ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തിരശീലയുയരും. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. 10 ടീമുകളാണ് ഇത്തവണത്തെ ലോകകപ്പിന് പോരടിക്കാനിറങ്ങുന്നത്. ഫൈനലടക്കം ടൂര്‍ണമെന്റില്‍ ആകെ 48 മത്സരങ്ങളുണ്ടാവും. നവംബര്‍ 15ന് മുംബൈയിലും 16ന് കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍. നവംബര്‍ 19ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനല്‍. ആതിഥേയരും ഒന്നാം റാങ്കുകാരുമായ ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും കപ്പ് ഉയര്‍ത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടി. അഞ്ചുതവണ കിരീടം നേടിയ ഓസ്ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാൻ, 1996ല്‍ ചാമ്പ്യൻമാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, നെതര്‍ലൻഡ്‌സ് എന്നിവയാണ് മറ്റ് ടീമുകള്‍. എല്ലാ ടീമുകളും പരസ്‌പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം. ആദ്യ നാല് സ്ഥാനക്കാര്‍ സെമിയിലെത്തും.
അവസാനമായി 2011ല്‍ ആതിഥേയരായപ്പോള്‍ (സംയുക്ത ആതിഥേയര്‍) കിരീടം സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണയും അതു പോലെയൊരു അത്ഭുതം സൃഷ്ടിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും കണക്കുകൂട്ടല്‍. അവസാന മൂന്നു ലോകകപ്പുകളെടുത്താല്‍ എല്ലാത്തിലും ചാമ്പ്യന്‍മാരായത് ആതിഥേയ രാജ്യങ്ങളിലൊന്നായിരുന്നു. ഇതും ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു. നിലവില്‍ ഐസിസി റാങ്കിങില്‍ മൂന്നു ഫോര്‍മാറ്റുകളിലും നമ്പര്‍ വണ്‍ ടീം കൂടിയാണ് ഇന്ത്യ. ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
പ്രതാപകാലത്തില്‍ ആദ്യ രണ്ട് ലോകകപ്പും നേടിയിട്ടുള്ള വെസ്റ്റിന്‍ഡീസ് ഇല്ലാതെയാണ് ഇത്തവണത്തെ ലോകകപ്പ്. ചരിത്രത്തിലാദ്യമായാണ് വിന്‍ഡീസിന് ലോകകപ്പ് യോഗ്യത നഷ്ടമാകുന്നത്.
English Summary:The ODI World Cup starts today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.