10 January 2025, Friday
KSFE Galaxy Chits Banner 2

സ്നേഹിതന്മാരിൽ സ്നേഹിതനായ ‘രാജകുമാരൻ’

രാജാജി മാത്യു തോമസ്‍
May 27, 2023 4:12 am

അസാധാരണമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു സ്നേഹിതന്മാരിൽ സ്നേഹിതനായിരുന്ന സി ജി പ്രിൻസ്. അന്യ സംസ്ഥാന തൊഴിലാളികൾ മുതൽ കലാമർമ്മജ്ഞരായ പ്രൊഫസർമാർ വരെ ഉൾപ്പെടുന്നതായിരുന്നു അവന്റെ ആത്മബന്ധങ്ങൾ. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നില്ലെങ്കിലും പാർട്ടിയെ സ്നേഹിക്കുകയും അങ്ങേയറ്റത്തെ പ്രതിബദ്ധതയോടെ ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും പാർട്ടിക്ക് വേണ്ടി നിർവഹിക്കുകയും ചെയ്ത സഖാവായിരുന്നു അവൻ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലമായി പാർട്ടിയുടെ പ്രധാനപ്പെട്ട എല്ലാ സംരംഭങ്ങളിലും പ്രിന്‍സിന് പങ്കാളിത്തമുണ്ടായിരുന്നു. വി കെ രാജൻ, സി കെ ചന്ദ്രപ്പൻ, കാനം രാജേന്ദ്രൻ, എ എം പരമൻ, സി എൻ ജയദേവൻ, കെ പി രാജേന്ദ്രൻ, പി ബാലചന്ദ്രൻ, ബിനോയ് വിശ്വം, വി എസ് സുനിൽകുമാർ, കെ രാജൻ, ടി ആർ രമേഷ് കുമാർ, വി കെ മോഹനൻ, ടി ആർ അനിൽ കുമാർ തുടങ്ങി തൃശൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തകരുമായി രൂഢമൂലമായ ഹൃദയബന്ധം പുലർത്തി.

ജോർജ് ചേട്ടനും, ലില്ലിച്ചേച്ചിയും അവന്റെ സഹോദരിയും സഹോദരന്മാരും ഉൾപ്പെടെയുള്ള കുടുംബം അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചെറുപ്പക്കാർക്ക് ആശ്രയവും ആശ്വാസവുമായിരുന്നു. മനോഹരമായി കഥകളും കവിതകളും എഴുതിയിരുന്നെങ്കിലും കൂടുതൽ ശ്രദ്ധ നൽകിയത് ലോഹങ്ങൾ ഉപയോഗിച്ചുള്ള ശില്പ നിർമ്മാണത്തിലും ഡോക്യുമെന്ററികളുടെ സംവിധാനത്തിലുമായിരുന്നു. അത്യന്തം ആത്മാർപ്പണത്തോടെയുള്ള പ്രിൻസിന്റെ പ്രാർത്ഥനകൾ ചുറ്റുമുള്ളവരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. അത്രയും വിശ്വാസത്തോടെയും സ്നേഹാധിക്യത്തോടെയുമായിരുന്നു അവൻ എല്ലാറ്റിനെയും സമീപിച്ചിരുന്നത്. 

അതിവിപുലമായ സൗഹൃദബന്ധങ്ങളുടെ ഉടമയായിരുന്ന പ്രിൻസ്, തൃശൂരിന്റെ വിഖ്യാതമായ പുലിക്കളിയുടെ ശരീരചിത്രകലയെ കുറിച്ച് ആഴത്തിൽ പഠനം നടത്തിയിരുന്നു. ഫോക്‌ലോറില്‍ പ്രഗത്ഭനായ ഡോ ചുമ്മാർ ചൂണ്ടലിന് പോലും പുലിവരയെക്കുറിച്ച് മാർഗദർശനം നൽകാൻ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്ന പ്രിൻസിന് കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടീഷുകാർ സ്ഥാപിച്ച തൃശൂരിലെ ബാനർജി മെമ്മോറിയൽ ക്ലബ്ബിൽ ഒരിക്കലും ഒരു പ്രമുഖന്റെയും മൃതദേഹം ഇതുവരെ പൊതുദർശനത്തിന് വച്ചിട്ടില്ല. എന്നാൽ പ്രിൻസിന്റെ ഭൗതികശരീരം ക്ലബിൽ പൊതുദർശനത്തിന് വച്ചതിലൂടെ സാംസ്കാരിക തലസ്ഥാനത്തിന് അവനോടുള്ള ആദരവാണ് വ്യക്തമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.