
ഗോവയിലെ അസഗാവോയിൽ അമിതവേഗതയിലെത്തിയ മഹീന്ദ്ര ഥാർ ജീപ്പ് കാറിലിടിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ആളെ മാറ്റാൻ ആസൂത്രിത നീക്കം നടന്നതായി ദൃക്സാക്ഷികൾ ആരോപിച്ചു. ഭോപ്പാൽ സ്വദേശിയായ ഭഗത് റാം ശർമ്മ (65) ആണ് അപകടത്തിൽ മരിച്ചത്. മാപുസയിൽ നിന്ന് അഞ്ജുന ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്നു മഹീന്ദ്ര ഥാർ അസഗാവോ ഹാപ്പി ബാർ ജങ്ഷനിൽ വച്ച് നിയന്ത്രണം വിട്ട് ഭഗത് റാം സഞ്ചരിച്ചിരുന്ന ഹ്യുണ്ടായ് ഐ20 കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ വശങ്ങൾ പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഭഗത് റാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഡൽഹി സ്വദേശിയായ 19 കാരൻ ശൗര്യ ഗോയലാണ് വാഹനം ഓടിച്ചതെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അപകടസമയത്ത് ഒരു യുവതിയാണ് വാഹനമോടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഥാറിനുള്ളിലുണ്ടായിരുന്നവർ ഡ്രൈവർ സീറ്റിൽ നിന്ന് മാറാൻ ശ്രമിക്കുന്നത് കണ്ടതായും ദൃക്സാക്ഷികൾ മൊഴി നൽകി.
അപകടത്തിന് പിന്നാലെ ശൗര്യ ഗോയൽ തന്റെ പിതാവിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വാഹനത്തിൽ ശൗര്യയെ കൂടാതെ നാല് യുവതികൾ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ശൗര്യ ഗോയലിന്റെ അമ്മയുടെ പ്രതികരണവും വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. തന്റെ മകൻ മദ്യപിച്ചിരുന്നില്ലെന്നും വയോധികൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നുമാണ് അവർ വാദിക്കുന്നത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ച് മരണത്തിന് കാരണമായതിന് അഞ്ജുന പൊലീസ് കേസെടുത്തു. ശൗര്യ ഗോയലിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടു. പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണം ശക്തമായതോടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ഡ്രൈവർ ആരായിരുന്നു എന്ന കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.