
ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താന്‍ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയില്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണിക്കാതെ അറസ്റ്റിനുള്ള രേഖാമൂലമുള്ള കാരണങ്ങള്‍ കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശം. പൊലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും നിര്‍ദേശം ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരങ്ങിയ ബെഞ്ച് വ്യക്തമാക്കി. പിഎംഎല്‍എ, യുഎപിഎ പോലുള്ള പ്രത്യേക നിയമങ്ങള്‍ പ്രകാരം ഉണ്ടാകുന്ന കേസുകള്‍ക്ക് മാത്രമല്ല, ഐപിസി/ബിഎന്‍എസ് പ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും അറസ്റ്റിന്റെ കാരണം രേഖാമൂലം നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
2024 ല്‍ മുംബൈയില്‍ നടന്ന വോര്‍ളി ബിഎംഡബ്ല്യു അപകടവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നീരീക്ഷണം. അറസ്റ്റിനുള്ള കാരണം രേഖാമൂലം അറിയിച്ചില്ലെന്നും റിമാന്‍ഡിനായി മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഇക്കാര്യം അറിയിക്കണമെന്നാണ് നിയമം പറയുന്നതെന്നും പ്രതിയാക്കപ്പെട്ടയാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടെന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ബോംബെ ഹൈക്കോടതി അംഗീകരിച്ചെങ്കിലും അറസ്റ്റ് ശരിവെച്ചിരുന്നു. തുടര്‍ന്ന് പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു എന്നത് തിരിച്ചറിയേണ്ടത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം പൗരാവകാശമാണ്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി. രേഖാമൂലമുള്ള കാരണങ്ങള്‍ ഉടനടി നല്‍കാന്‍ കഴിയാത്ത ചില അസാധാരണ സാഹചര്യങ്ങളില്‍, എന്തിനാണ് നടപടിയെന്ന് കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞ് മനസിലാക്കണം.
അത്തരം കേസുകളില്‍ പോലും രേഖാമൂലമുള്ള വിശദീകരണം വൈകരുത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും കാരണം പ്രതിക്ക് രേഖാമൂലം വിശദീകരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഒരാളെ അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങള്‍ എത്രയും വേഗം അറിയിച്ചില്ലെങ്കില്‍ അത് അയാളുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകും. അതുവഴി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള പൗരന്റെ ജീവിക്കാനുള്ള അവകാശത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും മേലുള്ള ഇടപെടലായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളില്‍ അറസ്റ്റ് നിയമവിരുദ്ധമാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.