
വിദേശ സംഭാവന സ്വീകരിക്കുന്നതിൽ നിന്ന് കേന്ദ്രം വിലക്കേർപ്പെടുത്തുന്ന ജീവകാരുണ്യ‑സന്നദ്ധ സംഘടനകളുടെ എണ്ണം കൂടുന്നു. അടുത്തിടെ ഭിന്നശേഷിക്കാരുടെ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആറ് സന്നദ്ധ സംഘടനകളെക്കൂടി വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽപെടുത്തി വിലക്കിയതോടെ ഏഴ് മാസത്തിനിടെ മാത്രം ഒഴിവാക്കപ്പെടുന്ന സംഘടനകളുടെ എണ്ണം 700 ന് മുകളിലായി.
ബ്ലൂ ക്രോസ് ബ്ലൂക്രസന്റ് സൊസൈറ്റി, ഗുഡ് എർത്ത് എജ്യൂക്കേഷൻ ഫൗണ്ടേഷൻ, ഇന്ത്യ ഐ ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് ഒബ്സർവർ, ഡെഫ് ക്രിക്കറ്റ് സൊസൈറ്റി, ബൈ ഡയറക്ഷണൽ ആക്സസ് പ്രമോഷൻ സൊസൈറ്റി, ബിഹേവിയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് ഒടുവിലായി ലൈസൻസ് നിഷേധിക്കപ്പെട്ട സംഘടനകൾ. കഴിഞ്ഞ വർഷം ആദ്യം 6000 ‑ത്തിലേറെ സംഘടനകളുടെ ലൈസൻസ് റദ്ദ് ചെയ്തിരുന്നു.
2014ൽ നരേന്ദ്ര മോഡി അധികാരത്തില്‍ വന്നശേഷം എഫ‌്സിആർഎ ചട്ടങ്ങള്‍ കർശനമാക്കിയതോടെ ഉയർന്ന മൂല്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനകൾക്കെതിരെയും നിയമം പ്രയോഗിക്കാൻ തുടങ്ങിയിരുന്നു. ‘91ൽ സ്ഥാപിതമായതും നെഹ്രു കുടുംബവുമായി ബന്ധമുള്ളതും സോണിയാഗാന്ധി അധ്യക്ഷയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ധനമന്ത്രി പി ചിദംബരം, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ അംഗങ്ങളുമായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ലൈസൻസും കഴിഞ്ഞ വർഷം റദ്ദാക്കി. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസിനെയും ഇടയ്ക്ക് എഫ‌്സിആർഎ പരിധിയിൽ നിന്നൊഴിവാക്കിയെങ്കിലും എതിർപ്പ് വ്യാപകമായതോടെ നടപടി പിൻവലിക്കുകയായിരുന്നു.
നിയമ ലംഘനം നടത്തുന്ന സംഘടനകളുണ്ടെങ്കിൽ അവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിന് പകരം, അർഹതയുള്ള ജീവകാരുണ്യ‑സന്നദ്ധ സംഘടനകളുടെ മേലും മറ്റു ചില താല്പര്യങ്ങളുടെ മറവിൽ നടപടി സ്വീകരിക്കുകയാണെന്ന പരാതി വ്യാപകമാണ്. സംഘ് പരിവാറിന്റെ ആശിർവാദമുള്ള പല സംഘടനകളും ഒരു നിയമവും ബാധകമല്ലാത്ത മട്ടിൽ വിദേശ സംഭാവനകൾ സ്വീകരിച്ച് രാജ്യത്ത് പ്രവർത്തിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, ലൈസൻസ് പുതുക്കുന്നതിനായി അപേക്ഷ നൽകിയ അർഹതപ്പെട്ട പല സംഘടനകൾക്കും പ്രത്യേക കാരണങ്ങളില്ലാതെ നിഷേധിച്ചതായ പരാതിയുമുയരുന്നുണ്ട്.
ഇതിനിടെ, അർഹതയില്ലാത്ത സംഘടനകളുടെ മേലുള്ള എഫ‌്സിആർഎ നിയമ തടസങ്ങൾ നീക്കിക്കൊടുക്കുന്നതിനായി, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മൂന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നതായി കഴിഞ്ഞ വർഷം സിബിഐ കണ്ടെത്തിയിരുന്നു. നിയമ തടസങ്ങൾ നീക്കുന്നതിനും എഫ‌്സിആർഎ ക്ലിയറൻസ് വേഗത്തിൽ തരപ്പെടുത്തുന്നതിനുമായി ഈ സംഘങ്ങൾ സംഘടനകളിൽ നിന്ന് പണം വാങ്ങുകയും അത് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പങ്ക് വയ്ക്കുകയും ചെയ്തിരുന്നതായി സിബിഐ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
English Summary: The organization hunt for foreign donations continues
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.