22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

കോട്ടയത്തിൻറെ മാറ്റ് കൂട്ടി എൻറെ കേരളം മേളയിലെ പവലിയനുകൾ

Janayugom Webdesk
കോട്ടയം
April 26, 2025 6:26 pm

വികസന പാതയുടെ പ്രദർശനമായി കിഫ്ബിക്കാഴ്ചകൾ

പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടത്തിന്റെ നേർക്കാഴ്ചയാണ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കിഫ്ബി തയാറാക്കിയിട്ടുള്ള തീം സ്റ്റാൾ. ഒരു വലിയ വെള്ളച്ചാട്ടത്തിലൂടെയോ അല്ലെങ്കിൽ ഒരു കൂട്ടം മത്സ്യങ്ങളുടെ ഇടയിലൂടെയോ കടന്നുപോകുന്ന പ്രതീതിയാണ് 17 അടി പൊക്കത്തിൽ നിർമിച്ച കിഫ്ബി പവലിയൻ നൽകുന്നത്. ഇതോടൊപ്പം ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെ എം.എൽ.എ.മാർ കിഫ്ബി ഫണ്ടുപയോഗിച്ചു ചെയ്ത പദ്ധതികളേപ്പറ്റി വിശദമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഡിസ്‌പ്ലേ കിയോസ്‌ക്കുകളും ഒരുക്കിയിട്ടുണ്ട്. വികസന സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് കിഫ്ബിയുടെ പ്രദർശന സ്റ്റാളിലെത്തുന്നവർ കണ്ട് തിരികെ മടങ്ങുന്നത്.

കേരളത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികൾ സുഗമമായി നടപ്പാക്കുന്നതിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പങ്ക് ജനങ്ങൾക്ക് നേരിട്ട് അറിയാൻ കിഫ്ബിയുടെ സ്റ്റാളിലൂടെ അവസരമുണ്ട്. വെർച്വൽ റിയാലിറ്റി ഗ്ലാസുപയോഗിച്ച് ജില്ലാ തലത്തിലുള്ള കിഫ്ബി പദ്ധതികൾ കണ്ടാസ്വദിക്കാനുള്ള അവസരവും ഇവിടെയുണ്ട്. ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന കിഫ്ബി പദ്ധതികളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടറിയാനും സ്റ്റാളിൽ അവസരമുണ്ട്.

ആനന്ദത്തിലൂടെ ആനന്ദം: മേളയിൽ വേറിട്ട കാഴ്ചയൊരുക്കി കായികവകുപ്പ്

എന്റെ കേരളം മേളയിൽ വേറിട്ട അനുഭവമൊരുക്കി കായിക വകുപ്പ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്കുവരെ കളിക്കാവുന്ന പതിനെഞ്ചോളം വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോൾ ബാസ്‌കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇവിടെ റെഡിയാണ്.

ഇലക്ട്രിക് ബസ്സ് വയർ ഗെയിം, ത്രോയിംഗ് ടാർഗറ്റ്, ബാസ്‌കറ്റ് ബോൾ, സോഫ്റ്റ് ആർച്ചറി, സ്വിസ് ബോൾ, ബാഡ്മിന്റൺ, സ്‌കിപ്പിംഗ് റോപ്, ബാലൻസിങ്, ഫുട്ബാൾ… എന്നിങ്ങനെ നീളുന്നു പട്ടിക.

ഒരു വ്യക്തിയുടെ ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് കണക്കാക്കാനും 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് മനസ്സിലാക്കാനും കഴിയുന്ന ചാർട്ടും കുട്ടികൾക്ക് കളിക്കാനായി കിഡ്സ് പ്ലേഗ്രൗണ്ടുമാണ് സ്റ്റാളിന്റെ മറ്റു പ്രധാന ആകർഷണങ്ങൾ. യുവജനങ്ങൾക്കിടയിലും മുതിർന്നവരിലും കായിക പരിശീലനത്തിന്റെ പ്രാധാന്യം എത്തിക്കുക എന്നതാണ് സ്റ്റാൾ ലക്ഷ്യമിടുന്നത്.

