ഒക്ടോബർ വിപ്ലവത്തിന്റെ ധീരോജ്വലമായ ഓർമ്മകളും മഹത്തായ സന്ദേശവും ഒരിക്കലും മറന്നുകൂടാത്ത ചരിത്രവും ജനങ്ങളിലേക്ക് വീണ്ടുമെത്തിക്കാൻ മുന്നിട്ടിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.
മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ 107-ാമത് വാർഷികമാഘോഷിക്കാൻ തയ്യാറെടുക്കുകയാണ് ലോകം. 1917 നവംബർ ഏഴിനാണ് ലെനിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ സാമ്രാജ്യത്വ ഭരണകൂടത്തെ വലിച്ചെറിഞ്ഞ് സോവിയറ്റ് യൂണിയൻ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. ഒരാൾ പോലും പട്ടിണി കിടക്കാത്ത, എല്ലാവർക്കും തൊഴിലും തുല്യനീതിയും ഉറപ്പുവരുത്തുന്ന സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാനുള്ള സോവിയറ്റ് യൂണിയന്റെ യത്നം ഒരു വലിയ പരിധി വരെ വിജയം കണ്ടു. ഒക്ടോബർ വിപ്ലവത്തിൽ നിന്ന് ആവേശവും ഊർജവും ഉൾക്കൊണ്ട്, യൂറോപ്പിൽ മാത്രമല്ല ഏഷ്യയിലും ആഫ്രിക്കയിലുമെല്ലാം തൊഴിലാളി വർഗത്തിന്റെ വലിയ മുന്നേറ്റങ്ങൾ ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. മാർക്സിസ്റ്റ് — ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി ജനകീയ ഭരണകൂടങ്ങൾ ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗങ്ങളിലും അധികാരത്തിലേറി.
ലോകത്തെ മുഴുവൻ ഫാസിസത്തിന്റെ കരാള ഹസ്തങ്ങളിലൊതുക്കി ഹിറ്റ്ലറുടെ നാസിപ്പട ആഞ്ഞടിച്ചപ്പോൾ അവരെ വിജയകരമായി ചെറുത്തതും തോൽപ്പിച്ചതും സോവിയറ്റ് യൂണിയനാണ്. അമേരിക്കൻ സാമ്രാജ്യത്വം കമ്മ്യൂണിസ്റ്റ് ഉമ്മാക്കിയുടെ പേരു പറഞ്ഞ് ചെറുരാജ്യങ്ങൾക്ക് നേരെ അക്രമമഴിച്ചു വിടുകയും യുദ്ധഭീഷണി മുഴക്കുകയും ചെയ്തപ്പോഴൊക്കെ കാവലാളായി സോവിയറ്റ് യൂണിയൻ നിലയുറപ്പിച്ചു. ബംഗ്ലാദേശ് വിമോചനത്തിനായുള്ള ഇന്ത്യൻ പരിശ്രമങ്ങളെ പരാജയപ്പെടുത്താൻ കപ്പൽപ്പടയെ അയച്ച റിച്ചാർഡ് നിക്സണ് ഗത്യന്തരമില്ലാതെ അതിനെ പിൻവലിക്കേണ്ടി വന്നത് ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്തായി അന്നൊപ്പമുണ്ടായിരുന്ന സോവിയറ്റ് യൂണിയന്റെ സാന്നിധ്യം കൊണ്ടാണെന്ന് നമുക്കറിയാം.
സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തകർച്ചയോടെ ഏറ്റവും വലിയ തിരിച്ചടിയേറ്റത് ലോക സമാധാന പ്രസ്ഥാനത്തിനാണ്. ലോകത്തിന്റെ കണ്ണുനീർതുള്ളിയായി പലസ്തീൻ മാറിയത്, അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ ലോക സമാധാനത്തെ ചവിട്ടി മെതിക്കുന്നത്, ഗാസയും ഉക്രെയ്നുമെല്ലാം പിഞ്ചു കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയത് സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് രാഷ്ട്രസമൂഹവും ഇല്ലാതായത് കൊണ്ടാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.