6 December 2025, Saturday

ഓണ്‍ലൈൻ കുരുക്കില്‍ തപാല്‍മേഖല താളംതെറ്റി

ബേബി ആലുവ
കൊച്ചി
November 10, 2025 10:15 pm

തപാൽ മേഖലയിലെ സേവനങ്ങൾ പൂർണമായും ഓൺലൈനാക്കുന്നതിനായി നടത്തിയ അശാസ്ത്രീയമായ പരിഷ്കരണങ്ങൾ രാജ്യത്തെ തപാൽ ഓഫിസുകളുടെ പ്രവർത്തനം താറുമാറാക്കി. സെർവർ ശേഷി ഉയർത്താതെയും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയും നടത്തിയ ഏർപ്പാടുകളാണ് വിനയായിരിക്കുന്നത്. 

കേരളത്തിലും തുടർന്ന് രാജ്യത്താകമാനവും തപാൽ ഓഫിസുകളിൽ പുതിയ സോഫ്റ്റ്‌വേയർ സമ്പ്രദായം ഏർപ്പെടുത്തിയത് യഥാക്രമം ജൂലൈ 22 മുതലും ഓഗസ്റ്റ് ഒന്ന് മുതലുമാണ്. ഇതോടെയാണ്, മണിയോർഡർ കൈകാര്യം ചെയ്യുക, തപാലുരുപ്പടികൾ രജിസ്റ്റർ ചെയ്യുക തുടങ്ങിയ ജോലികളെല്ലാം താളം തെറ്റിയതെന്ന് ജീവനക്കാർ പറയുന്നു. നേരത്തേ വർഷങ്ങളോളം സ്വകാര്യ സ്ഥാപനവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ അവരുടെ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് തപാൽ മേഖലയിലെ പ്രധാന സേവനങ്ങളല്ലാം കൈകാര്യം ചെയ്തിരുന്നത്. കരാർ സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെ മുന്നൊരുക്കമെന്ന നിലയിൽ വകുപ്പ് സ്വന്തമായി വികസിപ്പിച്ച പുതിയ അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി (എപിടി-2.0) ഉപയോഗിച്ചായി സേവനങ്ങൾ. ഒപ്പം, പ്രശ്നങ്ങളും തുടങ്ങി. സെപ്റ്റംബറിൽ 2018 മുതൽ സ്വകാര്യ സ്ഥാപനവുമായുമുണ്ടായിരുന്ന കരാർ അവസാനിക്കുകയും ചെയ്തു.
നിലവിലുണ്ടായിരുന്ന സോഫ്റ്റ്‌വേറിൽ പാർസൽ ബുക്കിങ്, മെയിൽ ബുക്കിങ് എന്നിവ ഓഫ് ലൈനിലാണ് ക്രമീകരിച്ചിരുന്നത്. പുതിയ സോഫ്റ്റ്‌വേർ വന്നതോടെ ഇവ രണ്ടും ഓൺലൈനിലാക്കുകയായിരുന്നു. സോഫ്റ്റ്‌വേർ താളക്കേടിലായതോടെ മണിക്കൂറുകളോളം കാത്തുനിന്നാലും അവശ്യം നടക്കില്ലെന്നു വന്നതോടെ ഇടപാടുകാരും ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങളും പതിവായി. ഇടപാടുകാർ സ്വകാര്യ കൊറിയർ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് വർധിച്ചിരിക്കുകയുമാണ്. 

ജനങ്ങളുമായുള്ള ഇടപാടുകൾ മാത്രമല്ല, ഓഫിസുകളിലെ ആഭ്യന്തര ജോലികളും സോഫ്റ്റ്‌വേറിന്റെ പണിമുടക്ക് മൂലം തടസപ്പെട്ടിരിക്കുകയാണ്. പ്രശ്നം ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയിലധികമാക്കിയിരിക്കുന്നു എന്ന പരാതിയുമുയരുന്നുണ്ട്. രാവിലെ ഒമ്പത് മണിമുതൽ രാത്രി 12 വരെ ഓഫിസുകളിൽ കഴിയേണ്ട സ്ഥിതിയാണെന്ന് അവർ പറയുന്നു. പല തപാല്‍ ഓഫിസുകളുടെയും മുമ്പിൽ ജീവനക്കാരുടെ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. 

വിഷയം കേന്ദ്ര സെർവറിലേതായതിനാൽ പരിഹരിച്ചു കൊണ്ടിരിക്കുന്നു എന്ന ആവർത്തിച്ചുള്ള മറുപടിയാണ് മുകളിൽ നിന്ന് താഴെ തലങ്ങളിൽ ലഭിക്കുന്നത്. പാഴ്സൽ അടക്കമുള്ള ചിലവ ഓഫ് ലൈനായി ബുക്ക് ചെയ്യാൻ സൗകര്യം നൽകുകയും സെർവർ ശേഷി വർധിപ്പിക്കുകയും ചെയ്താൽ പ്രതിസന്ധി പരിഹരിക്കാമെന്നാണ് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.