28 December 2024, Saturday
KSFE Galaxy Chits Banner 2

സ്വർണ്ണക്കടത്ത് ക്യാരിയർമാരാകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നു

ഒരു മാസത്തിനിടെ നെടുമ്പാശിയിൽ പിടികൂടിയത് ആറ് കോടിയോളം രൂപയുടെ സ്വർണ്ണം
ഷിഹാബ് പറേലി
നെടുമ്പാശേരി
July 17, 2023 6:35 pm

ഒരു മാസത്തിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് ആറ് കോടിയോളം രൂപയുടെ സ്വർണ്ണം. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വർണ്ണ കടത്തിന്റെ ക്യാരിയർമാരായി മാറുന്ന സ്ത്രീകളുടെ എണ്ണത്തിലും വൻ വർദ്ധനവ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ പിടികൂടിയ സ്വർണ്ണ കടത്ത് കേസിൽ 17 പേരിൽ 13 പേരും സ്ത്രീകളാണ്. കൂടുതൽ പരിശോധനകൾ നടത്തില്ല എന്ന വിശ്വാസത്തിലാണ് സ്ത്രീകളെ സ്വർണ്ണം കടത്താനായി ഉപയോഗിക്കുന്നതെന്ന സംശയത്തിലാണ് കസ്റ്റംസ്. കൂടാതെ ഇവരിൽ നിന്നും പിടികൂടുന്ന സ്വർണ്ണം കൂടുതലും ആഭരണങ്ങളാണ്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കാർഗോ വഴി കടത്തിയ സ്വർണ്ണം പിടികൂടിയതും ഇക്കഴിഞ്ഞ ദിവസമാണ്. സോപ്പ് സെറ്റ്, മിൽക്ക് പൗഡർ, പ്ലാസ്റ്റിക് കളിപ്പാട്ടം, ഷാംബു, ഹെയർ ക്രീം എന്നിവ വഴിയാണ് പ്രധാനമായും കടത്ത് നടത്തുന്നത്. കാർഗോ വഴി കടത്തിയ സ്വർണവും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ചെറിയ അളവിൽ ആയിരുന്നു സ്വർണ്ണമെങ്കിലും കാർഗോ വഴി സ്വർണ്ണ കടത്ത് പരീക്ഷിക്കുകയായിരുന്നു എന്നാണ് കസ്റ്റംസ് കരുതുന്നത്. ഫ്ലാസ്ക്, ഉപയോഗിച്ച വസ്ത്രങ്ങൾ എന്നിവ കാർഗോ വഴി അയച്ച് അതിനകത്തും സ്വർണ്ണം കടത്താൻ ശ്രമിച്ചിരുന്നു. ബേബി സോപ്പ്, ബേബി ക്രീം, ഫെയർ ക്രീം, മിൽക്ക് എന്നിവ കാർഗോ ആക്കി ചീസ് ടിന്നിലൂടെ കടത്തിയ സ്വർണ്ണവും കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി മലേഷ്യയിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണ് കഴിഞ്ഞ കുറച്ച് നാളുകളായി കൂടുതലും സ്വർണ്ണം പിടികൂടുന്നത്. കഴിഞ്ഞ മാസം പിടികൂടിയ ആറ് കോടി രൂപയുടെ സ്വർണ്ണത്തിൽ രണ്ടര കോടി രൂപയുടെ സ്വർണ്ണം മലേഷ്യയിൽ നിന്നും വന്നവരിൽ നിന്നും പിടികൂടി. ഇന്ത്യയിലെ സ്വർണ്ണ വില കണക്കാക്കുമ്പോൾ നാല് ലക്ഷം രൂപയുടെ വ്യത്യാസമാണ് ഒരു കിലോ സ്വർണ്ണത്തിന് മലേഷ്യയിൽ കുറവ് വരുന്നത്. മലേഷ്യയിൽ നിന്നും കൊച്ചിക്ക് വരുന്ന വിമാനങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലേക്കാൾ ടിക്കറ്റിലെ കുറവും മലേഷ്യയിൽ നിന്നുള്ള സ്വർണ്ണക്കടത്തിന് കാരണമാണ്. മലേഷ്യൻ സ്വർണ്ണം കൊണ്ടുവരുന്നത് ആഭരണങ്ങൾ ആയതിനാൽ പുറത്തെത്തിയാൽ വിൽപ്പനയും പെട്ടന്ന് നടക്കും. വിമാന ടിക്കറ്റ് നൽകുന്നതിനൊപ്പം നാൽപ്പതിനായിരം രൂപയും ക്യാരിയർമാർക്ക് ലഭിക്കുന്നതായാണ് വിവരം.

നികുതി അടച്ച് ഒരു കിലോ സ്വർണ്ണം വരെ കൊണ്ട് വരാം

നിലവിലെ കസ്റ്റംസ് നിയമമനുസരിച്ച് ഒരു വർഷം തുടർച്ചയായി താമസിച്ചവർ തിരികെ വരുമ്പോൾ നികുതി അടച്ച് ഒരു കിലോ സ്വർണ്ണം വരെ കൊണ്ടു വരാവുന്നതാണ്. ഒരു വർഷം കഴിഞ്ഞ് വരുന്ന സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെ സ്വർണ്ണം നികുതി അടക്കാതെ കൊണ്ട് വരാൻ കഴിയും.പുരുഷൻമാർക്ക് അൻപതിനായിരം രൂപയുടെ സ്വർണ്ണവും കൊണ്ട് വരാം. അതിൽ കൂടുതൽ കൊണ്ടുവരണമെങ്കിൽ പന്ത്രണ്ടര ശതമാനം നികുതി അടക്കണം. നിയമപരമായി കൊണ്ട് വരാൻ കഴിയുന്ന സ്വർണ്ണത്തിന് കാലാനുശ്യതമായ മാറ്റം വരുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. തുകക്ക് പകരം സ്വർണ്ണത്തിന്റെ അളവിലേക്ക് പരിഷ്കരിക്കണമെന്നാണ് ആവശ്യം.

Eng­lish Sum­ma­ry: The num­ber of women who become car­ri­ers of gold smug­gling is increasing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.