18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024
October 23, 2024

മണിപ്പൂര്‍ കലാപം: മോഡി സഭയില്‍ പറയണം

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
July 21, 2023 11:19 pm

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നല്‍കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷപ്രതിഷേധം ശക്തമായപ്പോള്‍ സഭ നിര്‍ത്തി ഭരണപക്ഷം ഒളിച്ചോടി. തുടര്‍ച്ചയായ രണ്ടാം ദിനവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും പ്രതിപക്ഷം അനാവശ്യമായി വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രിയല്ല പ്രധാനമന്ത്രിയാണ് സഭയിൽ വിഷയത്തിൽ വിശദീകരണം നൽകേണ്ടത് എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നിന്നു.

ചർച്ച നടക്കണമെങ്കിൽ മുദ്രാവാക്യം വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രതിഷേധത്തിനിടെ ലോക്‌സഭ 12 മണിവരെയും ശേഷം ഇന്നത്തേക്കും പിരിഞ്ഞു. രാജ്യസഭ രണ്ടരവരെ നിർത്തിവച്ചു. വീണ്ടും സമ്മേളിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇന്നത്തേക്ക് പിരിഞ്ഞു. മണിപ്പൂരില്‍ രക്തചൊരിച്ചില്‍ തുടരുകയാണെന്നത് ഉള്‍പ്പെടെയുള്ളയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയത്. കോണ്‍ഗ്രസ്, ഇടത്, ഡിഎംകെ അംഗങ്ങള്‍ കനത്ത പ്രതിരോധമാണ് സര്‍ക്കാരിനെതിരെ തീര്‍ത്തത്.

പ്രതിപക്ഷം മണിപ്പൂര്‍ വിഷയത്തില്‍ ഉന്നയിച്ച അഭിപ്രായങ്ങളിലെ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ചെയര്‍മാന്‍ ജയദീപ് ധന്‍ഖര്‍ നിര്‍ദേശം നല്‍കിയത് രാജ്യസഭയില്‍ പ്രതിഷേധം കടുക്കാനിടയാക്കി. സഭയിലെ ചര്‍ച്ചകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കിയാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രതിപക്ഷ പ്രതിഷേധത്തിന് ആക്കം കൂട്ടി. പ്രധാനമന്ത്രിതന്നെ മറുപടി പറയണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ആം ആദ്മി പാർട്ടി അംഗങ്ങൾ ഡൽഹി ഓർഡിനൻസ് വിഷയം രാജ്യസഭയിൽ ഉന്നയിച്ചു. അതേസമയം, മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ മാറ്റണം എന്ന ആവശ്യവും വീണ്ടും ശക്തമായി. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്ന നിലപാടിലാണ് ബിരേന്‍ സിങ്. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ ഇപ്പോഴും ബിരേന്‍ സിങ്ങിനുണ്ട്.

‘ഇന്ത്യ’ നിറഞ്ഞ് ലോക‌്സഭ

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ‘ഇന്ത്യ (I.N.D.I.A)’ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷ സഖ്യം. മണിപ്പൂരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന ആവശ്യപ്പെട്ടായിരുന്നു സഖ്യം ഇന്നലെ പ്ലക്കാര്‍ഡുകളുയര്‍ത്തിയത്. കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ എന്നിവരുള്‍പ്പെട്ട സഖ്യം പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ‘ഇന്ത്യക്ക് മറുപടിയാണ് ആവശ്യം, മൗനമല്ല’ എന്നും ‘പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു’ എന്നുമുള്ള മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് നടുത്തളത്തിലിറങ്ങിയത്. 24ന് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്താനും ‘ഇന്ത്യ’ സഖ്യം തീരുമാനിച്ചിട്ടുണ്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുമെന്ന് 26 പ്രതിപക്ഷ പാര്‍ട്ടികളടങ്ങിയ സഖ്യം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ എന്നിവരുള്‍പ്പെട്ട സഖ്യമാണ് ഇന്ത്യൻ നാഷണല്‍ ഡവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ).

Eng­lish Sum­ma­ry: The Oppo­si­tion wants the Prime Min­is­ter to give an expla­na­tion on the Manipur issue
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.