21 November 2024, Thursday
KSFE Galaxy Chits Banner 2

പുൽവാമ ഭീകരാക്രമണം കേന്ദ്രത്തിന്റെ വൻവീഴ്ചയുടെ ഫലം

Janayugom Webdesk
April 17, 2023 4:43 am

(ബിജെപി ദേശീയ വൈസ് പ്രസിഡന്റും ജമ്മു കശ്മീർ ഗവർണറുമായി
രുന്ന സത്യപാൽ മാലിക് ദ വയറിന് നല്കിയ അഭിമുഖത്തിലെ
പ്രസക്തഭാഗങ്ങൾ)

അഴിമതിയെ പ്രധാനമന്ത്രി ഒട്ടും വെറുക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കശ്മീരിനെക്കുറിച്ച് വ്യക്തമായ വിവരമോ അറിവുകളോ ഇല്ലെന്ന് വിവിധ സംസ്ഥാനങ്ങളിൽ ഗവർണറും ബിജെപി നേതാവുമായിരുന്ന സത്യപാൽമാലിക്. 2019 ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണം നടക്കുകയും ആ വർഷം ഓഗസ്റ്റിൽ കേന്ദ്രസർക്കാർ ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കി, ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തു കളഞ്ഞ തീരുമാനം കൈക്കൊള്ളുകയും ചെയ്ത ഘട്ടത്തിൽ ജമ്മു കശ്മീർ ഗവർണർ ആയിരുന്നു മാലിക്. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സൈനികർക്ക് നേരെ ഉണ്ടായ വിനാശകരമായ ഭീകരാക്രമണത്തിലേക്ക് നയിച്ചത്, കേന്ദ്ര രഹസ്യാന്വേഷണ സംവിധാനത്തിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും കഴിവില്ലായ്മയുടെയും ഗുരുതരമായ അശ്രദ്ധയുടെയും ഫലമായിരുന്നു എന്ന് മാലിക്ക് പറയുന്നു. അന്ന് രാജ്നാഥ് സിങ് ആയിരുന്നു ആഭ്യന്തര മന്ത്രി. സിആർപിഎഫ്, തങ്ങളുടെ ജവാന്മാരെ കൊണ്ടുപോകുന്നതിന് വിമാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അത് നിരസിക്കുകയായിരുന്നു.

സൈനികരെ കൊണ്ടുപോകുന്ന പാതയുടെ സുരക്ഷ ക്രമീകരിക്കുന്ന പ്രക്രിയയും ഫലപ്രദമായി നടന്നില്ല. പുൽവാമ ആക്രമണത്തിന് തൊട്ടുപിന്നാലെ മോഡി തന്നെ വിളിച്ചപ്പോൾ ഈ വീഴ്ചകളെല്ലാം നേരിട്ട് അറിയിച്ചിരുന്നു. ഇക്കാര്യം മറ്റാരോടും പറയരുതെന്നും മിണ്ടാതിരിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രി തന്നോട് പറഞ്ഞത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് പറഞ്ഞത്, ഇതിനെക്കുറിച്ച് മറ്റാരോടും സംസാരിക്കരുത് എന്നായിരുന്നു. പാകിസ്ഥാനുമേൽ കുറ്റം ചുമത്തി സർക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ ഉദ്ദേശ്യം എന്ന് താൻ പെട്ടെന്ന് തന്നെ മനസിലാക്കി. 300 കിലോഗ്രാം ആർഡിഎക്സ് — മാരകശേഷിയുള്ള സ്ഫോടക വസ്തുക്കളുമായി കാർ വന്നത് പാകിസ്ഥാനിൽ നിന്നാണ്. ആരുമറിയാതെ ജമ്മു കശ്മീരിലെ റോഡുകളിലും ഗ്രാമങ്ങളിലും 10–15 ദിവസത്തോളം ഈ കാറിനു സഞ്ചരിക്കാനും ചുറ്റിക്കറങ്ങാനും സാധിച്ചത് ഇന്റലിജൻസിന് സംഭവിച്ച ഗുരുതരമായ പരാജയമാണ് വ്യക്തമാക്കുന്നത്. 87 അംഗ നിയമസഭയിൽ 56 പേരുടെ ഭൂരിപക്ഷം അവകാശപ്പെട്ടിട്ടും പുതിയ സർക്കാർ രൂപീകരിക്കാൻ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും 2018 നവംബറിൽ നിയമസഭ പിരിച്ചുവിടാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നും മാലിക് വിശദീകരിക്കുന്നു. അതു സംബന്ധിച്ച് മെഹബൂബാ മുഫ്തി കള്ളം പറയുകയാണെന്നാണ് മാലിക്കിന്റെ നിലപാട്. അതേസമയം പിന്തുണയ്ക്കുന്നു എന്ന് മെഹബൂബ അവകാശപ്പെട്ട നാഷണൽ കോൺഫ്രൻസിലെ അംഗങ്ങൾ തന്നെ സമീപിച്ച് കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്നും നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടെന്നും മാലിക്ക് പറയുന്നു.

