
അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍. കോഴിക്കോട് ചാലിയം ഫോറസ്റ്റ് ബംഗ്ലാവിന് സമീപത്ത് താമസിക്കുന്ന വെമ്പറമ്പില്‍ വീട്ടില്‍ റാസിക്ക്(37), വെമ്പറമ്പില്‍ ഷെബീറലി(34) എന്നിവരെയാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 10.50ഓടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചാലിയം ഫിഷ്‌ലാന്റിംഗ് സെന്ററിന് സമീപം അതിഥി തൊഴിലാളിയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ചെന്നതാണ് പൊലീസ്. ബേപ്പൂര്‍ കോസ്റ്റല്‍ പോലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിജേഷ് കുഞ്ഞബ്ദുള്ള എന്നിവര്‍ക്കാണ് അക്രമം തടയുന്നതിനിടെ പ്രതികളുടെ മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് രക്ഷപ്പെട്ട പ്രതികളെ കാടുമൂടിയ സ്ഥലത്ത് നിന്ന് പിടികൂടിയത്. റാസിഖിന്റെ പേരില്‍ ബേപ്പൂര്‍, നല്ലളം സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ട്. എസ്‌ഐ നൗഷാദ്, എഎസ്‌ഐ ദീപ്തി ലാല്‍, രഞ്ജിത്ത്, പ്രസൂണ്‍, നിഥിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.