കേരളത്തിന് ആവശ്യമുള്ള വൈദ്യുതോർജത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും വലിയ വില നൽകി നാം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. വരുന്ന പത്തു വർഷത്തിനുള്ളിൽ വൈദ്യുതോപഭോഗം 54 ശതമാനം അധികമായി വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കാലാവസ്ഥാ വ്യതിയാനം ജലവൈദ്യുത നിലയങ്ങളുടെയും പെട്രോളിയം ഉല്പന്നങ്ങളുടെ ദൗർലഭ്യം താപ വൈദ്യുത നിലയങ്ങളുടെയും ഉല്പാദനശേഷി കുറയ്ക്കാനാണ് സാധ്യത. ജനസാന്ദ്രത കൂടുതലുള്ള കേരളം പോലെയുള്ള സംസ്ഥാനത്ത് ആണവ വൈദ്യുതനിലയം പ്രായോഗികവുമല്ല. ഈ സാഹചര്യത്തിൽ ഭാവിയിൽ കടുത്ത ഊർജ പ്രതിസന്ധി നേരിടേണ്ടിവരുമെന്നത് തീർച്ചയാണ്.
പാരമ്പര്യേതര വൈദ്യുത സ്രോതസുകളിലേക്ക് ചുവടുമാറുക എന്നതു മാത്രമാണ് പ്രതിസന്ധി മറികടക്കുവാനുള്ള ഏക പോംവഴി. സൗരോർജ വൈദ്യുത പദ്ധതി വ്യാപകമായി പ്രോത്സാഹിപ്പിച്ച് 2027 ൽ വെദ്യുതിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടുകയെന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം എന്ന് വൈദ്യുത മന്ത്രി ഈയിടെ പ്രസ്താവിച്ചതും ഈ അവസ്ഥ മുൻകൂട്ടി കണ്ടുകൊണ്ടാണ്. എന്നാൽ പുരപ്പുറ സൗരോർജ പദ്ധതി പ്രചരിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കെഎസ്ഇബി സ്വീകരിച്ചു വരുന്ന നയങ്ങളും നടപടികളും ജനങ്ങൾക്ക് പദ്ധതിയോട് വിപ്രതിപത്തിക്ക് ഇടയാക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ലക്ഷങ്ങൾ മുതൽ മുടക്കി ഓൺ ഗ്രിഡ് പുരപ്പുറ സൗരോർജ നിലയം സ്ഥാപിക്കുന്ന ഉപഭോക്താവിന്റെ നിലവിലുള്ള ദ്വൈമാസ ബില്ലിങ് രീതി മാറുന്നു. അയാൾ ഫിക്സഡ് തുകയും മീറ്റർ വാടകയും സർചാർജും എല്ലാ മാസവും നൽകേണ്ടിവരുന്നു. അതായത് ഈ തുകകൾ മുമ്പത്തേക്കാൾ ഇരട്ടിയായി മാറുന്നു.
മിക്ക ദിവസങ്ങളിലും (ഒരു മാസത്തിൽ ഏതാണ്ട് 28 ദിവസവും) ശരാശരി ഒരു മണിക്കൂർ വീതം ലൈൻ കറണ്ട് നിലയ്ക്കുന്നു. ഇത് സൗരവൈദ്യുതി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്ന 11നും 12നും ഇടയിലാണുതാനും. ഈ സമയം സൗര സെൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപഭോക്താവിനോ വൈദ്യുത ബോർഡിനോ ലഭിക്കാതെ പാഴായിപ്പോവുകയാണ്. ഇനി മിച്ച വൈദ്യുതി ഉണ്ടായാൽ അതിന്റെ വിലയായി യൂണിറ്റിനു നൽകുമെന്നു പറയുന്നത് 2.69 രൂപയാണ്. വർഷത്തിലൊരിക്കൽ ഉപഭോക്താവിന് നൽകുമെന്നു വാഗ്ദാനം ചെയ്യുന്ന ഈ തുക കിട്ടിയാലായി. ചുരുക്കിപ്പറഞ്ഞാൽ ഉപഭോക്താവ് സൗരോർജ പദ്ധതിക്കായി ചെലവിടുന്ന തുകയുടെ പലിശ പോലും അയാൾക്ക് മുതലാവുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ പാരമ്പര്യേതര ഊർജോല്പാദന പദ്ധതിയിലേക്ക് ആരാണ് ആകർഷിക്കപ്പെടുക?
ഡോ. പി ബി രാജൻ
ഇടക്കുളങ്ങര, കരുനാഗപ്പള്ളി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.