
രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരും ഉപജീവനത്തിനായി ആശ്രയിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന മുറവിളി കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍, മേയ് മാസങ്ങളിലെ അവിദഗ്ധ ജോലികള്‍ക്കുള്ള ആവശ്യം വര്‍ധിച്ചിട്ടും ആവശ്യമായ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം മുഖംതിരിച്ചതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ എണ്ണം 8.6 ശതമാനം കൂടി. എന്നാൽ സൃഷ്ടിച്ച വ്യക്തിഗത തൊഴില്‍ ദിനങ്ങൾ 7.1 ശതമാനം കുറഞ്ഞു. ഒരു കുടുംബത്തിന് ശരാശരി തൊഴിൽ ദിനങ്ങളുടെ എണ്ണത്തില്‍ 4.3 ശതമാനം കുറവുണ്ടായി. പദ്ധതി ഉറപ്പുനൽകുന്ന 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത് ഏഴ് ശതമാനം കുടുംബങ്ങൾ മാത്രമാണെന്നും ലിബ്ടെക് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2023–24ല്‍ ആകെ തൊഴില്‍ ദിനങ്ങള്‍ 289 കോടിയിലേറെയായിരുന്നത് 2024–25 ല്‍ 268 കോടിയായി ഇടിഞ്ഞു. തൊഴിൽ നൽകിയ കുടുംബങ്ങളുടെ എണ്ണം 55.1 ദശലക്ഷത്തിൽ നിന്ന് 53.5 ദശലക്ഷമായും കുറഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ 20.12 ദശലക്ഷം പേരാണ് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടതെന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം പറയുന്നു. മേയില്‍ 20.37 ദശലക്ഷമായി വര്‍ധിച്ചുവെന്നും പറയുന്നു. തൊഴിലുറപ്പ് പദ്ധതി ബജറ്റ് വിഹിതം മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുകയാണ്. 2024 — 25ല്‍ 86,000 കോടി രൂപയാണ് വകയിരുത്തിയത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തുക വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും ധനകാര്യ മന്ത്രാലയം ചെവിക്കൊണ്ടില്ല.
തൊഴിലാളികളുടെയും തൊഴില്‍ കാര്‍ഡുകളുടെയും എണ്ണം വര്‍ധിച്ചുവെങ്കിലും ആനുപാതികമായ തൊഴില്‍ സൃഷ്ടിയും ഉണ്ടായില്ല. 2024–25 ല്‍ 1.16 കോടി കാര്‍ഡുകളും 1.31 കോടി തൊഴിലാളികളും പുതിയതായി രജിസ്റ്റര്‍ ചെയ്തു. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തുടനീളം 5.9 കോടി ഗുണഭോക്താളെയും 2.1 കോടി കുടുംബങ്ങളെയും ഒഴിവാക്കി. ശരാശരി തൊഴില്‍ ദിനങ്ങള്‍ 52 ല്‍ നിന്ന് 50 ആയി കുറഞ്ഞു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടപ്പിലാക്കിയ ആധാര്‍ അധിഷ്ഠിത വേതന വിതരണം (എബിപിഎസ്) വഴി ലക്ഷക്കണക്കിന് പേര്‍ പദ്ധതിയില്‍ നിന്ന് പുറത്തായി.
2005ല്‍ ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐ അടക്കമുള്ള പാര്‍ട്ടികളുടെ സമ്മര്‍ദഫലമായി ആരംഭിച്ച ജനക്ഷേമ പദ്ധതിയാണിത്. പ്രതിവര്‍ഷം 100ദിന തൊഴില്‍ നല്‍കി സാധാരണക്കാരെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച പദ്ധതിയെ മോഡി സര്‍ക്കാര്‍ ഞെക്കിക്കൊല്ലുന്ന സമീപനമാണ് സ്വീകരിക്കുന്നത്. 2015ല്‍ തൊഴിലുറപ്പ് പദ്ധതിയെ പ്രതിപക്ഷത്തിന്റെ പരാജയങ്ങളുടെ ജീവിക്കുന്ന സ്മാരകം എന്ന് നരേന്ദ്ര മോഡി വിശേഷിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.