30 January 2026, Friday

പുതിയ സംരംഭക ലൈസൻസ് ചട്ടം നിലവില്‍

സംരംഭക രംഗത്ത് കാതലായ മാറ്റത്തിന് തുടക്കം: മന്ത്രി 
Janayugom Webdesk
കൊച്ചി
August 18, 2025 11:31 pm

കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംരംഭക മേഖലയിൽ കാതലായ മാറ്റത്തിന് തുടക്കം കുറിച്ച് കേരള പഞ്ചായത്ത് രാജ് 2025 ( സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ ) ചട്ടം നിലവിൽ വന്നതായി തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. 1996ലെ കേരള പഞ്ചായത്ത് രാജ് ( ഫാക്ടറികൾക്കും വ്യാപാരികൾക്കും സംരംഭ പ്രവർത്തനങ്ങൾക്കും, മറ്റു സേവനങ്ങൾക്കും ലൈസൻസ് നൽകല്‍ ) ചട്ടങ്ങളിൽ സമഗ്രമായ മാറ്റത്തോടെയാണ് പുതിയ ചട്ടം നിലവിൽ വന്നത്. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി എം ബി രാജേഷ് പുതിയ ചട്ടം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവ കേരള സദസ്, തദ്ദേശ അദാലത്ത്, നിക്ഷേപക സംഗമം എന്നിവിടങ്ങളിൽ നിന്ന് ഉയർന്നുവന്ന പരാതികളും നിർദേശങ്ങളും ഈ മേഖലയിൽ നിന്നുള്ള ഓഹരി ഉടമകളും ജനപ്രതിനിധികളും ഉൾപ്പെടെ ഉള്ളവരുമായി നടത്തിയ ചർച്ചയുടെയും അടിസ്ഥാനത്തിലാണ് ചട്ട ഭേദഗതി കൊണ്ടുവന്നത്. ഏപ്രിൽ മാസത്തിൽ കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ ചട്ട ഭേദഗതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ആറുമാസം കൊണ്ട് തന്നെ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 

മുനിസിപ്പല്‍ ചട്ടങ്ങളിലും ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. പൊതുജനങ്ങൾക്ക് ഏറ്റവും ഗുണകരമാകുന്ന കെട്ടിട നിർമ്മാണ ചട്ടങ്ങളിലെയും സിവിൽ രജിസ്ട്രേഷൻ ചട്ടങ്ങളിലെയും പരിഷ്കരണങ്ങൾ സംബന്ധിച്ച് അടുത്ത ദിവസം തന്നെ ഉത്തരവുകൾ പുറത്തിറങ്ങുന്നതാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ ആക്ട് മുഖേന പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമങ്ങളിൽ ലൈസൻസുമായി ബന്ധപ്പെട്ട് ഏറെ ഭേദഗതികൾ കൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ പഞ്ചായത്ത് ചട്ടങ്ങളും ഭേദഗതി ചെയ്തു. 2024ൽ മാത്രം ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി 47 പരിഷ്കരണ നടപടികളാണ് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ചത്. ഇത്തരം നടപടിക്രമങ്ങൾ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ പ്രധാന മാനദണ്ഡങ്ങളിൽ ഒന്നായ നഗരസഭകളുടെയും കോർപറേഷനുകളുടെയും സേവന പ്രധാനത്തിന്റെ ഗുണമേന്മയിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. വ്യവസായ സൗഹൃദ നിർദേശങ്ങൾ പൂർണമായി ഉൾക്കൊള്ളിച്ചു കൊണ്ടാണ് കെ സ്മാർട്ടിനായി സോഫ്റ്റ്‌വേർ വികസിപ്പിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവന്നു. സുതാര്യത വർധിപ്പിക്കുന്നതിന് ജനങ്ങൾക്ക് വേണ്ടി കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനായി ഡാഷ്ബോർഡ് സിറ്റിസൺ പോർട്ടലുകളും അടക്കം പരിഷ്കരിച്ചു. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ 60% വരെ കുറവ് വരുത്തുകയും ചെയ്തു. പഞ്ചായത്തുകൾ വിന്യസിപ്പിച്ച ഐഎൽജിഎംഎസ്, നഗരസഭകളിൽ വിന്യസിച്ച കെ ‑സ്മാർട്ട് ഈ സേവനങ്ങൾ വിരൽത്തുമ്പിൽ തന്നെ ലഭിക്കുന്ന സാഹചര്യം ഒരുങ്ങി. കെ ‑സ്മാർട്ട് വിന്യസിച്ചതോടെ ഇ- ഗവേണന്‍സ് മേഖലയിൽ സൃഷ്ടിക്കപ്പെടുന്ന വൻ മുന്നേറ്റം വ്യവസായ സൗഹൃദ അന്തരീക്ഷത്തിലും പ്രതിഫലിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമയും പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.