23 December 2024, Monday
KSFE Galaxy Chits Banner 2

റായ്ബറേലിയിൽ ഗാന്ധി കുടുംബത്തിന്റെ അഗ്നിപരീക്ഷ

സുശീൽ കുട്ടി
May 21, 2024 4:30 am

പോളിങ് ദിവസമായ മേയ് 20ന് ലഖ്‌നൗവിൽ നിന്ന് തന്റെ മണ്ഡലമായ റായ്ബറേലിയിൽ എത്തിയ രാഹുൽ ഗാന്ധി നേരെ ചരുവയിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക് പോയി. ശ്രീരാമന്റെ ‘പ്രാണപ്രതിഷ്ഠ’യ്ക്ക് ക്ഷണമുണ്ടായിട്ടും, അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ വിസമ്മതിച്ചതില്‍ ഹനുമാന്‍ ദേഷ്യപ്പെടുമെന്ന് അദ്ദേഹം കരുതിയിരിക്കാം. ചരുവ ഹനുമാൻ മന്ദിറിന്റെ പ്രത്യേകതയായി ഭക്തര്‍ കരുതുന്നത് ഇവിടെ പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ സഫലമാകും എന്നതാണ്. 2019ലെ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ സോണിയാ ഗാന്ധി ഒന്നിലേറെത്തവണ വിജയിച്ച റായ്ബറേലിയിൽ തന്റെ വിജയത്തിനായി രാഹുൽ ഗാന്ധി പ്രാർത്ഥിച്ചിരിക്കണം.
2019ൽ സ്മൃതി ഇറാനി താേല്പിക്കുന്നതുവരെ അയൽ മണ്ഡലമായ അമേഠിയിൽ നിന്നാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ മണ്ഡലത്തില്‍ നിന്ന് പലായനം ചെയ്തുവെന്ന് സ്മൃതി ഇറാനി അദ്ദേഹത്തെ പരിഹസിച്ചു. ഗാന്ധി കുടുംബത്തിന്റെ ദീർഘകാല വിശ്വസ്തനായ കിശോരി ലാൽ ശർമ്മയാണ് സ്മൃതിയെ നേരിടുന്നത്. ഹനുമാൻ മന്ദിർ സന്ദർശന ശേഷം രാഹുൽ ഗാന്ധി എല്ലാ പോളിങ് ബൂത്തുകളിലും ഒരുവട്ടം പോയി. പരിശോധനാ പര്യടനം എന്നാണ് കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്. രാഹുൽ തന്റെ പര്യടനം ബച്‌രാവനിൽ നിന്നും തുടങ്ങി ഹർചന്ദ്പൂർ അസംബ്ലി മണ്ഡലത്തിലേക്കും അവിടെ നിന്ന് ലോക്‌സഭാ മണ്ഡലത്തിലെ മുഴുവൻ പോളിങ് ബൂത്തുകളും പൂര്‍ത്തിയാക്കി.

കുതന്ത്രങ്ങൾ പ്രയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏജന്‍സികളെ ഇന്ത്യ സഖ്യം വിശ്വസിക്കുന്നില്ല. വാസ്തവത്തിൽ, തങ്ങൾ നിരീക്ഷണത്തിലാണെന്നും മോഡി സർക്കാരിന്റെ പകപോക്കലിനെ അതിജീവിച്ച് ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണമെന്നും രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. രണ്ടാംസീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചതിനു ശേഷം രാഹുൽ തന്റെ വിജയം ഉറപ്പിച്ചതുപോലെയാണ് പെരുമാറുന്നത് എന്നതാണ് വസ്തുത. ഒരാഴ്ച മുമ്പ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഹുൽ ഗാന്ധിയുടെ നിലപാടിലെ ഈ മാറ്റം ആദ്യം പരാമർശിച്ചത്. റായ്ബറേലിയിലേക്ക് കളം മാറിയത് മുതൽ പ്രധാന വിഷയങ്ങളിലും രാഷ്ട്രീയ എതിരാളികളിലും രാഹുൽ തന്റെ നിലപാടും ഭാഷയും കടുപ്പിക്കുന്നു. ഗാന്ധി കുടുംബപ്പേര് എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് റായ്ബറേലി രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചത് പോലെയായിരുന്നു ഇത്.
രാഹുൽ ഗാന്ധി കുറച്ചുകാലമായി ബിജെപിക്ക് ‘യുവരാജും’ ‘ഷഹ്സാദും’ ആയിരുന്നു. അദ്ദേഹത്തെ ബിജെപി ഉന്നതർ നിരീക്ഷിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ, റായ്ബറേലിയിലെ മത്സരം ബിജെപി സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിങ്ങും രാഹുൽ ഗാന്ധിയും തമ്മിലല്ല. വടക്കേയിന്ത്യയില്‍ രാഹുൽ ഗാന്ധിയുടെ പാർലമെന്ററി സാധ്യത നിഷേധിക്കുന്നതിനുള്ള ബിജെപി പ്രചാരണത്തെ നിയന്ത്രിക്കുന്ന പ്രധാന വ്യക്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. അമേഠിയിൽ യഥാർത്ഥ പോരാട്ടം നടക്കുന്നത് സ്മൃതി ഇറാനിയും പ്രിയങ്കാ ഗാന്ധിയും തമ്മിലും. അതായത് ഗാന്ധി കുടുംബം നഷ്ടപ്പെട്ട പ്രതാപവും മണ്ഡലവും തിരിച്ചുപിടിക്കാന്‍ തീവ്രശമത്തിലാണ്.
സഖ്യധാരണയനുസരിച്ച് യു­പിയില്‍ കോൺഗ്രസിന് 17 സീറ്റുകൾ ലഭിച്ചെങ്കിലും അമേഠിയിലും റായ്ബറേലിയിലും മാത്രമാണ് പാർട്ടി കേന്ദ്രീകരിക്കുന്നത്. റായ്ബറേലിയിൽ തോറ്റാൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം അപ്രസക്തമാകും. ഗാന്ധി കുടുംബത്തിന് സ്മൃതി ഇറാനിയെ തോല്പിക്കണം. നെഹ്രു-ഗാന്ധി ചിന്തകളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് കേന്ദ്രമന്ത്രി. സ്മൃതി ഇറാനിയുടെ ഇനിയൊരു വിജയം പ്രിയങ്കാ ഗാന്ധിക്കും അമേഠിയിൽ മുഖം കാണിക്കുന്നതിന് വിഷമമുണ്ടാക്കും. അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബത്തിന് ഇത് അവസാന അവസരമാണ് എന്നതാണ് യാഥാർത്ഥ്യം. തങ്ങളെ രണ്ടാംകിടയായി കാണുകയാണ് രാഹുല്‍ എന്ന കാര്യം വയനാട്ടുകാരും മറക്കില്ല എന്ന യാഥാര്‍ത്ഥ്യവും നിലവിലുണ്ട്.

