22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026

പൗരന്മാരുടെ ആത്മാഭിമാനം അടിയറവച്ച മോഡി ഭരണകൂടം

Janayugom Webdesk
February 19, 2025 5:00 am

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദർശനത്തിന്റെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയുടെയും ആത്യന്തിക ഫലം ഇന്ത്യയുടേയും 140 കോടിയില്പരം വരുന്ന ഇന്ത്യക്കാരുടെയും ആത്മാഭിമാനം അമേരിക്കൻ സാമ്രാജ്യത്തിന് അടിയറവയ്ക്കലായിരുന്നു. ഞായറാഴ്ച രാത്രി അമൃത്‌സറിൽ ഇറങ്ങിയ യുഎസ് സൈനികവിമാനത്തിൽ ആരാജ്യം നാടുകടത്തിയ 112 യാത്രക്കാരും കൈകാലുകൾ ബന്ധിക്കപ്പെട്ടാണ് യാത്ര പൂർത്തിയാക്കിയത്. അതിന് മുമ്പ് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടുതവണകളിലായി അമൃത്സറിൽ ഇറങ്ങിയ യാത്രക്കാരും ചങ്ങലകളിൽ ബന്ധിതരായാണ് നാടുകടത്തപ്പെട്ടത്. ആദ്യ വിമാനത്തിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാർ ചങ്ങലകളിൽ ബന്ധിതരായി സൈനികവിമാനത്തിലേക്ക് ആട്ടിത്തെളിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങൾ ലോകവ്യാപകമായി യുഎസ് ഭരണകൂടം പ്രചരിപ്പിച്ചിരുന്നു. അനധികൃത കുടിയേറ്റത്തെ ആരും ന്യായീകരിക്കാൻ മുതിരില്ല. എന്നാൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ പൗരന്മാരെ ചങ്ങലയ്ക്കിട്ടു നാടുകടത്തുന്നത് നാടുകടത്തപ്പെട്ട വ്യക്തികളുടെ മാത്രമല്ല അവർ ഏതൊരു രാജ്യത്തെ പൗരന്മാരാണോ ആ രാജ്യത്തിന്റെ ആത്മാഭിമാനംകൂടിയാണ് ചോദ്യചെയ്യപ്പെടുന്നത്. അത് ആത്മാഭിമാനത്തിന്റെ പ്രശ്നമായി തോന്നാത്തത് ഇന്ത്യൻ പ്രധാനമന്ത്രിക്കും അദ്ദേഹം നയിക്കുന്ന സർക്കാരിനും പ്രതിനിധാനം ചെയ്യുന്ന നാണംകെട്ട രാഷ്ട്രീയത്തിനും ആശയത്തിനും മാത്രമാണ്. മോഡി സർക്കാരിലെ വിദേശകാര്യമന്ത്രി ഇന്ത്യയുടെ പാർലമെന്റിൽ യുഎസ് ഭരണകൂടത്തിന്റെ നടപടികളെ ന്യായീകരിക്കാൻ മുതിർന്നുവെന്നത് ഈ ഭരണകൂടത്തിന് ട്രംപ് ഭരണകൂടത്തോടും അത് പ്രതിനിധാനം ചെയ്യുന്ന യാങ്കി ആധിപത്യ മനോഭാവത്തോടുമുള്ള വിധേയത്വത്തെയാണ് അടയാളപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യരാഷ്ട്രമെന്നും സാമ്പത്തിക വളർച്ചയിലും ചരിത്ര പാരമ്പര്യത്തിലും ലോകത്തിന്റെ മുൻനിരയിൽ സ്ഥാനമുറപ്പിച്ച രാജ്യമെന്നും ഊറ്റംകൊള്ളുന്നവരാണ് സ്വന്തം പൗരന്മാരുടെ ആത്മാഭിമാനത്തിന് വില കല്പിക്കാതെ 