കളിയും കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാൾ

കളിയുടെയും അറിവിന്റെയും ലോകത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ വനിതാ ശിശു വികസന വകുപ്പ് സ്റ്റാൾ.

ആടാനും പാടാനും വനിതാ ശിശു വികസന വകുപ്പിന്റെ സേവനങ്ങളേപ്പറ്റി അറിവ് നേടാനുമെല്ലാം അവസരമുണ്ട്. കൂടാതെ കുരുന്നുകളെ കാത്തിരിക്കുന്നത് വർണാഭമായ പ്ലേ ഏരിയയും സെൽഫി കോർണറുമാണ്. വൈജ്ഞാനിക വികസനം ലക്ഷ്യമിട്ടുള്ള കളികളും ഇവിടെ അനവധിയാണ്. ഇനി സ്റ്റാളിലുള്ള പോസ്റ്ററിലൂടെയെല്ലാം വിശദമായി ഒന്നു കണ്ണോടിക്കുക. തത്സമയ ക്വിസിന്റെ ഉത്തരങ്ങൾ ഇതിലൂടെ കണ്ടെത്തിയാൽ ഏവരെയും കാത്തിരിക്കുന്നത് ആകർഷണീയമായ സമ്മാനങ്ങളാണ്.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ഊന്നൽ കൊടുത്തുകൊണ്ട് അങ്കണവാടികളുടെ പോഷകാഹാര പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സൗജന്യ കൗൺസിലിംഗ് സർവീസ് ലഭ്യമാക്കുന്ന പേരന്റിങ് ക്ലിനിക്കാണ് മറ്റൊരു പ്രത്യേകത. തങ്ങൾ നേരിടുന്ന മാനസികമായ പ്രശ്‌നങ്ങൾക്ക് പരിഹാരമായി പ്രവർത്തിക്കുന്ന ഈ ക്ലിനിക്ക് മുഖേന വിശദമായ കൗൺസിലിങ്ങിനും അവസരമുണ്ട്.
ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന സഖി സെല്ലിനെപ്പറ്റിയുള്ള അവബോധനവും നൽകുന്നുണ്ട്. നവജാത ശിശുക്കൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും തങ്ങളുടെ ഉയരവും ഭാരവും അറിയുവാനുള്ള സൗകര്യവും ഇവിടെയുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ പ്രതിഫലിപ്പിച്ച് പ്രദർശന സ്റ്റാൾ

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലൂടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ പ്രദർശിപ്പിക്കുകയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാൾ.
റൈറ്റിംഗ് റോബോട്ട്, സ്മാർട്ട് എനർജി മീറ്റർ, ഭാരവസ്തുക്കൾ എടുത്തു മാറ്റാൻ ശേഷിയുള്ള ആർട്ടിക്കുലേറ്റഡ് റോബോട്ട്, വൈ ഫൈയിലൂടെ റോബോട്ടിന്റെ കൈകളുടെ ചലനം കാണിച്ചു തരുന്ന സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച കരിയിലകൾ അടിച്ചു വാരുന്ന യന്ത്രം അങ്ങനെ അനവധി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലുള്ളത്.
സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ പാതയിലേക്ക് ഉയർന്നതിന്റെ തെളിവുകളാണ് വകുപ്പിന്റെ സ്റ്റാൾ.

മനുഷ്യസഹായമില്ലാതെ ചെടികൾക്ക് വെള്ളം ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് പ്‌ളാൻറ് വാട്ടർ സംവിധാനം, പാത്രം വെച്ചാൽ തനിയെ വെള്ളം പാത്രത്തിലേക്കു വീഴുന്ന ഓട്ടോമാറ്റിക് വാട്ടർ ഡിസ്‌പെൻസർ, പ്രളയവും മണ്ണിടിച്ചിലും പോലുളള ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള സംവിധാനം. കടുത്തുരുത്തി, പാലാ പോളിടെക്‌നിക്കുകളിലെയും ‚ആർ.ഐ.ടി. പാമ്പാടിയിലെയും കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ച സാങ്കേതിക വിദ്യകളാണിവ. പ്രൊജക്ടുകളുടെ ഭാഗമായാണ് വിദ്യാർഥികൾ ഇത്തരം ഉപകരണങ്ങൾ നിർമിച്ചത്. കുറഞ്ഞ ചെലവിലാണ് വിദ്യാർഥികൾ എല്ലാം തന്നെ ഇത്തരം സാങ്കേതിക ഉപകരണങ്ങൾ നിർമിച്ചത്.

