22 January 2026, Thursday

കൊ​ളാ​വി​പ്പാ​ലത്തെത്തുന്ന കടലാ​മ​ക​ളു​ടെ എണ്ണം കു​റ​ഞ്ഞു; ഇത്തവണയെത്തിയത് ഒരു കടലാമ മാത്രം

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
May 9, 2023 8:13 pm

വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഒ​ലി​വ് റി​ഡ്​ലി ക​ട​ലാ​മ​ക​ളി​ലൂ​ടെ​ പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​ മലബാറിലെ പയ്യോളി കൊ​ളാ​വി​പ്പാ​ലത്ത് കടലാമകളുടെ വരവ് കുറഞ്ഞു.
ആമകള്‍ മുട്ടയിടാനായി കൂട്ടത്തോടെ എത്തിയിരുന്ന കൊളാവിപ്പാലത്ത് തീരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഹാ​ച്ച​റി​ ഒരുക്കിയാണ് മുട്ടകള്‍ സംരക്ഷിച്ചിരുന്നത്. മുട്ട വിരിയുന്നതുവരെ സംരക്ഷിക്കുകയും കുഞ്ഞുങ്ങളെ കടലിലേക്ക് വിടുകയുമായിരുന്നു പതിവ്. വര്‍ഷങ്ങളായി തുടരുന്ന ഈ പതിവിനാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. ഒ​രു കാ​ല​ത്ത് അറുപത്തഞ്ചില​ധി​കം ആ​മ​ക​ൾ എ​ത്തു​ക​യും 50,000 വ​രെ മു​ട്ട​ക​ൾ ഇ​ടു​ക​യും ചെ​യ​ത് തീ​ര​ത്ത് ഈ ​വ​ർ​ഷം ഒ​രു ക​ട​ലാ​മ മാ​ത്ര​മാ​ണ് പ്ര​ജ​ന​ന​ത്തി​നാ​യി എ​ത്തി​യ​ത്. ഈ ​ആ​മയുടെ 126 മു​ട്ട​ക​ള്‍ തീ​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ഹാ​ച്ച​റി​യി​ലേ​ക്ക് മാറ്റിയിരിക്കുകയാണ്.
മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞ ഉ​ട​നെ​യാ​ണ് ആ​മ​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം. തീ​ര​ങ്ങ​ളി​ൽ ഓഗ​സ്റ്റ് മു​ത​ൽ ഏപ്രില്‍ വ​രെ​യാ​ണ് മു​ട്ട​യി​ടാ​നെ​ത്തു​ക. ഒ​രു ആ​മ 50 മു​ത​ൽ 170വ​രെ മു​ട്ട​യി​ടാ​റു​ണ്ട്. ഇ​വ ക​ണ്ടെ​ടു​ത്ത് തീ​രം സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഹാ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി സം​ര​ക്ഷി​ക്കാ​റാ​ണ് പ​തി​വ്. 45 മു​ത​ൽ 70 വ​രെ ദി​വ​സ​ങ്ങ​ൾ​ക്കുശേ​ഷം മു​ട്ട വി​രി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ൾ പു​റ​ത്ത് വ​രു​മ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ അവയെ ക​ട​ലി​ലേ​ക്ക് വി​ടും. എ​ന്നാ​ൽ തീ​രം തേ​ടി​യെ​ത്തു​ന്ന ആ​മ​ക​ളു​ടെ കു​റ​വ് ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ർ ചൂണ്ടിക്കാട്ടുന്നത്.
രാ​ജ്യ​ത്ത് ക​ട​ലാ​മ​ക​ൾ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലെ ഈ ​തീര​ത്ത് പ്ര​ജ​ന​ന​ത്തി​നാ​യി ഒ​ലി​വ് റി​ഡ്​ലി ക​ട​ലാ​മ​ക​ൾ ഉ​ൾപ്പെടെ എ​ത്തു​ന്നു​വെ​ന്ന​ത് ഏറെ കൗ​തു​കം സൃ​ഷ്ടി​ച്ച കാ​ര്യ​മാ​യി​രു​ന്നു. ഇ​ത് വ​ലി​യ രീ​തി​യി​ൽ വാ​ർ​ത്ത​യാ​കു​ക​യും ചെ​യ്തു. 1990 കാ​ല​ഘ​ട്ട​ത്തി​ൽ കൊ​ളാ​വി​പ്പാല​ത്ത് ക​ട​ലാ​മ​ക​ൾ വ​ന്ന് മു​ട്ട​യി​ട്ട് മ​ട​ങ്ങു​ന്ന​ത് അ​ന്ന് നാ​ട്ടു​കാ​ർ​ക്ക് സ്വാ​ഭാ​വി​ക കാ​ഴ്ച​യാ​യി​രു​ന്നു. ആ ​മു​ട്ട​ക​ൾ കു​ഴി​ച്ചെ​ടു​ത്ത് ഭ​ക്ഷ​ണ​മാ​ക്കി ഉ​പ​യോ​ഗിക്കാ​നാ​യി​രു​ന്നു പ്ര​ദേ​ശ​ത്തു​കാ​ർ ആദ്യം ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തെക്കുറി​ച്ച് നാ​ട്ടി​ലെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ബോ​ധ​വാ​ൻ​മാ​രാ​കു​കയും അ​തി​നാ​യി രം​ഗ​ത്ത് എ​ത്തു​കയും ചെയ്തു. 1992ൽ ​ക​ട​ലാ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി കൊ​ളാ​വിപ്പാല​ത്ത് തീ​രം സം​ര​ക്ഷ​ണ സ​മി​തി എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ച്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
അ​ന​ധി​കൃ​ത മ​ണ​ലെ​ടു​പ്പും ക​ട​ലേ​റ്റ​വും ക​ര അ​പ്ര​ത്യ​ക്ഷ​മാ​കാ​നും കാ​ര​ണ​മാ​കു​ന്ന​തോ​ടെ​യാ​ണ് തീ​രം തേ​ടി​യു​ള്ള ക​ട​ലാ​മ​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തെ​ന്ന് തീ​രം സം​ര​ക്ഷ​ണ സ​മി​തി ഭാരവാഹി സി ​എം സ​തീ​ശ​ൻ പ​റ​യു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് യോ​ഗ്യ​മ​ല്ലാ​ത്ത വ​ല​ക​ൾ ക​ട​ലി​ൽ ഉ​പേ​ക്ഷി​ക്കു​ന്നു. ഇ​തി​നെ ജ​യ​ന്റ് നെ​റ്റ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​വ​യാ​ണ് മ​റ്റൊ​രു വി​ല്ല​ൻ. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​മ​ക​ൾ മാ​ത്ര​മേ ഇപ്പോള്‍ മു​ട്ട​യി​ടാ​ൻ തീ​ര​ത്തേ​ക്ക് എ​ത്താ​റൂ​ള്ളൂവെന്നും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ആ​മ​ക​ൾ വ​രു​മോ​യെ​ന്നുതന്നെ സം​ശ​യ​മാ​ണെ​ന്നും സി ​എം സ​തീ​ശ​ൻ പറഞ്ഞു.

eng­lish sum­ma­ry; The num­ber of sea tur­tles reach­ing Kolavipalam has decreased

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.