രാഹുൽ ഗാന്ധിയെയാണ് ബിജെപി ഏറ്റവും വലിയ തടസമായി കണക്കാക്കുന്നത്. തോൽവി മനസിലാക്കിയിട്ടും “അബ്കി ബാർ 400 പാർ” എന്ന പ്രചരണം പ്രധാനമന്ത്രി ഉയര്‍ത്തിയത് വ്യാജമായ ആവേശം ഉണ്ടാക്കാനാണെന്ന് ഇന്ത്യ സഖ്യ വൃത്തങ്ങളിൽ ധാരണയുണ്ട്. എന്നാൽ അടിയൊഴുക്കുകളെ ഭയന്നിട്ടെന്നവണ്ണം മോഡി പരിഭ്രാന്തി കാണിക്കുകയും ചെയ്യുന്നു. ജൂൺ നാല് മോഡിക്കും ബിജെപിക്കും തിരശീലയിടുമോ? റായ്ബറേലിയിൽ അമിത് ഷായുടെയും തന്ത്രങ്ങളുടെയും സ്ഥിതിയെന്താകും? ഹനുമാനോടുള്ള രാഹുൽ ഗാന്ധിയുടെ പ്രാർത്ഥനയ്ക്ക് ഫലം ലഭിക്കുമോ? എന്നീ ചോദ്യങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്നു.
2014 മുതൽ ഹിന്ദി ഹൃദയഭൂമിയിൽ ഹിന്ദു ഏകീകരണം ശക്തമായി നടക്കുന്നുണ്ട്. റായ്ബറേലിയിൽ പോളിങ് ആരംഭിച്ച് 11 മണി ആയപ്പോഴേക്കും 27.82 ശതമാനം പേർ വോട്ട് ചെയ്തു. രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം അമേഠിയിലും റായ്ബറേലിയിലും ഒട്ടേറെ നേതാക്കൾ സന്ദർശനം നടത്തി. മൂന്ന് മുഖ്യമന്ത്രിമാർ, നാല് ഉപമുഖ്യമന്ത്രിമാർ, നാല് മുൻ മുഖ്യമന്ത്രിമാർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉന്നത നേതാക്കളുടെ നിരന്തര പ്രവാഹം. എന്നാല്‍ റായ്ബറേലി എംപി സോണിയാ ഗാന്ധി സന്ദർശനം നടത്തിയില്ല എന്ന പരാതിയുമുണ്ട്. മണ്ഡലത്തിൽ രാഹുലിന്റെ അമ്മയുടെ അസാന്നിധ്യം ബിജെപിയുടെ പ്രധാന പ്രചരണവിഷയമായി.
ഗാന്ധികുടുംബം പാഠം പഠിച്ചോ എന്നതാെരു ചോദ്യമാണ്. പഠിച്ചെങ്കില്‍ അനിഷേധ്യരായ ഗാന്ധി കുടുംബത്തിന് റായ്ബറേലിയിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഹുലിനെ പരിഹസിക്കുന്ന വാക്കുകൾ, സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രാഹുല്‍ ശക്തമായി പ്രതിവചിക്കുകയും ചെയ്യുന്നു. പക്ഷേ റായ്ബറേലിയിൽ വിജയിക്കേണ്ടത് രാഹുൽ ഗാന്ധിക്ക് അത്യന്താപേക്ഷിതമാണ്. ബിജെപി ജയിച്ചാലും തോറ്റാലും മോഡി ബിജെപിയുടെ ‘മാർഗ് ദർശക് മണ്ഡലിൽ’ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാം. എന്നാൽ മോഡി പ്രവചിച്ചതുപോലെ ഇന്ത്യ സഖ്യം തകരുകയും രാഹുൽ ഗാന്ധി റായ്ബറേലിയിൽ തോൽക്കുകയും ചെയ്താൽ, അത് രാഷ്ട്രീയമായി അതീവഗുരുതരമായിരിക്കും. 

(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.