
നെല്ല് സംഭരണത്തിന് സഹകരണ — കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ചുള്ള ദ്വിതല സംഭരണ മാതൃക നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പിആർഎസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി, സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കർഷകന് നൽകും. ജില്ലാ/താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘം രൂപീകരിക്കും. സഹകരണ സംഘങ്ങൾ വഴി അതത് പ്രദേശങ്ങളിലെ നെല്ല് സംഭരിക്കും. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകയ്ക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്കരണം നടത്തും. നിശ്ചയിച്ച ഔട്ട്-ടേൺ റേഷ്യോ പ്രകാരം സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. നിലവിൽ സ്വകാര്യ മില്ലുകൾക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസിങ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസി സപ്ലൈകോ ആയിരിക്കും.
മിച്ച ഫണ്ടിന്റെ അപര്യാപ്തത മൂലം നെല്ല് സംഭരണത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത സഹകരണ സംഘങ്ങൾക്കായി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പാ പദ്ധതി രൂപീകരിക്കും. നോഡൽ സഹകരണ സംഘങ്ങൾക്ക് ആവശ്യമായി വരുന്ന പ്രവർത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നൽകും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണം, കൃഷി വകുപ്പുകള്‍, പാടശേഖരസമിതികൾ, നെല്ല് കർഷക പ്രതിനിധി, കേരള ബാങ്ക്, നോഡൽ സഹകരണ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കും. നെല്ല് സംഭരണം, തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റൽ പോർട്ടൽ സംവിധാനം ഏർപ്പെടുത്തും.
നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിലൂടെ ഉല്പന്നം നശിക്കുന്നില്ല എന്ന് ഉറപ്പാക്കും. ഭാവിയിൽ, സഹകരണ ബ്രാന്‍ഡിങ്ങിലൂടെ വിലസ്ഥിരതയും മൂല്യവർധനവും ഉറപ്പാക്കാനാകും. സംഭരണത്തിനുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടും. കേരളത്തിന്റെ സ്വന്തം അരി ‘കേരള റൈസ്’ പുറത്തിറക്കാനുള്ള സാധ്യത കൂടി ആണ് ഈ മാതൃക മുന്നോട്ടുവയ്ക്കുന്നത്. യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, ജി ആർ അനിൽ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.