
മൂന്നാം തവണയും അധികാരത്തിലേറിയ ശേഷം ജനജീവിതത്തിലും ഉപജീവന മാർഗങ്ങളിലും അടിമത്ത നയങ്ങൾ അടിച്ചേല്പിക്കാൻ എൻഡിഎ സർക്കാർ തീവ്രമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മോഡി ഭരണത്തിന്റെ മൂന്നാം ഘട്ടത്തിൽ കോർപറേറ്റുകളുടെയും തൊഴിലുടമകളുടെയും താല്പര്യങ്ങൾക്കനുസൃതമായി അടിമത്ത വ്യവസ്ഥകൾ അടിച്ചേല്പിക്കുന്നതും സംഘടിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനകളുടെ അംഗീകാരം, കൂട്ടായ വിലപേശൽ, പ്രക്ഷോഭങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിക്കാനും പണിമുടക്കാനുമുള്ള അവസരം എന്നിവ നിഷേധിക്കുന്നതുമായ വ്യവസ്ഥകൾ അടങ്ങിയ ലേബർ കോഡുകൾ നടപ്പാക്കുന്ന വിഷയം വീണ്ടും സജീവമായിരിക്കുന്നു.
കഴിഞ്ഞ 11 വർഷങ്ങളായി തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾക്കനുകൂലമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന മോഡി സർക്കാർ വരുത്തിവച്ച വിനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് തെലങ്കാനയിലെ സിഗാച്ചി കെമിക്കൽ ഫാക്ടറിയിലെയും, ഡല്‍ഹി ആലിപൂരിലെ അനധികൃത ഫാക്ടറിയിലെയും അപകടവും തമിഴ്‌നാട്ടിലെ ശിവകാശിയിലെ പടക്ക ഫാക്ടറിയിലുണ്ടായ ദുരന്തവും. പുതിയ ലേബർ കോഡുകളിൽ ഫാക്ടറികളിലെ പരിശോധനകൾ ഒഴിവാക്കിയതിന്റെയും തൊഴിലുടമയുടെ നിയമലംഘനങ്ങളും പരിസ്ഥിതി — സുരക്ഷാമാനദണ്ഡങ്ങളുടെ ലംഘനങ്ങളും ക്രിമിനൽക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയതിന്റെയും തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ 155, 187 കൺവെൻഷനുകൾ അംഗീകരിക്കാത്തതിന്റെയും പരിണിത ഫലങ്ങളാണീ അപകടങ്ങൾ.
രാജ്യത്ത് അസമത്വവും ദാരിദ്ര്യവും വർധിച്ചു. പോഷകാഹാരക്കുറവ് വ്യാപകമായി. തൊഴിലില്ലായ്മ കുതിച്ചുയർന്നു. തൊഴിൽ നിലവാരം മനുഷ്യത്വരഹിതമായ തലത്തിലേക്ക് താഴ്ന്നു. തൊഴിലാളികളുടെ വേതനം 2017 — 18 നെക്കാൾ 2024–24ൽ കുറഞ്ഞു. തൊഴിൽ വർധനവ് കേവലം 1.5 ശതമാനം മാത്രമായിരുന്നു. അതേസമയം ഈ കാലയളവിൽ കോർപറേറ്റ് മേഖലയുടെ ലാഭം 22.3 ശതമാനം വർധിച്ചു. സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും സ്വയംതൊഴിൽ ചെയ്യുന്നവരുടെയും അടിസ്ഥാനാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. സ്വകാര്യവൽക്കരണം ഊർജിതമായി. ജനാധിപത്യവും ഭരണഘടനയും വെല്ലുവിളികൾ നേരിടുന്നു. ഈ സാഹചര്യത്തിലാണ് പിന്തിരിപ്പൻ ലേബർ കോഡുകളെ പരാജയപ്പെടുത്തുന്നതിനും തൊഴിലാളികളുടെ ന്യായവും നിയമപരവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുന്നതിനും ദേശീയതലത്തിൽ തുടരുന്ന പ്രക്ഷോഭങ്ങളുടെ അടുത്ത ഘട്ടമെന്നോണം 2025 മേയ് 20ന് പൊതുപ്പണിമുടക്ക് നടത്താൻ കേന്ദ്ര ട്രേഡ് യൂണിയനുകൾ തീരുമാനിച്ചത്. എന്നാൽ ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തെത്തുടർന്നുള്ള രാജ്യത്തെ അസാധാരണ സാഹചര്യം പരിഗണിച്ച് ജനങ്ങളോട് ഉത്തരവാദിത്തവും രാജ്യസ്നേഹവുമുള്ള തൊഴിലാളികള്‍ ദേശീയ പൊതുപണിമുടക്ക് ജൂലൈ ഒമ്പതിലേക്ക് മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
സർക്കാരിന്റെ തൊഴിലാളി — കർഷക — ദേശവിരുദ്ധ കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരെയാണ് ഈ പണിമുടക്ക്. പൊതുമേഖലാ സ്ഥാപനങ്ങളുടെയും പൊതു സേവനങ്ങളുടെയും സ്വകാര്യവൽക്കരണം, ഔട്ട്സോഴ്സിങ്, കരാർവൽക്കരണം എന്നീ നയങ്ങൾക്കെതിരെയും, ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ അടിച്ചമർത്താനും തകർക്കാനും ഉദ്ദേശിച്ചുള്ള തൊഴിലാളി വിരുദ്ധ, തൊഴിലുടമാനുകൂല നയങ്ങൾക്കെതിരെയും, ജോലിസമയം വർധിപ്പിക്കൽ, കൂട്ടായ വിലപേശലിനും, പണിമുടക്കാനുള്ള അവകാശനിഷേധം, തൊഴിലുടമകൾ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമല്ലാതാക്കൽ, ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങൾ കുറ്റകരമാക്കൽ തുടങ്ങിയവയ്ക്കെതിരെയുമാണ് സമരം. തൊഴിലില്ലായ്മ പരിഹരിക്കുക, അംഗീകൃത തസ്തികകളിൽ നിയമനം നടത്തുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളും വേതനവും വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും ട്രേഡ് യൂണിയനുകൾ മുന്നോട്ടുവച്ചിട്ടുണ്ട്.