സ്‌കൂൾവിപണിയുമായി കൺസ്യൂമർ ഫെഡ് ; രക്ഷകർത്താക്കൾക്ക് ആശ്വാസം

വമ്പിച്ച ഓഫറുകളും വിലക്കുറവുമായി എന്റെ കേരളം പ്രദർശന വിപണന മേളയിൽ തിരക്കേറി കൺസ്യൂമർ ഫെഡ് സ്റ്റാൾ. മേള കാണാൻ എത്തുന്നവർ കൈ നിറയെ സാധനങ്ങളുമായി മടങ്ങാനുള്ള അവസരമാണ് കൺസ്യൂമർ ഫെഡ് ഒരുക്കിയിരിക്കുന്നത്. സ്‌കൂൾ തുറക്കാൻ ഇനി ഒരു മാസം ബാക്കി നിൽക്കേ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും ഇവിടെ ലഭ്യമാണ്. പൊതു വിപണിയിൽ നിന്ന് 30 ശതമാനം വരെ വിലക്കുറവാണ് ഇവിടെ.

ബുക്ക്, ബാഗ്, പേന, പേപ്പർ, കുടകൾ അങ്ങനെ തുടങ്ങി വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ഒറ്റ കുടകീഴിൽ ലഭ്യമാണ്. അതോടൊപ്പം, ത്രിവേണി സാധനങ്ങൾക്കും വിലക്കുറവിൽ ലഭ്യമാണ്. 160 പേജുള്ള ബുക്കിന് 28.80 രൂപയും 200 പേജുളളതിന് 40.20 രൂപയുമാണ് വില. പേപ്പർ റോൾ‑45, ബാഗ്- 628, കുട- 535, എന്നിങ്ങനെയാണ് വില. സ്‌കെയിൽ, പേപ്പർ, സ്‌കൂൾ ബോക്‌സുകൾ, വാട്ടർ ബോട്ടിൽ, പെൻസിൽ തുടങ്ങി എല്ലാം ഇവിടെ ലഭിക്കും. നിത്യോപയോഗ സാധനങ്ങളായ മഞ്ഞൾപ്പൊടി, മുളക് പൊടി, അരിപ്പൊടി,വെളിച്ചണ്ണ എന്നിവയ്ക്കും 20 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സർക്കാർ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കൺസ്യൂമർഫെഡിന്റെ വിപണി രക്ഷകർത്താക്കൾക്ക് സഹായമായി മാറിയിരിക്കുകയാണ്.

വികസന വഴിയിൽ പിണറായി സർക്കാർ; നേർക്കാഴ്ചയുമായി പി.ആർ.ഡി

പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടങ്ങളിലൂടെയുള്ള ഹ്രസ്വ സഞ്ചാരമാണ് എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിവര പൊതുജന സമ്പർക്ക വകുപ്പ് ഒരുക്കിയിരിക്കുന്ന പവലിയൻ. പ്രദർശന സ്റ്റാളിന്റെ പ്രധാന കവാടത്തോടു ചേർന്നുള്ള വിശാലമായ പവലിയനിൽ കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഫോട്ടോകളിലൂടെയും എൽ.ഇ.ഡി. വാളുകളിലൂടെയും വിശദമായി കണ്ടു മനസിലാക്കാം.

മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതുൾപ്പെടെയുള്ള ഫോട്ടോകളുടെ പ്രദർശനമാണ് തുടക്കത്തിൽ. തൊട്ടടുത്ത് വെച്ചിരിക്കുന്ന എൽ.ഇ.ഡി. സ്‌ക്രീനിൽ എല്ലാ രംഗത്തും സർക്കാർ കൈവരിച്ച നേട്ടങ്ങൾ വായിച്ചു മനസിലാക്കാം. ബോർഡിനു മുൻപിലെ സ്റ്റാൻഡിൽ വെച്ചിരിക്കുന്ന മാഗസിന്റെ താളുകൾ മറിക്കുമ്പോൾ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ രൂപരേഖ എൽ.ഇ.ഡി. വാളിൽ തെളിയും. അതിൽനിന്ന് സംസ്ഥാനത്തെ അടുത്തറിയാം.ഡിജിറ്റൽ ഭൂസർവേ, വിഴിഞ്ഞം തുറമുഖ പദ്ധതി, സ്റ്റാർട്ടപ്പ് കേരള, വാട്ടർ മെട്രോ, ഡിജിറ്റൽ കേരളം, ടൂറിസം വികസനം, കായിക വികസനം, പട്ടയ വിതരണത്തിലെ നേട്ടങ്ങൾ, ദുരന്തമുഖങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ, ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, കുടിവെള്ള പദ്ധതികൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ, ഭിന്നശേഷി സൗഹൃദ പദ്ധതികൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിങ്ങനെ സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ സ്ഥിതിവിവരക്കണക്കുകൾ സഹിതം തുടർന്നുള്ള ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
വിവരങ്ങൾ അറിയുന്നതിനൊപ്പം ‘എന്റെ കേരളം’ മാഗസിന്റെ മുഖചിത്രമാകാൻ അവസരമൊരുക്കുന്ന ഫോട്ടോ പോയിന്റും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഫോട്ടോയെടുത്ത് എന്റെ കേരളം എന്ന ഹാഷ് ടാഗോടെ സാമൂഹിക മാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യാം. ഗെയിം സോണും പവിലിയനിൽ ഒരുക്കിയിട്ടുണ്ട്.
കാർഷികം, പട്ടയം, വിദ്യാഭ്യാസം, ആരോഗ്യം, വിദ്യാഭ്യാസം, നവകേരളം എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന നേട്ടങ്ങളുടെ ക്യൂബും ഇവിടെയുണ്ട്. ഇവയിൽ ഏതിനേക്കുറിച്ചാണോ കൂടുതൽ അറിയേണ്ടത് ആ ഭാഗം അടിയിൽ വരത്തക്കവിധം സ്റ്റാൻഡിൽ ക്യൂബ് വെച്ചാൽ മതി; അതേക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ സ്‌ക്രീനിൽ തെളിയും. ലഹരിയോട് വിട പറയുക എന്ന ലക്ഷ്യത്തോടെ എൽ.ഇ.ഡി. സ്‌ക്രീനിൽ ഗെയിം സോണും ക്രമീകരിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിനെ അടുത്തറിയാം

തീവ്രപരിചരണ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന വെന്റിലേറ്റർ വാർഡുകളിൽ നിന്നു രോഗികളെ മാറ്റുമ്പോൾ ഉപയോഗിക്കുന്ന പോർട്ടബിൾ വെന്റിലേറ്റർ തുടങ്ങി താക്കോൽദ്വാര ശസ്ത്രക്രിയാ ഉപകരണങ്ങൾ വരെ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സ്റ്റാൾ.

ശ്വാസകോശ അർബുദം ബാധിച്ച രോഗിയുടെ ശ്വാസകോശം, ലിവർ സിറോസിസ് ബാധിച്ച രോഗിയുടെ കരൾ, സയാമീസ് ഇരട്ടകൾ, സ്തനാർബുദം ബാധിച്ച ഭാഗത്തെ ടിഷ്യൂ, ഗർഭപാത്രത്തിൽ കുഞ്ഞ് കിടക്കുന്ന രീതി എന്നിവയെല്ലാം പ്രദർശനത്തിൽ നിന്ന് കണ്ട് മനസ്സിലാക്കാം. കൂടാതെ സംസ്ഥാനസർക്കാർ ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയിട്ടുള്ള വിവിധങ്ങളായ പദ്ധതികളുടെ വിശദാംശങ്ങളും മേളയിലൂടെ വിവരിക്കുന്നുണ്ട്.

