ഐപിഎല്ലിലെ നോട്ട്ബുക്ക് സെലിബ്രേഷനെ കീറിമുറിച്ച് ബിസിസിഐ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ നോട്ട്‌ബുക്ക് സ്റ്റൈല്‍ സെലിബ്രേഷന്‍ നടത്തിയ ദിഗ്‌വേഷ് സിങ്ങിനെതിരെ ബിസിസിഐയുടെ അച്ചടക്ക നടപടി. പഞ്ചാബിന്റെ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയതിന് പിന്നാലെ അടുത്തേക്ക് ഓടിവന്ന് ദിഗ്‌വേഷ് സാങ്കല്പിക നോട്ട്ബുക്കില്‍ വിക്കറ്റ് കുറിക്കുകയായിരുന്നു. ഡല്‍ഹി ടീമില്‍ തന്റെ സഹതാരം കൂടിയായ പ്രിയാന്‍ഷ് ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഓടിയെത്തി ദിഗ്‌വേഷ് നോട്ട്ബുക്കില്‍ കുറിച്ചത്. എന്നാൽ, ഉടൻതന്നെ ഇതിൽ ഇടപെട്ട അമ്പയർ അനാവശ്യ ആഘോഷത്തിൽനിന്ന് ദിഗ്‌വേഷിനെ വിലക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. മത്സരത്തിനു പിന്നാലെ ബിസിസിഐ ദിഗ്‌വേഷന് മാച്ച്ഫീയുടെ 25 ശതമാനം പിഴ ചുമത്തി. മാത്രമല്ല, ഒരു ഡീമെറ്റിറ്റ് പോയിന്റുമുണ്ട്. ദിഗ്‌വേഷിന്റെ ആഘോഷരീതിക്കെതിരെ സമൂഹമാധ്യമങ്ങളിലും കടുത്ത വിമർശനവും ഉയർന്നിരുന്നു. പഞ്ചാബ് കിങ്സ് ബോളിങ്ങിലും ബാറ്റിങ്ങിലും വ്യക്തമായ മേധാവിത്തം പുലർത്തി അനായാസ വിജയത്തിലേക്ക് കുതിക്കുമ്പോഴായിരുന്നു ദിഗ്‌വേഷിന്റെ അനാവശ്യ ആഘോഷമെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. മത്സരത്തിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും ദിഗ്‌വേഷിന് കാര്യമായ ചലനമൊന്നും സൃഷ്ടിക്കാനായില്ലെന്നും ആഘോഷത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. മത്സരത്തില്‍ പഞ്ചാബ് എട്ട് വിക്കറ്റിന് ലഖ്നൗവിനെ പരാജയപ്പെടുത്തി.
മുമ്പ് 2017ല്‍ അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യന്‍ താരം വിരാട് കോലിയും വെസ്റ്റിന്‍ഡീസിന്റെ കെസ്‌റിക്ക് വില്യംസും തമ്മിലുള്ള നോട്ട്ബുക്ക് സെലിബ്രേഷനാണ് ക്രിക്കറ്റ് ലോകത്ത് നിറഞ്ഞുനിന്നിരുന്നത്. കോലിയെ പുറത്താക്കിയപ്പോള്‍ വില്യംസണും ഇപ്രകാരമായിരുന്നു ആഘോഷിച്ചത്. എന്നാല്‍ 2019ല്‍ വില്യംസിനെ സിക്‌സര്‍ പറത്തി കോലി തിരിച്ച് അതേ നാണയത്തില്‍ മറുപടി നല്‍കിയതും ചരിത്രം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വാള്‍ട്ടണെതിരെ കെസ്രിക് വില്യംസ് നടത്തിയ നോട്ട്‌ബുക്ക് സെലിബ്രേഷനും കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.