സംയുക്ത കിസാൻ മോർച്ചയും കർഷകത്തൊഴിലാളി യൂണിയനുകളുടെ സംയുക്ത മുന്നണിയും ഈ പണിമുടക്കിന് പിന്തുണ നൽകിയിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾക്കൊപ്പം ട്രേഡ് യൂണിയനുകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കുവേണ്ടി ഗ്രാമപ്രദേശങ്ങളില്‍ പണിമുടക്കിന് പിന്തുണയുമായി വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്.
ലേബർ കോഡുകൾ റദ്ദാക്കുകയും ഇന്ത്യന്‍ ലേബർ കോൺഫറൻസ് വിളിച്ചുകൂട്ടുകയും ചെയ്യുക, തൊഴിലിടങ്ങളിലെ സുരക്ഷയും തൊഴിലാളികളുടെ സുരക്ഷയും ഉറപ്പാക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ഓർഡനൻസ് ഫാക്ടറികളുടെ കോർപറേറ്റ്‌വൽക്കരണം പിൻവലിക്കുക, അഞ്ചുവർഷത്തിലൊരിക്കൽ മിനിമം വേതനം പരിഷ്കരിക്കുക, തൊഴിലില്ലായ്മ അവസാനിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനുമുള്ള ബജറ്റ് വിഹിതം വർധിപ്പിക്കുക, ആരോഗ്യസേവനങ്ങളിലെ കരാർവൽക്കരണം അവസാനിപ്പിക്കുക, പെൻഷൻ അവകാശമായി അംഗീകരിക്കുകയും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുകയും ചെയ്യുക, ബീഡി — സിഗരറ്റ് തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ അംഗങ്ങളാക്കുക, നിർമ്മാണത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുക, ഇ‑ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളെ സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുത്തുക, സ്കീം വർക്കർമാർക്ക് തൊഴിലാളി പദവി നൽകുക, കാലാവസ്ഥാ വ്യതിയാന പ്രതിരോധ — പുനരധിവാസ ഫണ്ട് രൂപീകരിക്കുക, അന്യ സംസ്ഥാന തൊഴിലാളി (കുടിയേറ്റ തൊഴിലാളി) നിയമം പരിഷ്കരിക്കുക, നഗര പ്രദേശങ്ങളിലും തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിക്കുക, ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച ഐഎൽഒ കൺവെൻഷനുകൾ അംഗീകരിക്കുകയും അനുയോജ്യമായ നിയമങ്ങൾ നിർമ്മിക്കുകയും ചെയ്യുക എന്നീ 17 ആവശ്യങ്ങളാണ് സമരസമിതി പണിമുടക്കിനാധാരമായി ഉന്നയിച്ചിട്ടുള്ളത്.
തികച്ചും ന്യായവും നിയമാനുസൃതവുമാണ് ഈ ആവശ്യങ്ങൾ. കൂടാതെ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളർച്ചയിൽ നിന്നും കരകയറ്റുന്നതിനും നിർണായകമാണ്. ഈ ആവശ്യങ്ങൾ നേടിയെടുക്കാൻ ഒമ്പതിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് ചരിത്ര വിജയമാക്കിത്തീർക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രചരണ പരിപാടികളിൽ അവരുടെ ആവേശം പ്രകടമായിരുന്നു. ജൂൺ 26 മുതൽ ജൂലൈ ഒന്ന് വരെ സംസ്ഥാനത്ത് മൂന്ന് മേഖലകളിലായി നടത്തിയ വാഹന പ്രചരണ ജാഥകളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്. തൊഴിലാളി വിരുദ്ധവും ദേശദ്രോഹപരവുമായ നയങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന പൊതുപണിമുടക്ക് ഒരു ചരിത്ര വിജയമാക്കിത്തീർക്കുവാൻ തൊഴിലാളികളോടും എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.