ല. ഭാര്യയുടെ പരാതിയെ തുടർന്ന് രാത്രിയിൽ തന്നെ പോലീസെത്തുകയും വാതിൽ തുറക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്നാണ് വീട്ടിനുള്ളിൽ നിന്നും ഇയാൾക്കൊപ്പം താമസിച്ചിരുന്ന യുവതിയും കുട്ടിയും പുറത്തിറങ്ങിയത്. കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ഇവിടെ നിന്നും മാറണമെന്ന് പോലീസ് ഇവർക്ക് നിർദേശവും നൽകി.
ഭാര്യ വിദേശത്തായിരുന്നതിനാൽ ഏറെക്കാലമായി ഇയാൾ യുവതിക്കും കുട്ടിക്കുമൊപ്പം ഈ വീട്ടിൽ തന്നെയായിരുന്നു താമസം. മറ്റ് മുറികളുടെ വാതിലുകൾ ഇയാൾ ഇളക്കിയ നിലയിലായിരുന്നു. പൂട്ടിയിട്ട മുറിക്കുള്ളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പല വസ്തുക്കളും കാണാതായതായും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.