കാലം മാറിയിട്ടും സഭയുടെ സങ്കുചിതമായ ചട്ടങ്ങള്‍ മാറ്റാത്തതിനാല്‍ യുവാവിന്റെ വിവാഹം നടന്നില്ല.
ക്നാനായ സഭ അംഗമായ കാസര്‍കോട് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണിന്റെയും വിജിയുടെയും വിവാഹത്തിനാണ് കോട്ടയം രൂപതക്ക് കീഴിലുള്ള ക്നാനായ സഭ പള്ളിയായ സെന്റ്ആന്റ്സ് പള്ളി അനുമതി നല്‍കാതിരുന്നത്. തുടര്‍ന്ന് ഇവര്‍ തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള വധുവിന്റെ പള്ളിയായ രാജപുരം കൊട്ടോടി സെന്റ് സേവേഴ്യസ് ദേവാലയത്തില്‍ എത്തി. എന്നാല്‍ കുറിയില്ലാത്തതിന്റെ പേരില്‍ കോടതി ഉത്തരവുണ്ടായിട്ടും ഇടവക ആചാരപൂർവ്വം വിവാഹം നടത്തികൊടുക്കാൻ തയാറായില്ല. ഇതില്‍ പ്രതിഷേധിച്ച് വധുവരന്‍മാര്‍ പള്ളി മുറ്റത്ത് പുരോഹിതന്റെ കാര്‍മികത്വമില്ലാതെ പരസ്പരം മാലയിട്ടും താലിചാര്‍ത്തിയും പ്രതിഷേധിക്കുകയായിരുന്നു.
ക്നാനായ സഭയിലുള്ളവര്‍ മറ്റു സഭയിൽ നിന്നും വിവാഹം ചെയ്യാനുള്ള വിലക്ക് നീക്കിയ കോടതി ഉത്തരവ് പ്രകാരമുള്ള ആദ്യ വിവാഹമായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. വിവാഹം പള്ളിയില്‍ നടത്താന്‍ അനുവദിക്കാത്തതോടെ കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങുകയാണ് ക്സാനായ വിവാഹത്തർക്കം.
ഓട്ടോറിക്ഷ തൊഴിലാളിയായ ജസ്റ്റിന്‍ ജോണ്‍ മംഗലത്ത് ക്നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍ നിന്നും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിറോ മലബാര്‍ സഭയിലെ രൂപതയില്‍ നിന്നുള്ള വിജി മോളുമായാണ് വിവാഹം തീരുമാനിച്ചത്. സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍സി നടത്തിയ നിയമപോരാട്ടത്തെ തുടർന്നായിരുന്നു സഭ മാറിയുള്ള വിവാഹത്തിന് ഇരുവരും തയ്യാറെടുത്തത്.
എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും കൊട്ടോടി സെന്റ് സേവേഴ്യസ് ചർച്ച് ഇടവക വിവാഹം നടത്തികൊടുത്തില്ല. ഇന്നലെ വിവാഹം നടക്കാതിരിക്കാൻ ഇടവക അധികാരികൾ പള്ളിയിൽ വിശ്വാസികളെ പങ്കെടുപ്പിച്ച് പ്രാർത്ഥനാ യജ്ഞം നടത്തി. പള്ളിയിൽ വധുവും വരനും എത്തിയെങ്കിലും വിവാഹം നടക്കാതായി. തുടർന്ന് പള്ളിക്ക് പുറത്തെ വേദിയിൽ വെച്ച് ഇരുവരും മാലചാർത്തി. 750 പേർക്കുള്ള സദ്യയും വിളമ്പി. തലശ്ശേരി അതിരൂപതയിലെ പള്ളിയില്‍ വെച്ച് നേരത്തെ ജസ്റ്റിന്റെയും വിജിമോളുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
മറ്റ് സഭയിൽ നിന്നും വിവാഹം കഴിച്ചാല്‍ രക്ത ശുദ്ധി നഷ്ടപ്പെടുമെന്നാണ് ക്നാനായ വിശ്വാസം. ഇതിനാല്‍ ഇത്തരം വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭയ്ക്ക് പുറത്തപോകണമെന്നായിരുന്നു സഭാനിയമം. ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പാണ് നീണ്ട നിയമപോരാട്ടത്തിനിറങ്ങിയത്. 2021 ഏപ്രില്‍ 30ന് കെസിഎന്‍എസ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോട്ടയം അഡീഷണല്‍ സബ് കോടതി മറ്റേതെങ്കിലും രൂപതയില്‍ നിന്നുള്ള ഒരു കത്തോലിക്കനെ വിവാഹം കഴിച്ചുവെന്ന കാരണത്താൽ സഭാ അംഗത്വം അവസാനിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അപ്പീല്‍ ജില്ലാ കോടതി തള്ളിയതിനെത്തുടര്‍ന്ന് മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പും അതിരൂപതയും നിരോധനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
മാര്‍ച്ച് 10 ന് ജസ്റ്റിസ് എം ആര്‍ അനിതയുടെ ബെഞ്ച് കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. അപ്പീല്‍ അന്തിമ തീര്‍പ്പാക്കുന്നതുവരെ തൽസ്ഥിതി തുടരുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് കോട്ടയം അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും സഭയിലെ അംഗങ്ങള്‍ മറ്റൊരു രൂപതയിലെ കത്തോലിക്കനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആര്‍ച്ച് ബിഷപ്പിനോടോ അതിരൂപതയോടോ ‘വിവാഹകുറി‘യോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ ആവശ്യപ്പെടാമെന്നിരിക്കെയാണ് ഇടവക ഇത്തരമൊരു നിലപാടെടുത്ത് വിവാഹത്തിന് എതിരുനിന്നത്.
english summary;The marriage of the young man did not take place because the strict rule
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.