കശ്മീർ ഗവർണർ ആയിരുന്നപ്പോൾ ഒരു വൻകിട ജലവൈദ്യുത പദ്ധതിക്കും റിലയൻസിന്റെ ഇൻഷുറൻസ് പദ്ധതിക്കും അനുമതി നൽകുന്നതിനായി ബിജെപി — ആർഎസ്എസ് നേതാവ് രാം മാധവ് തന്നെ സമീപിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയ മാലിക് അതിന്റെ വിശദാംശങ്ങൾ നൽകുന്നു. ആവശ്യപ്പെട്ടപ്പോൾ അത് ചെയ്യുന്നതിന് വിസമ്മതിച്ചു, തെറ്റായ ഒരു കാര്യവും ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇതേ തുടർന്ന് ഒരു ദിവസം രാവിലെ ഏഴുമണിക്ക് രാം മാധവ് തന്നെ കാണാൻ വന്നു. അപ്പോഴും ഇതേ നിലപാട് തന്നെയാണ് താൻ സ്വീകരിച്ചത്. ഈ രണ്ട് പദ്ധതികളും പൂർത്തിയാക്കിയാൽ തനിക്ക് 300 കോടി രൂപയെങ്കിലും ലഭിക്കുമായിരുന്നു എന്ന് ചില ആളുകൾ പറഞ്ഞിരുന്നതായി മാലിക്ക് വെളിപ്പെടുത്തുന്നു. മോഡിക്ക് കശ്മീരിനെക്കുറിച്ച് അറിവോ വിവരമോയില്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞത് ഒരു തെറ്റായിരുന്നുവെന്നും അത് ഉടൻ പുനഃസ്ഥാപിക്കണമെന്നും മാലിക് ആവശ്യപ്പെട്ടു.
മോഡിയെക്കുറിച്ച് സംസാരിക്കുന്ന ഘട്ടത്തിൽ അഴിമതിയെ പ്രധാനമന്ത്രി ഒട്ടും വെറുക്കുന്നില്ലെന്ന് മാലിക്ക് പറഞ്ഞു. 2020 ഓഗസ്റ്റിൽ ഗോവ ഗവർണർ സ്ഥാനത്തുനിന്ന് തന്നെ നീക്കി മേഘാലയയിലേക്ക് അയച്ചത് അഴിമതിയുടെ നിരവധി സംഭവങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് ശേഷമായിരുന്നു. അത് കൈകാര്യം ചെയ്യുന്നതിന് പകരം അവഗണിക്കുകയും തന്നെ നീക്കുക എന്ന നിലപാടെടുക്കുകയുമാണ് സർക്കാർ ചെയ്തത്. പ്രധാനമന്ത്രിയുടെ ചുറ്റുമുള്ള ആളുകൾ അഴിമതിയിൽ ഏർപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ പേര് അതിനായി ഉപയോഗിക്കുന്നുണ്ടെന്നും മാലിക്ക് ആരോപിച്ചു. ഇത്തരം വിഷയങ്ങളെല്ലാം മോഡിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രി അത് കാര്യമാക്കിയില്ല. പ്രധാനമന്ത്രി അഴിമതിയെ വെറുക്കുന്നില്ലെന്ന് വ്യക്തമായി പറയാൻ കഴിയും എന്നും മാലിക്ക് സൂചിപ്പിച്ചു. ഇപ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തുന്ന എല്ലാ സന്ദര്‍ശനവും വാസ്തവത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് പരിശോധിച്ചതിനു ശേഷമാണ് നടക്കുന്നത്. താൻ ഗവർണർ ആയിരിക്കുമ്പോൾ രാഷ്ട്രപതിയെ സന്ദര്‍ശിക്കാനുള്ള അനുമതി അവസാന നിമിഷം റദ്ദാക്കി. താൻ രാഷ്ട്രപതിയെ കാണുന്നതിന് പോയിക്കൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു റദ്ദാക്കലുണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ബിബിസി ഡോക്യുമെന്ററി വിഷയം പ്രധാനമന്ത്രി നരേന്ദ്രമോഡി കൈകാര്യം ചെയ്ത രീതി വലിയ അബദ്ധമായി പോയെന്ന് പറഞ്ഞ മാലിക് പ്രധാനമന്ത്രിയുടെയും പല കേന്ദ്രമന്ത്രിമാരുടെയും മുസ്ലിങ്ങളോടുള്ള പെരുമാറ്റത്തെ നിശിതമായി വിമർശിച്ചു. അഡാനിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കുംഭകോണ വിവരങ്ങൾ പ്രധാനമന്ത്രിക്ക് പോറൽ ഏല്പിച്ചിട്ടുണ്ട് എന്നും ഈ കാര്യങ്ങൾ ഗ്രാമതലങ്ങളിൽ വരെ എത്തിയിട്ടുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സാരമായ തിരിച്ചടി ഉണ്ടാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് പ്രതിപക്ഷത്തിന് ബിജെപിക്കെതിരെ ഒറ്റ സ്ഥാനാർത്ഥിയെ നിർത്തുന്നതിന് സാധിച്ചാൽ.
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് പാർലമെന്റിൽ സംസാരിക്കാൻ അനുമതി നിഷേധിച്ചത് തെറ്റായിരുന്നു. ശരിയായ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചതെന്നും പ്രധാനമന്ത്രിക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാംകിട ആളുകളെയാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഗവർണർമാരായി നിയമിക്കുന്നതെന്ന് മാലിക് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളിലും താൻ ഉറച്ചുനിൽക്കുമെന്നും പ്രത്യാഘാതങ്ങളെക്കുറിച്ച് ആകുലപ്പെടുകയോ ഭയപ്പെടുകയോ ചെയ്യുന്നില്ലെന്നും ഉറപ്പിച്ച് പറഞ്ഞുകൊണ്ടാണ് മാലിക് അഭിമുഖം അവസാനിപ്പിക്കുന്നത്. തനിക്ക് കുറഞ്ഞ സുരക്ഷാസംവിധാനങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. ഔദ്യോഗിക സുരക്ഷാസമിതി ശുപാർശ ചെയ്തതിനെക്കാൾ കുറവ് സംവിധാനങ്ങൾ മാത്രമേ തന്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ അതൊന്നും ആശങ്കപ്പെടുത്തുന്നില്ലെന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു അദ്ദേഹം.

(കടപ്പാട്: ദ വയർ)

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.