
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് പ്രതിസന്ധികൾ കടുക്കുന്നു. 2,929 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിനും റിലയൻസ് കമ്മ്യൂണിക്കേഷൻസിനും എതിരെ പുതിയ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തു.
കഴിഞ്ഞ മാസം സിബിഐ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അംബാനിയും റിലയൻസ് കമ്മ്യൂഷിക്കേഷൻസും(ആർകോം) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നഷ്ടം വരുത്തിയെന്ന് സിബിഐ ആരോപിച്ചിരുന്നു. കൂടാതെ റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധനകളും നടത്തിയിരുന്നു.
ആർകോമുമായും മുംബൈയിലെ ബിസിനസുകാരനുമായും ബന്ധപ്പെട്ട ആറ് സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി. ബാങ്ക് ഫണ്ടുകൾ എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും വായ്പകൾ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്നും സ്ഥാപിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
ജൂൺ 13ന് എസ്ബിഐ ആർകോമിനെയും അംബാനിയെയും ഫ്രോഡ് വിഭാഗത്തിൽപ്പെടുത്തുകയും ജൂൺ 24ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. അംബാനിയുടെ ഗ്രൂപ്പ് കമ്പനികൾക്കെതിരായ കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
2017 നും 2019 നും ഇടയിൽ റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ വായ്പകളിൽ ഏകദേശം 3,000 കോടി രൂപ വകമാറ്റി ചെലവഴിച്ചു എന്ന ആരോപണത്തിൽ ഏജൻസി അന്വേഷണം നടത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.