ആരോഗ്യവകുപ്പിന്റെ സ്റ്റാളിൽ എത്തിയാൽ യു.എച്ച്.ഐ.ഡി കാർഡ് അപ്പോൾ തന്നെ സ്വന്തമാക്കാം. ആധാർ നമ്പരും ആധാർ ലിങ്ക്ഡ് മൊബൈൽ ഫോൺ നമ്പരുമായി വന്നാൽ മാത്രം മതി. സംസ്ഥാനത്തെ ഏത് സർക്കാർ ആശുപത്രികളിൽ നിന്നും യു.എച്ച്.ഐ.ഡി കാർഡ് വഴി ഒ. പി ടിക്കറ്റ് എടുക്കാം. ഒ.പി.യിൽ പേരും വിലാസവും പറഞ്ഞു സമയം കളയേണ്ടി വരില്ല. ehealth.kerala.govt.in എന്ന വെബ്‌സൈറ്റ് മുഖേന കാർഡ് ഉപയോഗിച്ച് ഓൺലൈൻ അപ്പോയിന്റ്‌മെന്റും എടുക്കാം.

ആരോഗ്യ വകുപ്പിൻറ സ്റ്റാളിൽ ജീവിതശൈലി രോഗനിർണയം ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്. ഫുൾടൈം ഡയറ്റീഷന്റെയും നഴ്‌സിന്റെയും സേവനം ഇവിടെ ലഭ്യമാണ്.

അനുഭവാധിഷ്ഠിത പഠനത്തിന്റെ നേർക്കാഴ്ചയുമായി പൊതുവിദ്യാഭ്യാസ സ്റ്റാൾ

മാറുന്ന ലോകത്തിനൊത്ത് ചുവടുവയ്ക്കുന്ന പുതുതലമുറയുടെ പുതുപുത്തൻ ആശയങ്ങൾ കണ്ടറിയാൻ അവസരമൊരുക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

മിനി റോബോട്ടും, സ്‌കൂൾ കുട്ടികളുടെ ഹാജർ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള ഉപകരണവും, സെൻസറും, വെർച്വൽ റിയാലിറ്റി ഗ്ലാസുമെല്ലാം ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. സ്‌കൂൾ കുട്ടികളെ ഇന്നവേഷനിലേക്കും സംരംഭകത്വത്തിലേക്കും ആകർഷിക്കുന്ന പദ്ധതിയായ ടിങ്കറിംഗ് ലാബിൽനിന്നുള്ള നൂതന ആശയങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്നത്. ട്രാക്കുകളും വീലുകളുമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന സെമി ഓട്ടോമാറ്റിക് മെട്രോ പോലെയുള്ള സംസ്ഥാനതലത്തിൽ വിജയിച്ച ശാസ്ത്ര പ്രോജക്ടുകൾ, സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിന്റെ കീഴിൽ ചെയ്തിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടർ അസംബ്ലിംഗ് മുതലായ വ്യത്യസ്തങ്ങളായ ആശയ ആവിഷ്‌കരണമാണ് ഇവിടെ കാണാൻ കഴിയുന്നത്. സംസ്ഥാന സർക്കാർ പദ്ധതിയായ കൈറ്റിന്റെ കീഴിലുള്ള സമഗ്ര പോർട്ടലിന്റെയും റോബോട്ടിക്‌സ് പരിശീലനത്തിന്റെയും അവബോധനവും നൽകുന്നുണ്ട്. കൂടാതെ വി.എച്ച്.എസ്.സി, ഹയർ സെക്കൻഡറി തലത്തിലുള്ള വിവിധ കോഴ്‌സുകളേപ്പറ്റി അറിയാനുള്ള അവസരവുമുണ്ട്.

 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.