
പരിശീലനം പൂര്‍ത്തിയാക്കാതെ, ഒരൊറ്റ ദിവസം പോലും ജോലി ചെയ്യാതെ പൊലീസുകാരന്‍ കൈപ്പറ്റിയത് 12 വര്‍ഷത്തെ ശമ്പളം. മധ്യപ്രദേശിലെ വിദിഷയിലെ പൊലീസ് കോണ്‍സ്റ്റബിളായ അഭിഷേക് ഉപാധ്യായയാണ് മധ്യപ്രദേശ് സര്‍ക്കാരിനെ 12 വര്‍ഷമായി കബളിപ്പിച്ച് ശമ്പളയിനത്തില്‍ 28 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്. മധ്യപ്രദേശില്‍ രേഖകളില്‍ മാത്രമുള്ള 50,000 ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ 2024 ഡിസംബര്‍ മുതല്‍ ശമ്പളം വാങ്ങിയില്ല എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ജോലിക്ക് ഹാജരാകാതെ വര്‍ഷങ്ങളായി ശമ്പളം വാങ്ങിയ കഥ പുറത്തുവരുന്നത്. 2011ല്‍ അഭിഷേക് ഉപാധ്യായ മധ്യപ്രദേശ് പൊലീസില്‍ ജോലി നേടുകയും ഭോപ്പാല്‍ പൊലീസ് ലൈനില്‍ നിയമിക്കുകയും ചെയ്തു. പരിശീലനത്തിനായി സാഗര്‍ പൊലീസ് പരിശീലന കേന്ദ്രത്തിലേക്കയയച്ചെങ്കിലും അവിടെ റിപ്പോര്‍ട്ട് ചെയ്യാതെ ഇയാള്‍ ജന്മനാടായ വിദിഷയിലേക്ക് മടങ്ങി. ഈ വിവരം ഇയാള്‍ വകുപ്പിനെ അറിയിക്കുകയോ അവധിക്ക് അപേക്ഷിക്കുകയോ ചെയ്തില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളൊന്നും ഹാജരാക്കിയതുമില്ല. തന്റെ സര്‍വീസ് ഫയല്‍, നാട്ടിലെത്തിയ ശേഷം ഭോപ്പാലിലേക്ക് സ്പീഡ് പോസ്റ്റ് ചെയ്യുക മാത്രമായിരുന്നു ചെയ്തത്. പക്ഷെ യാതൊരു പരിശോധനയുമില്ലാതെ അഭിഷേകിന്റെ ഫയല്‍ അംഗീകരിച്ചു. 12 വര്‍ഷമായി ഇയാള്‍ ശമ്പളവും വാങ്ങി.
10 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ശമ്പളസ്കെയില്‍ നവീകരിക്കുന്ന പ്രക്രിയയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് അഭിഷേകിന്റെ തട്ടിപ്പ് പുറത്തായത്. അടിസ്ഥാന പരിശീലനത്തിനായി സാഗറിലെത്തിയ അഭിഷേക് ലീവിലായിരുന്നു. സഹപ്രവര്‍ത്തകര്‍ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയപ്പോഴും അഭിഷേക് അവധിയിലായിരുന്നു. മടങ്ങിയെത്തിയപ്പോള്‍ വീണ്ടും പരിശീലനത്തിനായി സാഗറിലേക്ക് അയച്ചെങ്കിലും നേരേ പോയത് നാട്ടിലേക്ക്. തന്റെ മടക്കം ആരെയും അറിയിച്ചില്ല. ലീവിനായി അപേക്ഷ നല്‍കിയതുമില്ല. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ വിളിച്ചുവരുത്തിയപ്പോള്‍ അഭിഷേക് കുറ്റസമ്മതം നടത്തുകയായിരുന്നു. തനിക്ക് സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയില്ലായിരുന്നുവെന്നും മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നും അഭിഷേക് പറഞ്ഞു. ഒൗദ്യോഗിക കണക്കനുസരിച്ച് അഭിഷേക് 28 മുതല്‍ 35 ലക്ഷം രൂപ വരെ കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷം രൂപ മാത്രമാണ് തിരിക നല്‍കിയത്. ബാക്കി തുക തവണ വ്യവസ്ഥയില്‍ തിരിച്ചടയ്ക്കാമെന്ന് അഭിഷേക് പറയുന്നു. മധ്യപ്രദേശില്‍, 50,000 പേര്‍ രേഖകളില്‍ മാത്രം ജോലിക്കാരായി തുടര്‍ന്നുകൊണ്ടിരിക്കെ അപ്രത്യക്ഷരായ ചരിത്രം പുറത്തുവരുന്നത്. 2024 ഡിസംബറിനു ശേഷം ഇവര്‍ ശമ്പളം പിന്‍വലിച്ചിട്ടില്ല. ഇത്തരത്തില്‍ 230 കോടി രൂപയാണ് ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ അന്വേഷണം നടക്കവെയാണ് ജോലി ചെയ്യാതെ ശമ്പളം വാങ്ങിയെന്ന കഥ പുറത്തുവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.