17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

April 1, 2024
March 28, 2024
March 24, 2024
March 20, 2024
February 23, 2024
February 21, 2024
February 9, 2024
February 6, 2024
January 3, 2024
November 26, 2023

രാജ്യത്തിന്റെ പൊതുകടം കുമിഞ്ഞുകൂടുന്നു; നിഷ്ക്രിയരായി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2024 11:23 pm

രാജ്യത്തിന്റെ വര്‍ധിച്ചു വരുന്ന പൊതുകടം ആശങ്ക സൃഷ്ടിക്കുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിച്ച് മോഡി സര്‍ക്കാര്‍. സര്‍ക്കാരും കുടുംബങ്ങളും നിലയില്ലാ കടത്തിലേയ്ക്ക് പതിച്ചിട്ടും തൊഴിലില്ലായ്മ പെരുകിയിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല.
കഴിഞ്ഞ ഡിസംബറില്‍, രാജ്യത്തിന്റെ കുതിച്ചുയരുന്ന കടബാധ്യതയില്‍ ഐഎംഎഫ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കടബാധ്യതയില്ലെന്ന ന്യായമാണ് കേന്ദ്ര സര്‍ക്കാര്‍ നിരത്തിയത്. സാമ്പത്തിക രംഗത്ത് തകര്‍ച്ചയുണ്ടാകില്ലെന്നും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ കടം ജിഡിപിയുടെ 86.5 ശതമാനമെത്തുന്നത് പ്രതിസന്ധിയാകില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. 2014–15 മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും പൊതുകടം വര്‍ധിച്ചുവരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. 

2014–15 ല്‍ 67 ശതമാനം കടമുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് 2020–21 സാമ്പത്തിക വര്‍ഷത്തെ ജിഡിപിയുമായി താരതമ്യം ചെയ്യുമ്പോള്‍ കടത്തിന്റെ തോത് ജിഡിപിയുടെ 90 ശതമാനമാണ് വര്‍ധിച്ചത്. 2022–23 കാലത്ത് കേന്ദ്രത്തിന്റെ കടബാധ്യത 61 ശതമാനം ആയിരുന്നുവെങ്കില്‍ സംസ്ഥാനങ്ങളുടേത് കേവലം 29.5 ശതമാനം നിരക്കില്‍ തുടര്‍ന്നു.
തൊഴില്‍ മേഖല നേരിടുന്ന സ്തംഭനാവസ്ഥ, പണപ്പെരുപ്പം എന്നിവയുടെ ഫലമായാണ് രാജ്യത്തിന്റെ പൊതുകടം വര്‍ധിക്കുന്നത്. അടിസ്ഥാന മൂലധന നിക്ഷേപത്തിനായി കടം വാങ്ങുന്ന പ്രവണതയും ഭാരം വര്‍ധിപ്പിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ദേശീയ പാത, പാലം എന്നിവയുടെ നിര്‍മ്മാണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ കടം വാങ്ങുന്നത്. ഈയിടെ കേരളം കൂടുതല്‍ തുക കടമെടുക്കുന്നുവെന്ന കേന്ദ്ര ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിയന്ത്രിക്കുന്ന കേന്ദ്രത്തിന്റെ തീരുമാനം ലംഘിച്ച് സംസ്ഥാനങ്ങള്‍ക്ക് മാത്രമായി കടമെടുക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2014 മുതല്‍ 15 വരെ കാലത്ത് സംസ്ഥാനങ്ങളുടെ ആകെ കടബാധ്യത 173 ശതമാനമായി നില്‍ക്കുമ്പോള്‍ കേന്ദ്രത്തിന്റെ കടബാധ്യത 227 ശതമാനമാണെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ വര്‍ധിച്ച കടബാധ്യതയുടെ പ്രതിഫലനം ജനങ്ങളുടെ കടബാധ്യതയുടെ തോതും ഉയര്‍ത്തുന്നുണ്ട്.
ഗ്രാമീണ മേഖലയിലെ ഒരു കുടുംബത്തിന്റെ കടബാധ്യത 60,000 രൂപയാണ് എന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട്. ഇത് നഗരങ്ങളില്‍ 1.2 ലക്ഷം രൂപയായി ഉയരുന്നുണ്ട്. വ്യക്തിഗത വായ്പയുടെ തോതും ഗണ്യമായി വര്‍ധിക്കുകയാണ്. 2023 മാര്‍ച്ച് മാസത്തെ കണക്ക് പ്രകാരം 41.8 ശതമാനമാണ് വ്യക്തിഗത വായ്പാ ഇനത്തില്‍ വര്‍ധിച്ചത്. അനിയന്ത്രിതമായ പണപ്പെരുപ്പവും, തൊഴില്ലില്ലയ്മയും ഇന്ത്യയുടെ കടബാധ്യത ഇനിയും വര്‍ധിപ്പിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. 

Eng­lish Sum­ma­ry: The nation’s pub­lic debt is pil­ing up

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.