22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026

ഹാര്‍വാഡിനെതിരായ നീക്കം തുടരുന്നു; വിദേശ വിദ്യാർത്ഥികളെ വിലക്കും

തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപണം 
രണ്ട് ഗ്രാന്റുകള്‍ നിര്‍ത്തലാക്കി
Janayugom Webdesk
വാഷിങ്ടണ്‍
April 17, 2025 9:37 pm

ഹാര്‍വാഡ് സര്‍വകലാശാലയ്ക്കെതിരെ കൂടുതല്‍ പ്രതികാര നടപടികളുമായി ട്രംപ് ഭരണകൂടം. സര്‍വകലാശാലയില്‍ നിന്ന് വിദേശ വിദ്യാര്‍ത്ഥികളെ വിലക്കാനാണ് പുതിയ നീക്കം. വെെറ്റ് ഹൗസ് നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനു പിന്നാലെയാണ് നടപടി. ഈ മാസം 30നകം അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസ പദവിയുള്ളവരുടെ നിയമവിരുദ്ധവും അക്രമാസക്തവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രേഖകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. അല്ലാത്തപക്ഷം, സ്റ്റുഡന്റ് ആന്റ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം (എസ്ഇവിപി) സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. 2.7 മില്യൺ ഡോളറിലധികം മൂല്യമുള്ള രണ്ട് ഗ്രാന്റുകൾ നിര്‍ത്താലാക്കുമെന്നും ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ് ) പ്രഖ്യാപിച്ചു. അതേസമയം, സര്‍വകലാശാല അതിന്റെ സ്വാതന്ത്ര്യമോ ഭരണഘടനാപരമായ അവകാശങ്ങളോ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നാണ് ഹാര്‍വാഡിന്റെ നിലപാട്. സര്‍വകലാശാല നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിലാണ് ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോം പ്രതികരിച്ചത്. നട്ടെല്ലില്ലാത്ത നേതൃത്വത്താൽ നയിക്കപ്പെടുന്ന ഹാര്‍വാഡ്, തീവ്രവാദ കലാപങ്ങളുടെ മാലിന്യക്കൂമ്പാരത്തിന് ഇന്ധനം നൽകുകയും ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നോം ആരോപിച്ചു. അമേരിക്കൻ വിരുദ്ധ, ഹമാസ് അനുകൂല പ്രത്യയശാസ്ത്രം സര്‍വകലാശാല കാമ്പസിനെ വിഷലിപ്തമാക്കുന്നതിനാൽ, ഉന്നത വിദ്യാഭ്യാസത്തിന്റെ അത്യൂന്നത സ്ഥാപനമെന്ന ഹാർവാഡിന്റെ സ്ഥാനം വിദൂര ഓർമ്മയാണെന്നും പ്രസ്താവനയില്‍ നോം വിമര്‍ശനമുന്നയിച്ചു.

ഹമാസ് ‑ഇസ്രയേല്‍ യുദ്ധത്തിനു ശേഷം ഹാർവാഡിലെ വിദേശ വിസ കൈവശം വച്ചിരിക്കുന്ന കലാപകാരികളും ഫാക്കൽറ്റിയും ജൂത വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സെമറ്റിക് വിരുദ്ധ വിദ്വേഷം പ്രചരണം നടത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു. ഹാർവാഡിനെ ഇനി ഒരു മാന്യമായ പഠന സ്ഥലമായി പോലും കണക്കാക്കാൻ കഴിയില്ല, ലോകത്തിലെ മികച്ച സർവകലാശാലകളുടെയോ കോളജുകളുടെയോ പട്ടികയിലും ഇതിനെ പരിഗണിക്കരുത്, ഹാർവാഡ് ഒരു തമാശയാണ്, വെറുപ്പും മണ്ടത്തരവും പഠിപ്പിക്കുന്നു എ­ന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്‌സിറ്റി തടഞ്ഞതോടെയാണ് പ്രതികാര നടപടി ആരംഭിച്ചത്. ഹാർവാഡിന്റെ പ്രവർത്തനങ്ങൾ, പ്രവേശനം, നിയമനം, ഫാക്കൽറ്റി, വിദ്യാർത്ഥി ജീവിതം എന്നിവയെല്ലാം മാറ്റിയെഴുതുന്ന അഞ്ച് പേജുള്ള ഒരു പുതിയ ആവശ്യങ്ങളുടെ പട്ടികയാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാൽ ഇത് ലഭിച്ച് 72 മണിക്കൂറുകൾ പിന്നിട്ടപ്പോള്‍ തന്നെ ഹാർവാഡ് അത് നിരസിക്കുകയും ചെയ്തു. പിന്നാലെ ഹാര്‍വാഡിന്റെ 220 കോടി ഡോളറിന്റെ ധനസഹായം റദ്ദാക്കി. ട്രംപ് പറയുന്ന കാര്യങ്ങള്‍ക്ക് അനുകൂലമായ നടപടികള്‍ സര്‍വ്വകലാശാലയുടെ പക്കല്‍ നിന്ന് ഉണ്ടായില്ലെങ്കില്‍ ആദ്യ പടിയായി സര്‍വകലാശാലയ്ക്കുള്ള നികുതി ഇളവുകള്‍ വെട്ടിച്ചുരുക്കുമെന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനമായി കണ്ട് പുതിയ നികുതികള്‍ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗാസയിലെ യുദ്ധത്തിനെതിരായ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്തതിന്റെ പേരിൽ 400 മില്യൺ ഡോളർ ഗവേഷണ ഗ്രാന്റുകളും മറ്റ് ധനസഹായവും വൈറ്റ് ഹൗസ് പിൻവലിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം കൊളംബിയ സര്‍വകലാശാല ഭരണകൂടത്തിന്റെ നിരവധി ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. എ­ന്നാല്‍ സർക്കാരുമായി ക്രിയാത്മകമായ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ സ്വാതന്ത്ര്യവും സ്വയംഭരണവും ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്ന ഏതൊരു കരാറും നിരസിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം സര്‍വകലാശാല അറിയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.