18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024
August 2, 2024
July 22, 2024

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമർശങ്ങള്‍ നീക്കി

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2024 11:43 pm

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കി. ഹിന്ദുക്കള്‍, അഗ്നിവീര്‍, ബിജെപി, ആര്‍എസ്എസ് തുടങ്ങിയ പരാമര്‍ശങ്ങളുള്ള ഭാഗങ്ങളാണ് സ്പീക്കറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നീക്കിയത്.
ഹിന്ദുക്കളായ ചിലര്‍ ഹിംസയിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിക്കാണിച്ച് രാഹുലിന്റെ പരാമര്‍ശം. രാഹുലിന്റെ ഹിന്ദു പരാമർശത്തിനെതിരെ ഭരണപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. രാഹുലിന്റെ പരാമര്‍ശം ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരാമര്‍ശം രേഖകളില്‍നിന്ന് നീക്കിയത്.

ബിജെപി, ആര്‍എസ്എസ് സംഘടനകള്‍ക്കെതിരെയുള്ള രാഹുലിന്റെ ചില പരാമര്‍ശങ്ങളും രേഖകളില്‍നിന്ന് നീക്കി. അംബാനിക്കും, അഡാനിക്കുമെതിരായ പരാമര്‍ശം, അഗ്നിവീര്‍ പദ്ധതി സൈന്യത്തിന്റേതല്ല മറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റേതാണ് തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നു. രാഹുലിന്റെ പരാമര്‍ശത്തെ അപലപിച്ച് ബിജെപി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ബിജെപിക്കെതിരെ കോണ്‍ഗ്രസും മാധ്യമങ്ങളെ കണ്ടു.

അതേസമയം സഭാരേഖകളില്‍ നിന്ന് തന്റെ പരാമര്‍ശങ്ങള്‍ നീക്കിയതില്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചു. നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും നീക്കിയ പരാമര്‍ശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും രാഹുല്‍ പറഞ്ഞു. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിനെതിരാണെന്നും വസ്തുതകളാണ് സഭയില്‍ അവതരിപ്പിച്ചതെന്നും രാഹുല്‍ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
സഭാ നടപടികളില്‍ നിന്ന് ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ നിബന്ധനകള്‍ ചില വാക്കുകള്‍ക്ക് മാത്രമാണെന്നത് ചട്ടം 380 ല്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി എംപി ബാംസുരി സ്വരാജ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. രാഹുല്‍ ഗാന്ധി ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ചട്ടം 115 പ്രകാരമാണ് ബാംസുരി നോട്ടീസ് നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: The remarks in Rahul Gand­hi’s speech have been removed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.