ഇടുക്കിയിൽ കെഎസ്‍യു-യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മിശ്രവിവാഹിതരായ നവവധുവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയതായി പരാതി. പ്രണയിച്ച് വിവാഹിതയായ കൊല്ലം പത്തനാപുരം പനംപറ്റ സ്വദേശി ചിഞ്ചുഭവനിൽ ബി രഞ്ജിത്തിന്റെ ഭാര്യ ഹിബയെയാണ് തട്ടിക്കൊണ്ടു പോയത്. ഇടുക്കി തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദയഗിരിയിൽ രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിൽ നിന്നും ഹിബയുടെ ബന്ധുവും കൂട്ടരും ചേർന്ന് വീടിന്റെ വാതിൽ തല്ലിത്തകർത്ത് വീട്ടുകാരെ മർദിച്ചശേഷം ഹിബയെ തട്ടികൊണ്ട് പോവുകയായിരുന്നു.
രഞ്ജിത്തി(26)ന്റെയും ഏനാദിമംഗലം മായൂർ സ്വദേശിയായ ഹിബ (19)യുടെയും വിവാഹം ഈ മാസം 15നാണ് നടന്നത്. രഞ്ജിത്ത് ഹിന്ദു നായർ സമുദായത്തിൽ പെട്ടയാളും ഹിബ മുസ്ലീം സമുദായത്തിൽ പെട്ട പെൺകുട്ടിയുമാണ്. നാലുവർഷം പ്രണയത്തിലായിരുന്ന ഇവർ ഹിബയുടെ വീട്ടിൽ അറിയാതെയാണ് പരുത്തിമല ശ്രീ കൈലാസം അർധ നാരീശ്വര ചിന്താമണി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഹിബയുടെ വീട്ടിലേക്ക് രഞ്ജിത്ത് വിളിച്ചറിയിച്ചപ്പോൾ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. തുടർന്ന് ഇടുക്കി ഉദയഗിരിയിലുള്ള രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിലേക്കു ഹിബയും രഞ്ജിത്തും എത്തുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ മൂന്നു മണിക്ക് നാലു വാഹനങ്ങളിലായി എത്തിയ ഇരുപത്തഞ്ചോളം ആളുകൾ ചേർന്ന് രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിലെത്തി വാതിൽ ചവിട്ടിത്തുറന്ന് വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടികളെയടക്കം മർദ്ദിച്ചവശരാക്കിയ ശേഷം ഹിബയെയും മർദ്ദിച്ച് ബോധരഹിതയാക്കി കാറിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു. രഞ്ജിത്തിന്റെ സഹോദരി രമ്യ, ഭർത്താവ് കവലയിൽ സതീഷ്, സതീഷിന്റെ വയോധികനായ പിതാവ്, കുട്ടികൾ എന്നിവർക്കും മർദ്ദനമേറ്റു.
ഹിബയുടെ ബന്ധുവായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനാപുരം സ്വദേശിയുമായ എച്ച് അനീഷ് ഖാൻ, കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ യദുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തി യുവതിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി.
അതേസമയം പത്തനാപുരത്തെത്തിച്ച ഹിബയെ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. പെൺകുട്ടിയുടെ താല്പര്യപ്രകാരം ഭർത്താവിനോടൊപ്പം പോകാൻ കോടതി അനുവദിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ രഞ്ജിത്തിന്റെ വീട്ടിലേക്ക് മടങ്ങവെ ബന്ധുവായ അനീഷ് ഖാനും സുഹൃത്ത് യദുകൃഷ്ണനും വാഹനത്തിൽ പിന്തുടർന്ന് ഓട്ടോറിക്ഷ തടഞ്ഞ് ഹിബയെ വീണ്ടും തട്ടിക്കൊണ്ട് പോയതായി രഞ്ജിത് പറഞ്ഞു. കോട്ടയത്തെ കെവിൻ ചാക്കോയുടെ ഗതി തനിക്കുമുണ്ടാകുമെന്ന് അനീഷ് ഖാനും സുഹൃത്തും ഭീഷണിപ്പെടുത്തിയതായും രഞ്ജിത്ത് പറഞ്ഞു. തന്റെ ഭാര്യയെ കണ്ടെത്തി നല്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടു. സംഭവത്തിൽ തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary:The new bride was abducted from her house; The defendants are Youth Congress leaders
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.