
സ്വര്‍ണക്കൊള്ളക്കേസിലെ ആരോപണങ്ങളെല്ലാം തിരിച്ചടിച്ചതോടെ, നിയമസഭയില്‍ കീഴടങ്ങി പ്രതിപക്ഷം. സര്‍ക്കാരിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും പ്രതിക്കൂട്ടിലാക്കാമെന്ന് വ്യാമോഹിച്ച് കെട്ടിപ്പൊക്കിയ പ്രചരണങ്ങളെല്ലാം തങ്ങള്‍ക്ക് നേരെ തിരിഞ്ഞുവന്നതോടെയാണ് കോണ്‍ഗ്രസും യുഡിഎഫും അങ്കലാപ്പിലായത്. ‘പോറ്റിയെ കേറ്റിയതാരപ്പാ’ എന്ന ചോദ്യത്തിന് ‘കോണ്‍ഗ്രസാണേ അയ്യപ്പാ’ എന്ന മറുപടി കിട്ടുമെന്നത് ഉറപ്പായതോടെയാണ് പ്രതിപക്ഷം മൗനികളായത്.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കുറ്റക്കാര്‍ ആരായാലും അവരെ പിടികൂടണമെന്ന നിലപാട് സര്‍ക്കാരും എല്‍ഡിഎഫും നിരവധി തവണ പ്രഖ്യാപിച്ചതുമാണ്. എന്നാല്‍, എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.
അതിനിടയിലാണ് കേസിലെ പ്രധാനപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള അടുത്ത ബന്ധം പുറത്തുവരുന്നത്. സോണിയാഗാന്ധിയുടെ വസതിയില്‍ ഉള്‍പ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയെന്നതും ചര്‍ച്ചയായതോടെയാണ് കോണ്‍ഗ്രസ് പരുങ്ങലിലായത്. ഇതേത്തുടര്‍ന്നാണ്, അടിയന്തര പ്രമേയമായിപ്പോലും വിഷയം ഉന്നയിക്കേണ്ടെന്നും ബഹളമുണ്ടാക്കി പുകമറ സൃഷ്ടിക്കാമെന്നും പ്രതിപക്ഷം തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കിയപ്പോള്‍, അടിയന്തരപ്രമേയമായി അവതരിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന ഭരണപക്ഷത്തിന്റെ ചോദ്യം കേട്ടില്ലെന്ന് നടിക്കുകയായിരുന്നു പ്രതിപക്ഷാംഗങ്ങള്‍. ചര്‍ച്ച ഭയന്ന് ഒളിച്ചോടിയെന്ന് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പരിഹാസമുയര്‍ന്നു. ഇതോടെ, പ്രതിപക്ഷത്തിന് കീഴടങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.
ഇന്നലെയും ശബരിമല വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. അടിയന്തര പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായാല്‍ അത് തങ്ങള്‍ക്ക് ബുമറാങ് ആകുമെന്ന് പ്രതിപക്ഷത്തിന് ഉറപ്പാണ്. ഫണ്ട് തട്ടിപ്പെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന നോട്ടീസ്, അടിയന്തര പ്രാധാന്യമില്ലാത്തതെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ തള്ളുകയും ചെയ്തു. ശബരിമല വിഷയത്തില്‍ രണ്ട് എംഎല്‍എമാര്‍ നിരാഹാര സമരം ആരംഭിക്കുന്നുവെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. സി ആര്‍ മഹേഷും നജീബ് കാന്തപുരവുമാണ് നിരാഹാരം ആരംഭിച്ചത്. എന്നാല്‍, കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഇതുപോലെ രണ്ട് എംഎല്‍എമാര്‍ നിരാഹാര സമരം ആരംഭിച്ചതായി പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് ആ സമരത്തിന് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല. ഹൈക്കോടതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിനെതിരെയുള്ള സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടി. ഇതോടെ, എങ്ങനെയെങ്കിലും വിഷയത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍. അതിനിടയില്‍, കോണ്‍ഗ്രസ് നേതാക്കളുമായുള്ള പോറ്റിയുടെ ബന്ധത്തെക്കുറിച്ച് പറയുന്നതില്‍ വിറളിപിടിച്ച് പ്രതിപക്ഷനേതാവ് അധിക്ഷേപവര്‍ഷം നടത്തിയതും യുഡിഎഫിന്റെ അങ്കലാപ്പിന്റെ തെളിവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.