മീഡിയവൺ ചാനലിന് സംപ്രേഷണ വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അടുത്ത ഉത്തരവ് വരെ പ്രവർത്തനം തുടരാമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യസുരക്ഷയുടെ പേരിലാണ് മീഡിയവണ്ണിന് കേന്ദ്ര സർക്കാർ വിലക്കേര്‍പ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലെ വിവരങ്ങൾ അറിയുന്നതിന് ഹര്‍ജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവരും അംഗങ്ങളായ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണ്ടിവരുന്ന കേസാണെന്ന് ബോധ്യപ്പെട്ടുവെന്നും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനലിന് മുമ്പുള്ളത് പോലെ പ്രവര്‍ത്തിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് സുരക്ഷാ ക്ലിയറന്‍സ് ആവശ്യമില്ലെന്ന് മീഡിയവണിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ ഈ നടപടി അംഗീകരിക്കപ്പെട്ടാല്‍ രാജ്യത്തെ ഒരു മാധ്യമങ്ങള്‍ക്കും പിന്നീട് നിലനില്പ് ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സംപ്രേഷണവിലക്ക് ശരിവച്ച കേരള ഹൈക്കോടതിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മീഡിയവണ്‍ യുട്യൂബ് ചാനലില്‍ വാര്‍ത്ത നല്‍കിയെന്ന് എഎസ്ജി കെ എം നാഗരാജ് വാദിച്ചു. കോടതിയുടെ തീരുമാനത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാര്‍ക്കും ഉണ്ടെന്നായിരുന്നു ഇതിന് സുപ്രീം കോടതിയുടെ മറുപടി. നിലവില്‍ മീഡിയവണ്ണിന്റെ സമൂഹ മാധ്യമ ചാനലുകളും പേജുകളും വെബ്‌സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. ഡിവിഷന്‍ ബെഞ്ച് ഇത് ശരിവച്ചു. ഇതിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവർത്തക യൂണിയന്‍ എന്നിവരാണ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്.
വാദങ്ങള്‍ മുദ്ര വെച്ച കവറില്‍ കൈമാറുന്ന രീതിയ്‌ക്കെതിരെ സുപ്രീം കോടതി. പട്ന ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ഈ പ്രവണതയ്‌ക്കെതിരെ രംഗത്തെത്തിയത്. ഈ കോടതിയില്‍ മുദ്ര വെച്ച കവറുകള്‍ ദയവായി നല്‍കരുതെന്നും അത് നിങ്ങള്‍ തന്നെ കൈവശം വച്ചോളു എന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍. തന്ത്രപ്രധാനമായ കേസുകളില്‍ എതിര്‍ കക്ഷികളെയും പൊതു ജനങ്ങളെയും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള മുദ്രവച്ച കവര്‍ അടുത്തിടെ മീഡിയവണ്‍ അടക്കമുള്ള കേസുകളില്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നു.
English summary; The MediaOne channel may continue to broadcast
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.