അത് ചോദ്യംചെയ്യപ്പെടുമ്പോഴും വിനീത വിധേയരായി പഞ്ചപുച്ഛമടക്കി നട്ടെല്ലുവളച്ച് സാമ്രാജ്യത്വ സ്തുതിപാഠകരായി അധഃപതിച്ചിരിക്കുന്നത്.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന പദവിക്കുപകരം ഒരു ‘ക്ലയന്റ് ’ രാഷ്ട്രത്തിൽ നിന്നുള്ള ഇടപാടുകാരന്റെ വേഷമണിഞ്ഞാണ് നരേന്ദ്ര മോഡി തന്റെ യുഎസ് സന്ദർശനത്തിന് ഇറങ്ങി പുറപ്പെട്ടതുതന്നെ. യുഎസിന്റെ അയൽരാജ്യങ്ങളായ കാനഡ, മെക്സിക്കോ തുടങ്ങി തെക്കേ അമേരിക്കയിലെ പഴയ ബനാന റിപ്പബ്ലിക്കുകളും ചൈനയുമടക്കം ആത്മാഭിമാനമുള്ള ജനതകളും ഭരണകൂടങ്ങളും ട്രംപിന്റെ വ്യാപാര പോർവിളികളെയും താരിഫ് ഭീഷണികളെയും നേരിടാൻ കാണിച്ച ആത്മവിശ്വാസവും കരുത്തും പ്രകടിപ്പിക്കാൻ എന്തെ ‘വിശ്വഗുരു’ നരേന്ദ്ര മോഡിക്കായില്ല? രാഷ്ട്രതലസ്ഥാനത്തുനിന്നും വിമാനം കയറുംമുമ്പുതന്നെ സന്ദർശനം രാജ്യത്തിനുവേണ്ടി എന്താണ് കാത്തുവയ്ക്കുന്നതെന്ന് വ്യക്തമായിരുന്നു. യുഎസിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഗണ്യമായ തീരുവ ഇളവുകൾ ഉണ്ടാകുമെന്ന് ധനമന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ബാബുമാർ സൂചന നൽകിയിരുന്നു. അതിന്റെ ആഴവും വ്യാപ്തിയും ഇനിയും അറിയാനിരിക്കുന്നതേയുള്ളു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ലഭിച്ച പ്രാധാന്യത്തേക്കാൾ ഏറെ ലോകത്തെ ഏറ്റവും സമ്പന്നനായ എലോൺ മസ്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ലഭിച്ചതും തീർത്തും സ്വാഭാവികം. മസ്കിന്റെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കാനുള്ള തയ്യാറെടുപ്പിന്റെ വാർത്തകൾ ആ സന്ദർശനത്തിന്റെയും കൂടിക്കാഴ്ചയുടെയും ബാക്കിപത്രമല്ലെങ്കിൽ മറ്റെന്താണ്? യുപിഎ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച സ്വകാര്യ ആണവ സഹകരണകരാറിൽ യുഎസ് കുത്തകകൾക്ക് സ്വീകാര്യമായ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് അവരുടെ കാലഹരണപ്പെട്ട ആണവ സാങ്കേതികവിദ്യക്കും ഊർജനിലയങ്ങൾക്കും ഇന്ത്യയിൽ മോഡി ഭരണകൂടം ചുവപ്പുപരവതാനി വിരിച്ചുകഴിഞ്ഞു. അമേരിക്കൻ നിർമ്മിത ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഏറ്റവും വലിയ വിപണിയായി മാറാൻ ഉതകുവിധം രാജ്യത്തിന്റെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു. പ്രത്യുപകാരമെന്നോണം യുഎസ് നീതിന്യായ സംവിധാനം തന്റെ ഉറ്റ ചങ്ങാതി ഗൗതം അഡാനിക്കും ബന്ധു പരിവാരങ്ങൾക്കുമെതിരെ ആരംഭിച്ച നിയമനടപടികൾ കെട്ടിപ്പൂട്ടി ട്രംപും 

പ്രത്യുപകാരത്തിന് സന്നദ്ധനായി. മോഡിയുടെ ഔദ്യോഗിക യുഎസ് സന്ദർശന വിജയത്തിന് ഇതില്പരം ഇനി എന്തുവേണം.
ഇന്ത്യ യുഎസ് ഉഭയകക്ഷി ബന്ധത്തിന്റെ ബലതന്ത്രം എന്തെന്നും അതിൽ ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ സ്ഥാനമെന്തെന്നും അസന്ദിഗ്‌ധമായി ബോധ്യപ്പെടുത്തുന്നതാണ് മേല്പറഞ്ഞ വസ്തുതകൾ. തീവ്ര ദേശീയതയുടെ മറവിൽ സ്വന്തം ചങ്ങാതിമാർ നേതൃത്വംനൽകുന്ന കുത്തക കോർപറേറ്റുകളുടെ അതിരുകളില്ലാത്ത ലാഭതാല്പര്യത്തിനപ്പുറം പൗരന്മാരുടെ ആത്മാഭിമാനത്തിനോ മാനവിക മൂല്യങ്ങൾക്കോ തെല്ലും വിലകല്പിക്കാത്ത ഇടപാടുകളാണ് മോഡി — ട്രംപ് ബന്ധത്തിന്റെ അടിത്തറയെന്നാണ് ഈ സന്ദർശനവും അതിന്റെ അന്തരഫലവും തെളിയിക്കുന്നത്. ഇതിനകം നാടുകടത്തപ്പെട്ട നാനൂറോളം ഇന്ത്യക്കാർ മാത്രമല്ല കൊടിയ അപമാനത്തിന് ഇരകളാവുക. അത്തരത്തിൽ നാടുകടത്തപ്പെടാൻ ചാപ്പകുത്തപ്പെട്ട ആയിരങ്ങളും സമാന സാഹചര്യങ്ങളായിരിക്കും നേരിടേണ്ടിവരിക. ഇന്ത്യൻ പൗരന്മാരുടെ പ്രാഥമിക മനുഷ്യാവകാശങ്ങളും ആത്മാഭിമാനവും സംരക്ഷിക്കാൻ കഴിയാത്ത മോഡി ഭരണകൂടത്തിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശമാണ് നഷ്ടമായിരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.