വഴിക്കടവ് വനത്തിൽ കൊമ്പുകൾ മോഷ്ടിക്കപ്പെട്ട നിലയിൽ കാട്ടാനയുടെ ജീർണിച്ച ജഡാവശിഷ്ടങ്ങൾ കണ്ടെത്തി. നെല്ലിക്കുത്ത് ക്യാമ്പ് ഷെഡിന്റെ കിഴിൽ വരുന്ന ഞാറപ്പൊട്ടി വനത്തിലാണ് മൂന്ന് മാസത്തോളം പഴക്കമുള്ള കൊമ്പനാനയുടെ ജഢാവശിഷ്ടങ്ങൾ കണ്ടെത്തിയത്. രണ്ട് കൊമ്പുകളും ഊരിയെടുത്ത നിലയിലായിരുന്നു അവശിഷ്ടങ്ങൾ. എല്ലുകളും തോലും മാത്രമാണ് അവശേഷിച്ചിരുന്നത്. ബീറ്റ് സന്ദർശനത്തിനിറങ്ങിയ നെല്ലിക്കുത്ത് ക്യാമ്പ് ഷെഡിലെ ജീവനക്കാരാണ് പത്ത് മണിയോടെ അവശിഷ്ടങ്ങൾ കണ്ടത്.
തുടർന്ന് വഴിക്കടവ് റെയ്ഞ്ച് ഓഫീസർ ഷെരീഫ് പനോലന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തി.
നിലമ്പൂർ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ശ്യാമിന്റെ നേതൃത്വത്തിൽ പോസ്റ്റ് മാർട്ടം നടത്തിയ ശേഷം അവശിഷ്ടങ്ങൾ കത്തിച്ചു.
20 വയസ് പ്രായം വരുന്ന ആനയാണ് ചരിഞ്ഞത്. സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ് മാർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചത്.
ജനവാസ കേന്ദ്രത്തിന് അഞ്ഞൂറ് മീറ്റർ അടുത്തായാണ് ആനയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പൂവത്തിപ്പൊയിൽ ഡീസന്റ്കുന്ന് കഴിഞ്ഞ് അത്തിത്തോട് വരെ ആൾത്താമസമുണ്ട്. ഇതിനടുത്തായി ഞാറപ്പൊട്ടി വനത്തിലെ ഒരു കുളത്തിനടുത്തായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജഢം അഴുകിയ ഗന്ധം പോലും ആരും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. കാട്ടാനകളുടെയും കടുവയുടെയും നിരന്തര സാന്നിധ്യമുള്ളതിനാൽ ഈ വനഭാഗത്തേക്ക് വിറക് ശേഖരിക്കാൻ പോലും ആരും കടക്കാറില്ല. ആനയു കൊമ്പുകൾ മോഷണം പോയത് സംബന്ധിച്ച് വനം ഉദ്യോഗസ്ഥർ ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.