11 December 2025, Thursday

Related news

November 29, 2025
July 29, 2025
July 13, 2025
June 11, 2025
April 19, 2025
April 6, 2025
April 2, 2025
March 21, 2025
March 16, 2025
February 22, 2025

സഹകരണ ബാങ്കിങ് മേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ചു

സ്വന്തം ലേഖിക
തിരുവനന്തപുരം
January 3, 2024 7:15 pm

സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനം. സഹകരണ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണയം സംബന്ധിച്ച ഉന്നതതലയോഗത്തിന്റെതാണ് തീരുമാനം. ദേശസാൽകൃതബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും സഹകരണബാങ്കുകളിലെ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്.

പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർധനവുണ്ടായിരിക്കുന്നത്. ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0. 50 ശതമാനവും ഒരു വർഷത്തിന് മുകളിലുള്ളവയ്ക്ക് 0.75 ശതമാനവുമാണ് വർധനവ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനു മുൻപ് പലിശനിരക്കിൽ മാറ്റം വരുത്തിയത്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.

കറണ്ട് അക്കൗണ്ടുകൾക്കും സേവിങ്സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ വർധനവ് വരുത്തിയിട്ടുണ്ട്. 15 ദിവസം മുതൽ 45 ദിവസം വരെ ആറ് ശതമാനം, 46 ദിവസം മുതൽ 90 ദിവസം വരെ 6.50ശതമാനം, 91 ദിവസം മുതൽ 179 ദിവസം വരെ 7.50 ശതമാനം, 180 ദിവസം മുതൽ 364 ദിവസം വരെ 7.75 ശതമാനം, ഒരു വർഷം മുതൽ രണ്ടു വർഷം വരെ ഒമ്പത് ശതമാനം, രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 8.75 ശതമാനം എന്നതാണ് പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്.

15 ദിവസം മുതൽ 45 ദിവസം വരെ 5.50 ശതമാനം, 46 ദിവസം മുതൽ 90 ദിവസം വരെ ആറ് ശതമാനം, 91 ദിവസം മുതൽ 179 ദിവസം വരെ 6.75 ശതമാനം, 180 ദിവസം മുതൽ 364 ദിവസം വരെ 7.25 ശതമാനം, ഒരു വർഷം മുതൽ രണ്ടു വർഷം വരെ എട്ട് ശതമാനം, രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.75 ശതമാനം എന്നതാണ് കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്.

സഹകരണനിക്ഷേപസമാഹരണത്തിലൂടെ 9,000 കോടിരൂപയുടെ നിക്ഷേപം സമാഹരിക്കും

തിരുവനന്തപുരം: സഹകരണവായ്പമേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക, ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന കാമ്പയിനുമായി സഹകരണ നിക്ഷേപ സമാഹരണത്തിന് 10 ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം 10 ന് രാവിലെ 11 മണിക്ക് ജവഹർ സഹകരണ ഭവനിൽ സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിർവഹിക്കും. ഫെബ്രുവരി 10 വരെ 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സഹകരണനിക്ഷേപം കേരളവികസനത്തിന് എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന 44-ാമത് നിക്ഷേപസമാഹരണ യജ്ഞം സഹകരണ മേഖലയുടെ സ്വാധീനം കൂടുതൽ ശക്തിപ്പെടുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7250 കോടി, കേരള ബാങ്ക് വഴി 1,750 കോടി, സംസ്ഥാന സഹകരണ കാർഷികവികസന ബാങ്കിലൂടെ 150 കോടിയാണ് ലക്ഷ്യം.

ഓരോ ജില്ലയും സമാഹരിക്കേണ്ട നിക്ഷേപലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറത്തുനിന്നാണ് കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നത്. 900 കോടി രൂപ. 800 കോടി നിശ്ചയിച്ച കോഴിക്കോടാണ് രണ്ടാമത്. സഹകരണ മേഖലയിലെ നിക്ഷേപം വർധിക്കുക, യുവതലമുറയെ സഹകരണ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുക എന്നിവയും യജ്ഞത്തിന്റെ ലക്ഷ്യമാണ്. ഒരു വീട്ടിൽ ഒരു സഹകരണ ബാങ്ക് അക്കൗണ്ടെന്ന പ്രഖ്യാപിത ലക്ഷ്യവും സാധ്യമാക്കമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിക്ഷേപങ്ങൾക്ക് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള പരമാവധി പലിശ നൽകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ നവംബർ ഒന്നിന് ആരംഭിച്ച’നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ 2023’ രണ്ടാംഘട്ട ക്യാമ്പയിൻ 31 വരെ തുടരും. ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശിക ഈ മാസം കൂടി അടച്ചുതീർക്കാം.

Eng­lish Sum­ma­ry: The rate of inter­est on deposits has been increased in the coop­er­a­tive bank­ing sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.