23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 27, 2024
August 17, 2024
August 8, 2024
July 22, 2024
July 16, 2024
July 15, 2024
July 3, 2024
July 2, 2024
July 1, 2024

ഇരുസഭകളിലും കേന്ദ്ര സര്‍ക്കാരിനെ പൊളിച്ചടുക്കി പ്രതിപക്ഷം

റെജി കുര്യന്‍
ന്യൂഡല്‍ഹി
July 1, 2024 11:06 pm

പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെ പൊളിച്ചടുക്കി പ്രതിപക്ഷം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് സര്‍ക്കാരിന്റെ വീഴ്ചകള്‍ പ്രതിപക്ഷം അക്കമിട്ട് നിരത്തിയത്. ഇരു‌സഭകളിലും പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും, രാജ്‌നാഥ് സിങ്ങും ജെ പി നഡ്ഡയും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ പ്രതിപക്ഷ പ്രസംഗം ബഹളത്തില്‍ മുക്കുന്നതിനും ഭരണപക്ഷം ശ്രമിച്ചു.

മോഡി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ ഒന്നൊന്നായി പ്രതിപക്ഷം ഉന്നയിച്ചു. നീറ്റ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭാ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍ഖറും അനുമതി നല്‍കിയില്ല. മറ്റ് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി ലോക്‌സഭയും രാജ്യസഭയും രാഷ്ട്രപതിയുടെ പ്രസംഗത്തിലേക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയിലേക്കാണ് നീങ്ങിയത്. അതേസമയം നീറ്റ് വിഷയത്തില്‍ ചര്‍ച്ചയ്ക്കായി സഭാ നടപടികള്‍ നീട്ടുന്നതിലുള്ള യോജിപ്പും ആവശ്യവും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഉയര്‍ത്തിയെങ്കിലും സ്പീക്കര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ മറ്റ് വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാകില്ലെന്ന കീഴ്‌വഴക്കമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉയര്‍ത്തിക്കാട്ടിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് വേട്ടയാടുന്ന കേന്ദ്ര നിലപാടില്‍ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം ഇന്നലെ സഭാ നടപടികളിലേക്ക് കടന്നത്.
ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിവാക്കുന്ന സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് തുടങ്ങിയ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗം ഏതാണ്ട് ഒന്നര മണിക്കൂര്‍ നീണ്ടു. സര്‍ക്കാരിന്റെ വീഴ്ചകള്‍ പരാമര്‍ശിക്കുമ്പോള്‍ അതിനെതിരെ സഭാ ചട്ടങ്ങളുടെ ചുവടു പിടിച്ച് പ്രസംഗം തടസപ്പെടുത്തുന്ന തന്ത്രമാണ് ഭരണപക്ഷം പയറ്റിയത്.

14 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇനിയും കലാപം അവസാനിക്കാത്ത മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല. പ്രചാരണത്തിനിടെയുള്ള പ്രധാനമന്ത്രിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍, കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുള്ള രാഷ്ട്രീയ പകപോക്കല്‍, ഇലക്ടറല്‍ ബോണ്ടിലൂടെ കോടാനുകോടികള്‍ നേട്ടമുണ്ടാക്കിയത്, കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി സര്‍ക്കാരുകളെ താഴെയിറക്കാനും മുഖ്യമന്ത്രിമാരെ ജയിലിലാക്കാനും നടത്തിയ നീക്കം, നീറ്റ് പരീക്ഷാ ക്രമക്കേട്, രാം മന്ദിറിന്റെ ചോര്‍ച്ച, ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമണം, പാലങ്ങള്‍ തകര്‍ന്ന് രാജ്യത്തിനുണ്ടായ കോടാനുകോടികളുടെ നഷ്ടം തുടങ്ങിയ വിഷയങ്ങളെല്ലാം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി.
രാജ്യസഭയില്‍ ജെ പി നഡ്ഡയാണ് പ്രതിപക്ഷ കടന്നാക്രമണങ്ങള്‍ക്ക് എതിരെ ഭരണപക്ഷത്തിനായി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചത്. സഭാംഗത്വം ഒഴിയുന്ന സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം രാജ്യസഭയില്‍ സംസാരിച്ചു.

പ്രതിരോധത്തില്‍ തോറ്റ് മോഡിയും

പ്രതിപക്ഷത്തിന്റെ വര്‍ധിത കരുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എത്രത്തോളം പ്രതിരോധത്തിലാക്കി എന്നതിന്റെ തെളിവായിരുന്നു ഇന്നലത്തെ സഭാ സമ്മേളനം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. ഒരു വിഭാഗത്തെ അക്രമകാരികളെന്നു വിവക്ഷിച്ചെന്നാരോപിച്ചാണ് മോഡി എഴുന്നേറ്റത്.
മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരും രംഗത്ത് വന്നു. കഴിഞ്ഞ 10 വര്‍ഷം നരേന്ദ്ര മോഡി തോന്നുമ്പോള്‍ വന്നു പോകുന്ന സ്ഥലമായിരുന്നു ലോക്‌സഭ. എന്നാല്‍ മോഡി സഭയില്‍തന്നെ ഇരിക്കുന്നതിനും രാഹുലിനെ തിരുത്താന്‍ മുന്‍നിര നേതാക്കളെ രംഗത്തിറക്കിയതിനും ഇന്ന് സാക്ഷിയായി.

Eng­lish Sum­ma­ry: The oppo­si­tion has dis­man­tled the cen­tral gov­ern­ment in both houses

You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.