ഉറങ്ങിക്കിടന്ന യുവതിയുടെയും നവജാത ശിശുവിൻ്റെയും മാല കവർന്നു.പിന്നിൽ കുറുവ സംഘമെന്ന് സൂചന. ആലപ്പുഴ തൂക്കുകുളം മകയിരം വീട്ടിൽ മനോഹരൻ്റെ മകൾ നീതുവിൻ്റെ ഒന്നരപ്പവൻ്റെയും 3 മാസം പ്രായമായ രാംമാധവിൻ്റെ അരപ്പവൻ തൂക്കം വരുന്ന മാലയുമാണ് കവർന്നത്.കഴിഞ്ഞ രാത്രി 12.15 ഓടെയായിരുന്നു മോഷണം.
അടുക്കള വാതിലിന്റെ കൊളുത്ത് തകർത്താണ് അകത്ത് കടന്ന മോഷ്ടാവ് മുറിയിൽ ഉറങ്ങുകയായിരുന്ന നീതുവിൻ്റെയും കുഞ്ഞിൻ്റെയും മാല പൊട്ടിക്കുകയായിരുന്നു. ഈ സമയം നീതുവിൻ്റെ നിലവിളി കേട്ട് പിതാവ് മനോഹരൻ ഉറക്കമുണർന്ന് നോക്കിയപ്പോൾ മോഷ്ടാവ് കടന്നു.മുഖം മറച്ച ഒരാളാണ് മോഷ്ടാവെന്ന് മകൾ പറഞ്ഞതായി മനോഹരൻ പറയുന്നു.വിവരമറിയിച്ചതിനെത്തുടർന്ന് പുന്നപ്ര പോലീസെത്തി അന്വേഷണമാരംഭിച്ചു.മോഷണത്തിന് പിന്നിൽ കുറുവാ സംഘമാണെന്ന സൂചനയുണ്ട്.
എന്നാൽ കഴിഞ്ഞദിവസം കോമളപുരം മണ്ണഞ്ചേരിയിലും സമാന രീതിയിൽ കവർച്ച നടത്തിയ സംഘത്തിൻ്റെ വേഷമല്ലായിരുന്നു ഈ മോഷ്ടാവിന്. കുറുവാ സംഘമാണ് ഈ മോഷണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മോഷ്ടാക്കളെ പിടികൂടാൻ
ഡിവൈഎസ്പി മധു ബാബുവിന്റെ മേൽനോട്ടത്തിൽ ഏഴംഗ സ്പെഷ്യൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് ഈ മോഷണം നടന്നത്.പ്രസവ ശേഷം വ്യാഴാഴ്ച ഭർതൃവീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നീതുവിൻ്റെ മാല കവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.