നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ ജീവിതം ദുരിതത്തില്‍. ജനുവരി 18നാണ് ആകാശ് കൈലാഷ് കനോജിയ എന്ന 31കാരനെ പ്രതിയെന്ന് സംശയിച്ച് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതോടെ തന്റെ ഉപജീവനമാര്‍ഗമായ ജോലി നഷ്ടപ്പെട്ടുവെന്നും വിവാഹം മുടങ്ങിയെന്നും യുവാവ് പറഞ്ഞു. കൊളാബയിലാണ് ആകാശ് താമസിക്കുന്നത്. ഛത്തീസ്ഗഡിലെ തന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുര്‍ഗ് സ്റ്റേഷനില്‍ വെച്ച് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജ്ഞാനേശ്വര്‍ എക്‌സ്പ്രസില്‍ ബിലാസ്പൂരിലേക്ക് പോകുകയായിരുന്നു താനെന്ന് ഇദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സുഖമില്ലാത്ത തന്റെ മുത്തശ്ശിയെയും തന്റെ പ്രതിശ്രുതവധുവിനെയും കാണാനായാണ് മുംബൈയില്‍ നിന്ന് താന്‍ യാത്ര തിരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ദുര്‍ഗ് സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തന്നെ കസ്റ്റഡിയിലെടുത്തുവെന്ന് ആകാശ് പറഞ്ഞു.
സെയ്ഫ് അലിഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ ആക്രമിച്ച പ്രതിയാണ് ആകാശ് കൈലാഷ് കനോജിയ എന്ന് മുംബൈ പൊലീസ് വിവരം നല്‍കിയതിന് പിന്നാലെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചിത്രം ടിവിയിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചുവെന്ന് ആകാശ് പറഞ്ഞു. ഇതോടെയാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നും തന്റെ വിവാഹം മുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ടൂര്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു കനോജിയ. ജനുവരി 18ന് പത്ത് മണിയോടെ ദുര്‍ഗ് സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കനോജിയയെ കസ്റ്റഡിയിലെടുത്ത് റായ്പൂരിലേക്ക് കൊണ്ടുപോയത്. ഏകദേശം 12 മണിക്കൂറിന് ശേഷം മുംബൈ പൊലീസില്‍ നിന്നുള്ള ഒരുസംഘം റായ്പൂരിലെത്തി. തുടരന്വേഷണത്തിനായി ആകാശിനെ മുംബൈയിലേക്ക് കൊണ്ടുപോകുകയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സെയ്ഫിനെ ആക്രമിച്ചത് താനല്ലെന്ന് ആകാശ് പറഞ്ഞു. അതൊന്നും പോലീസ് ചെവികൊണ്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനുവരി 19ന് കനോജിയയെ പോലീസ് വെറുതെ വിടുകയും ചെയ്തു. അതേദിവസം തന്നെയാണ് സെയ്ഫിനെ ആക്രമിച്ച യഥാര്‍ത്ഥ പ്രതിയായ ഷരീഫുല്‍ ഇസ്ലാം ഷെഹ്‌സാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.